മണ്‍ചിരാതുകള്‍ കത്തിച്ചു ഞാനെന്‍
മണ്‍കുടിലിന്‍റെയുള്ളിലായിപ്പൊഴും
മണ്‍മറഞ്ഞൊരു കാലത്തെയോര്‍ത്ത്
നിര്‍ന്നിമേഷനായ് മൂകമായ് നില്‍പ്പു.

മണ്‍മറഞ്ഞവര്‍ എന്‍റെ പിതാമഹര്‍
കണ്‍നിറഞ്ഞു വയറൊട്ടിനിന്നവര്‍
വെണ്‍മയോലുന്ന സംസ്കാരസഞ്ചയം
വെണ്‍നിലാവായ് തന്നിട്ടുപോയവര്‍

അഴകൊഴുകുന്നോരെന്‍ പുഷ്പവാടികള്‍
അഴലുമാത്രമാണിന്നതിന്‍സൗഭഗം
കഴുകു്, കാകനും പാറുന്നു വാനിലായ്
കഴുമരങ്ങളും നില്‍ക്കുന്നു ചുറ്റിലും

കലികപോലുള്ള പിഞ്ചിളംപൂവൂടല്‍
കൊത്തിയാര്‍ക്കുന്നു കാലന്‍, കഴുകുകള്‍
കണികയോളവും ഇല്ലില്ല സ്നേഹവും
കരുണവറ്റാത്ത കരളിന്‍കുളിര്‍മ്മയും

കണ്ണു ചിമ്മാതെ കാക്കേണ്ടൊരുണ്ണിതന്‍
കണ്ഠനാളമറുക്കുന്നൊരമ്മയും
ശരണമില്ലാതലയുന്ന വൃദ്ധരും
ഇന്നു മണ്ണിന്‍റെ തീരാത്ത ശാപമായ്

കണ്ടകാഴ്ചകള്‍ ,ആര്‍ത്തനാദങ്ങളും
കണ്ടറിഞ്ഞു ഞാന്‍ ആര്‍ത്തനായ് തീരവേ
എന്‍റെയുള്ളിലെ മണ്‍കുടില്‍ തന്നിലായ്
എന്‍റെതൂലിക നിശ്ചലം നിന്നുപോയ്

കാലപ്രമാണങ്ങള്‍ കാറ്റില്‍പ്പറത്തുവാന്‍
കാലമാപിനിക്കാകില്ലൊരിക്കലും
കാലചക്രങ്ങള്‍ മുന്നോട്ടു പിന്നെയും
കാലിടറാതെ പോയിടും നിര്‍ണ്ണയം

By ivayana