മരിക്കാൻ പറഞ്ഞാലും
മറക്കാൻ പറയരുതേ
മറക്കണമെങ്കിൽ ഞാൻ
മരിക്കണമെന്നത്
മറന്നു പോയീടല്ലേ

അകലെയാണെങ്കിലും
അരികിൽ നീയുണ്ടെന്ന
അമൃതും നുണഞ്ഞേയിരിപ്പൂ ഞാൻ..
ആശ മറ്റൊന്നില്ല,
നിന്നെ ഞാനൊരു നോക്ക്
കാണണമെന്നതല്ലാതെ !

ആദ്യമായന്നു നീ
എൻപാട്ടു കേട്ടു, ഞാൻ
നിന്റേതു മാത്രമെന്നോതിയില്ലേ?
എന്നിലേക്കാത്മാനുരാഗമൊഴുക്കിയില്ലേ?

കവിത വിടരുന്ന നിൻ
കരളിൽ ഞാൻ മറ്റൊരു
കവിതയായ് പൂത്തുവല്ലോ
ഒരു പ്രണയകവിതയായ് പൂത്തുവല്ലോ

മിഴിനനഞ്ഞൊഴുമ്പോൾ
പിടയും മനസ്സിനെ
തഴുതിട്ടു ഞാനിരിക്കുന്ന രാവിൽ
അറിയാതെ തഴുകുന്ന
തെന്നലായ് നീയെൻ്റെ
അകതാരിലോടി വന്നില്ലേ?

നിദ്രയെ പുണരാതെനിക്കായി ഹൃത്തടം
നീയെത്ര രാവുകൾനീട്ടി !
മറക്കുന്നതെങ്ങനെ മരണമെത്തും വരെ
മനസ്സിനെത്തഴുകും നിലാവേ.,

പിരിയുന്നതെങ്ങനെ നാമിനി, നമ്മുടെ
പ്രണയം മരിക്കുകില്ലല്ലോ
പിരിയുന്നതെങ്ങിനെ നാമിനി ,നമ്മളെ
മരണം കവർന്നുപോയാലും!

ബിന്ദു വിജയൻ കടവല്ലൂർ.

By ivayana