രചന : സെഹ്റാൻ✍️

മണ്ണിനെ ചുംബിച്ച്, മരിച്ചുകിടക്കുന്ന
കരിയിലകളുടെ കാഴ്ചയാണ്പതിവ്.
ഞാനപ്പോൾ റോഡിലെ വാഹനങ്ങളിലേക്ക് ശ്രദ്ധ തിരിക്കും.
വേഗത്തിൽ ഓടിവരുന്നൊരു വാഹനമെന്നെ ഇടിച്ചു
കൊലപ്പെടുത്തുന്നതായി
വെറുതെ സങ്കൽപ്പിക്കും.
ചിതറിയ രക്തത്തുള്ളികളെ
ചേർത്തുവെച്ച് ഒരു
ജിഗ്സോ പസിൽ മെനയും.
റോഡരികിലൂടെ ശ്രദ്ധാപൂർവ്വം
സാവധാനത്തിൽ
സ്കൂളിലേക്ക് പോകുന്ന
ഒരു കൊച്ചുബാലിക
അവളുടെ പൂമൊട്ടുപോലുള്ള
മുഖമുയർത്തിയെന്നെ നോക്കും.
പൂ വിടർന്ന പോലെ ചിരിക്കും.
ഒരു മന്ദഹാസമവൾക്ക് മടക്കിനൽകി
കരിയിലകളെയും, വാഹനങ്ങളെയും
പിന്നിട്ട് അലക്ഷ്യം നടന്നുനീങ്ങും.
മഴ പെയ്യാഞ്ഞത് നന്നായി
എന്നു വെറുതെ ചിന്തിക്കും.
രാത്രികളിൽ ഉറങ്ങുകയാണെന്ന് സ്വയം കരുതും.
എന്നാൽ ഉണർവ്വിലായിരിക്കും.
ഉണർവിലും കാണുന്ന സ്വപ്നത്തിലായിരിക്കും.
സ്നേഹത്തിന്റെ, ദയാവായ്പ്പിന്റെ,
നൻമയുടെ, കാരുണ്യത്തിന്റെ
കതിരുകൾ വിളഞ്ഞുനിൽക്കുന്ന
പച്ചച്ച വയലേലകളുടെ സ്വപ്നമായിരിക്കുമത്.
🔵

സെഹ്റാൻ

By ivayana