മാഹിനെ നീ എന്തിനാണ് ഇങ്ങനെ എപ്പോളും യാത്ര ചെയ്യുന്നത്..?! എന്നത് ഞാൻ ഒത്തിരി പ്രാവിശ്യം കേട്ട വളരെ പ്രസക്തമായ ചോദ്യമാണ്.


നമ്മൾ ഓരോരുത്തരും ഏതെങ്കിലും ഒരു സ്ഥലത്ത് ജനിച്ച്, അവിടെ ജീവിച്ച് അവിടെ തന്നെ മരിക്കാം , അല്ലേൽ പൂവണിയാത്ത സ്വപ്നങ്ങൾക്ക് പകരം മധുരിക്കുന്ന ഓർമകളുടെ ഭാണ്ഡക്കെട്ടുമായി ഈ ലോകത്തോട് വിടപറയാം എന്ന് വിചാരിക്കുന്ന സാധുക്കളാണ് എന്നോട് ഈ ചോദ്യം ചോദിച്ചവരിൽ അധികവും… നിങ്ങൾ എപ്പോളെങ്കിലും തിരക്കുപിടിച്ച കലുഷിതമായ ഈ ജീവിതത്തിനിടയിൽ ഒറ്റയ്ക്കൊരു യാത്ര പൊയിട്ടുണ്ടൊ..? ആദിവാസി ഊരുകളോടും , വനങ്ങളോടും ചേർന്ന് രാപാർത്തിട്ടുണ്ടോ..! മലനിരകളോട് ചേർന്ന അരുവികളോട് അഭിമുഖമായിയുള്ള ഹോട്ടലുകളിൽ റൂമെടുത്ത് അതിന്റെ ബാൽക്കണിയിൽ മൊബൈലും ഇന്റർനെറ്റും , പത്രവും , ടെലിവിഷനുമില്ലാതെ പ്രകൃതിയിലേക്ക് നോക്കി മണിക്കൂറുകൾ ഇരിന്നിട്ടുണ്ടോ..? ഇല്ലങ്കിൽ ഒന്ന് ചെയ്തു നോക്കണം…അപ്പോൾ അറിയാം മനസിന്റെ ആനന്ദം എത്രത്തോളം എന്ന്. “ലോകം ഒരു പുസ്തകമാണെങ്കിൽ യാത്ര ചെയ്യാത്തവർ ആ പുസ്തകത്തിലെ ഒരു ഒരു പുറം മാത്രമേ വായിക്കുന്നുള്ളൂ” എന്നാണ് സാരം…


പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായിട്ടാണ് നിങ്ങൾ യാത്രയെ തിരഞ്ഞെടുത്തതെങ്കിൽ വലിയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പോംവഴികളാണ് യാത്രകൾ നിങ്ങള്ക്ക് സമ്മാനിക്കുക. യാത്രകളിലാണ് നിങ്ങൾക്ക് മാത്രമായിട്ടുള്ള കഴിവുകളും വൈദഗ്ദ്യങ്ങളും നിങ്ങളുടെ ന്യൂന്യതകളും മറ്റൊരാളെക്കാളും നന്നായി മനസ്സിലാകുക , യാത്രകളിലാണ് നിങ്ങൾ നിങ്ങളെ അടുത്തറിയുകയും തിരിച്ചറിയുകയും ചെയ്യുന്നത്. നിങ്ങളുടെ മനസ്സിനും നിങ്ങളെന്ന വ്യക്തിക്കും നൽകാവുന്ന വലിയൊരു സമ്മാനമാണ് ഏകാന്ത യാത്രകൾ , അത് നിങ്ങളുടെ ആത്മാവിനുള്ള ഇന്ധനമാകുകയും പിന്നീടങ്ങോട്ടുള്ള നിങ്ങളുടെ ജീവിതത്തിനു വെളിച്ചം കാട്ടുകയും ചെയ്യുന്നു.യാത്രകളിൽ മനുഷ്യരും ജീവിതവും സ്ഥലങ്ങളും കെട്ടിടങ്ങളും മാത്രമല്ല വിവിധ സംസ്കാരങ്ങളും ആചാരങ്ങളും അടുത്തറിയുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദര്ശിക്കുമ്പോഴാണ് കേരളത്തിലെ ജീവിത നിലവാരത്തിന്റെ വലിപ്പം മനസ്സിലാകുക. നമ്മുടെ ശരികൾ മറ്റുകൂട്ടരുടെ തെറ്റുകളാണെന്ന് തിരിച്ചറിവുണ്ടാകുന്നത് യാത്രകളിലാണ്…


ഇഴജന്തുക്കളേയും പുഴുവിനെയും പാകം ചെയ്തുകഴിക്കുന്ന തായ്‌ലാൻറ്കാർക്കു ഭക്ഷണം നമ്മൾ കൈകൊണ്ട്കഴിക്കുന്നത് കാണുമ്പൊൾ ഓക്കാനം വരുന്നു. ഇന്ത്യയിലും മറ്റു മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഭക്ഷണത്തളിക വിരലുകൾകൊണ്ട് വൃത്തിയായി തുടച്ചു കഴിക്കുന്നത് ഭക്ഷണം ഇഷ്ടപ്പെട്ടു എന്ന് സൂചിപ്പിക്കുമ്പോൾ ചൈനയിലത് ആതിഥേയനെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. ഇത്തിരിയെങ്കിലും ബാക്കിവെച്ചില്ലേൽ അതിഥിയെ വയറുനിറയും വരെ ഊട്ടിയില്ല എന്നാണവർ അർത്ഥമാക്കുന്നത്. ഈജിപ്തിൽ തീന്മേശയിൽ ഉപ്പും മുളകും ആവശ്യപ്പെടുന്നത് ഭക്ഷണം പാകം ചെയ്തയാളെ മുഖത്തടിക്കുന്നതിനു തുല്യമാണ്. അതിരാവിലെ വെള്ളക്കാരനോട് സുപ്രഭാതം ആശംസിച്ചിട്ടില്ലേൽ അന്ന് മുഴുവൻ അദ്ദേഹം നിങ്ങളോട് പരിഭവത്തിലായിരിയ്ക്കും. അമേരിക്കൻ വൻകരയിൽ ചെരുപ്പിട്ടു വീട്ടിൽ കയറുന്നത് അത്ര മോശപ്പെട്ട സംഗതിയല്ലെങ്കിൽ ഇന്ത്യയിലത് വലിയതെറ്റാണ്.

അറബ് നാടുകളിലാകട്ടെ ഒരു കൂട്ടം ആളുകൾക്കിടയിൽ നമ്മൾ ചെല്ലുമ്പോൾ കൂട്ടത്തിൽ ഉള്ള എല്ലാവര്ക്കും നമ്മൾ കൈകൊടുത്ത് വിശേഷം തിരക്കണം. കൂട്ടത്തിൽ ഒരാൾക്ക് മാത്രം കൈകൊടുക്കുകയും കുശലം പറയുകയും ചെയ്യുന്നത് മറ്റുള്ളവർക്കത്ര സുഖിക്കുന്ന കാര്യമല്ല അതിനി മറ്റുള്ളവരെ നിങ്ങൾ ജീവിതത്തിൽ ആദ്യമായിട്ടു കാണുകയാണെങ്കിൽ പോലും…
യാത്രയിൽ കണ്ടുമുട്ടുന്ന ആണും പെണ്ണും ഭൂരിഭാഗവും നല്ലവണ്ണം തുറന്നു സംസാരിക്കാൻ താല്പര്യമുള്ളവരായിരിക്കും , ആദ്യം ആര് ആരംഭിക്കുക എന്നതുമാത്രമാണ് താമസം.


അനുഭവങ്ങളുടെ അറിവുകളുടെ ആശ്ചര്യങ്ങളുടെ വാതായാനങ്ങൾ ഈ കണ്ടുമുട്ടലുകൾ നിങ്ങള്ക്ക് മുന്നിൽ തുറന്നുവെക്കും, മനസ്സിൽ പുകഞ്ഞു നിൽക്കുന്ന ദുർഗന്ധങ്ങൾ തുറന്നുവെച്ച വാതിലിലൂടെ പുറത്തുകടക്കാൻ ഈ കൂടിച്ചേരലുകൾ സഹായിക്കും , നിങ്ങളുടെ ജീവിതത്തിന്റെ ദിശാബോധത്തിനു , ജീവിത മൂല്യങ്ങൾക്ക് ഈ കണ്ടുമുട്ടലുകൾ കരുത്തേകും.


ഇറങ്ങാനുള്ള സ്റ്റോപ്പ് എത്താനായോ എന്ന് കണ്ടക്ടറോട് ഇടക്കിടെ ആധിയോടെ ചോദിക്കുന്നതും , ഓട്ടോക്കാരനോട് ആദ്യമായി പോകുന്ന സ്ഥലത്തേക്ക് വിലപേശുന്നതും, റെയിൽവേ സ്റ്റേഷനിലെ ഏതുഭാഗത്ത് തീവണ്ടി നിർത്തും എന്ന് ആശങ്കപെട്ട് കാറ്റുപോയ ബലൂണ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും അവസാനം തീവണ്ടി കാൻസൽ ചെയ്തതറിഞ്ഞ് റെയിൽവേയുടെ വിശ്രമമുറിയിൽ കൊതുകുകളോട് പടവെട്ടി ഇരുന്നുറങ്ങുന്നതും, ഒരു ഗ്ലാസുവെള്ളവുമായി ‘കാര്യം’ രണ്ടും സാധിക്കുന്നതും , ഓട്ടോയിലും ബസിലും സ്ത്രീകളും പെൺകുട്ടികളും അടുത്തു വന്നിരിക്കുമ്പോൾ മനസ്സിൽ മിന്നിമറിയുന്ന
നാണവും , ഒരു കുപ്പിവെള്ളവുമായി ഒരുദിനം തള്ളിനീക്കുന്നതും , ഹോസ്റ്റൽ മുറികളിൽ ആണും പെണ്ണും ഒരുവീട്ടിലെപോലെ അന്തിയുറങ്ങുന്നതും പിന്നീടങ്ങോട്ട് മറക്കാൻ ഇഷ്ടപെടാത്ത ഓർമകളാണ്….


“ജീവിതത്തിൽ നിങ്ങളോരു ദരിദ്രനായിരുന്നാലും അനുഭവത്തിൽ നിങ്ങളൊരു ധനികനാകാൻ
യാത്രകൾ നിങ്ങളെ സഹായിക്കും”. നിങ്ങളുടെ അഭിരുചിക്ക് ഒത്തിണങ്ങിയ കൂട്ടുകാരനെയോ , ആദ്യ പ്രണയത്തിലെ കാമുകിയെയോ , ‘നീയില്ലേൽ എൻ ജന്മം പാഴായെനെ’ എന്ന് മനസ്സ് പറയുന്ന നമ്മുടെ പ്രിയതമയുമായോ അതുമല്ലെങ്കിൽ ഒറ്റക്കോ യാത്രപോകുക. ഒറ്റയ്ക്ക് യാത്രപോകുക എന്നതിന് നിങ്ങളെല്ലായിപ്പോഴും ഒറ്റക്കായിരിക്കും എന്നർത്ഥമില്ല. ഒറ്റക്ക് യാത്രചെയ്യുക എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സ്വതന്ത്രമായ ദൃശ്യാവിഷ്‌കാരം ആയിരിക്കും….
എന്റെ അനുഭവത്തിൽ ആവശ്യത്തിൽ അധികം പണമുള്ളവനുമായും, ആവശ്യത്തിലധികം വൃത്തിയുള്ളവരുമായും ,ജീവിതത്തെ ഭീകരമായി കാണുന്ന , നെഗറ്റിവ് ചിന്തകൾ ഉള്ള , ഗോസിപ്പ് മാത്ര പറയുന്ന പ്രശ്നങ്ങളെയും ജീവിതത്തെയും നിസാരമായി കാണാൻ കഴിയാത്തവരുമായി യാത്ര പോകാതിരിക്കുക എന്നതാണ്. യാത്ര പോകുക എന്നതിൽ കവിഞ്ഞ് എങ്ങോട്ടുപോകുക എന്നതിനത്ര പ്രസക്തിയില്ല.

എട്ടാം ക്ലാസിൽ ഒരു ബെഞ്ചിൽ ഒരുമിച്ചിരുന്ന കൂട്ടുകാരനെ കാണനോ, അന്യസംസ്ഥാനത്തെ എൻജിനീറിങ് പഠനത്തിനിടയിലെ വിരസമായ ഹോസ്റ്റൽ ജീവിതത്തിനിടയിൽ ബീറോഴിച്ചുതന്ന ചങ്കിനെ കാണാനോ, ആദ്യമായി നിങ്ങളുടെ ബൈക്കിനുപിറകിൽ ഒരു പെങ്ങളെ പോലെ ചേർന്നിരുന്ന പെൺ -സുഹൃത്തിന്റെ വിവാഹത്തിനോ , അതുമല്ലേൽ ഗൾഫിലെ ബെഡ്‌-സ്‌പേസ് ജീവിതത്തിനിടയിൽ തൻ്റെ കാലിനോട് ചേർന്ന് തലവച്ചുറങ്ങിയ സഹമുറിയന്റെ കുടുംബത്തെ കാണാനോ യാത്രപോകുക. ഇരുചക്രമോ ,ആനവണ്ടിയോ തീവണ്ടിയോ യാത്രക്കായി തിരഞ്ഞെടുക്കുക , ചകിരികൊണ്ടു തേച്ചുരച്ച്‌ വെളുത്തിരിക്കുന്ന ലൂണാറിന്റെ തേയലുകളും ഉജാലകളറുള്ള ബനിയന്റെ ചെറിയ സുഷിരത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പുതുള്ളികളും അന്തസ്സിന്റെ പര്യായമാണെന്ന് മനസ്സിലുറപ്പിക്കുക….


തെക്കേ ഇന്ത്യക്കാരായ നമ്മൾ വടക്കേ ഇന്ത്യ ലക്ഷ്യമാക്കി കൊങ്കൺ പാതയിലൂടെ കുതിച്ചുപായുക. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ് എന്നറിയാൻ ഇന്ത്യക്കു പുറത്ത് താമസിക്കുകയോ ഇന്ത്യയിൽ സഞ്ചരിക്കുന്ന വിദേശികളോട് സംസാരിക്കുകയോ ചെയ്യുക. ‘ഇന്ത്യയേക്കാൾ മികച്ചരീതിയിൽ ലോകത്തൊരു രാജ്യം ഇന്ത്യയല്ലാതെ വേറൊന്നില്ല’ എന്ന സത്യത്തെ ശിരസ്സിലേറ്റുക. ഇന്ത്യയിലെ ഓരോസംസ്‍ഥനവും മറ്റൊരു രാജ്യം സന്ദർശിക്കുന്നതിന് തുല്യമാണ്. ദൽഹിയാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നെങ്കിൽ കഴിഞ്ഞു പോയ വലിയൊരു പ്രതാപത്തിന്റെ ഓർമയിലേക്ക് ഡൽഹി നിങ്ങളെ കൂട്ടികൊണ്ടുപോകും, , ആത്മീയതയുടെ പൂർണത ഉത്തരാഖണ്ഡിൽ പൂത്തുനിൽക്കുന്നു, ഹിമാചലാകട്ടെ മനസ്സിൽ കുളിരുപെയ്യുന്ന നനുത്ത ഓർമകളാണ് എന്നാൽ ബോംബെയാകട്ടെ ചുട്ടുപൊള്ളുന്ന വലിയ ജീവിത യാഥാർത്ഥ്യങ്ങളുടെ പാഠശാലയാണ്, ഓരോ സംസ്ഥാനങ്ങളും ഓരോ നാഗരികതകളുടെ നിഘൂടതകൾ നിങ്ങളിലേക്ക് ആവാഹിച്ചേക്കാം.


യാത്രചെയ്യാൻ ധാരാളം പണം ആവശ്യമാണ് എന്നത് മിഥ്യാധാരണയാണ് പ്രത്യാകിച്ച് ഇന്ത്യയിൽ യാത്രചെയ്യാൻ. കയ്യിൽ ഒരുരൂപയില്ലാതെ ഇന്ത്യമുഴുവൻ യാത്രചെയ്തവരും നിസ്സാരതുകയ്ക്ക് ഏഷ്യൻ രാജ്യങ്ങൾ സഞ്ചരിച്ചവരും നമ്മുടെ കൂട്ടത്തിലുണ്ട്. യാത്ര ആർഭാഡമല്ല മറിച്ച് അറിവും ആവശ്യവുമാണ് എന്ന് മനസ്സിലാക്കുക, അനാവശ്യ ചിലവുകൾ നിയന്ത്രിച്ചും പാർട്ട് ടൈം പണിയെടുത്തും യാത്രകൾക്കുള്ള പണം കണ്ടെത്തുക.
കുടുംബത്തെ പിരിഞ്നിൽകാനുള്ള , ആവശ്യത്തിന് പണമില്ല എന്നുള്ള , ഉത്തരവാദിത്തങ്ങളുടെ പടുകുഴിയിലാണ് ഞാനെന്നുള്ള , യാത്ര സുരക്ഷിതമല്ല എന്നു തുടങ്ങിയ ചിന്തകളാണ് മിക്കവരെയും യാത്രകളിൽനിന്നകറ്റുന്നത് ഇതിൽനിന്ന് മോചനം കിട്ടാനുള്ള ഒരൊറ്റമാർഗം ഒരിക്കലെങ്കിലും യാത്ര ചെയ്യുക എന്നതാണ്.
പഠിക്കുന്ന സമയത്ത് തന്നെ യാത്രചെയ്യാൻ ആരംഭിക്കുക. ചരിത്രം പുസ്തകത്തിൽനിന്നു മാത്രം വായിച്ചറിയാനുള്ളതല്ല. നിങ്ങളുടെ വീട്ടുകാരെ , മക്കളെ , സഹോദരിയെ , സഹധർമ്മിണിയെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുകയും അനുവദിക്കുകയും ചെയുക. ജീവിതത്തിലുടനീളം നിങ്ങൾ പകർന്നു നൽകിയ ജീവിത ഉപദേശങ്ങൾ പ്രാവർത്തികമാക്കാൻ ഇതിനേക്കാൾ മികച്ച ഒരവസരം അവർക്കു കിട്ടാനില്ല.

പോയിവരുമ്പോൾ പോയതിനേക്കാൾ കരുത്തുറ്റവളായിട്ടായിരിക്കും അവൾ തിരിച്ച് വീടണയുക. ചുറ്റുമുള്ള ചതിക്കുഴികളെ കുറിച്ചും അതിൽനിന്നുള്ള സംരക്ഷണത്തെ കുറിച്ചും പിന്നീടവർക്ക് നിങ്ങൾ സ്പെഷ്യൽ ക്‌ളാസെടുക്കേണ്ടിവരില്ല. കൂടപ്പിറപ്പിനേക്കാൾ വലിയ സഹൃദങ്ങളും സ്നേഹബന്ധങ്ങളും യാത്രകൾ അവൾക്ക് സമ്മാനിക്കുകയും ചെയ്തേക്കാം….
ഉത്തരേന്ത്യൻ യാത്രകൾക്കിടയിൽ ഒറ്റക്കും അടുത്ത സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്ന ധാരാളം പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട് ഉന്നത വിദ്യഭ്യാസം കരസ്ഥമാക്കിയവരും , ഉയർന്ന ജോലികളിൽ ഉദ്യോഗം തുടരുന്നവരും ,നല്ല രീതിയിൽ കുടുംബത്തെ പോറ്റുന്നവരും മുപ്പതുവയസ്സിനുള്ളിൽ വിവാഹം കഴിക്കാൻ ഇഷ്ടപെടാത്തവരുമാണവർ. മഥുരയിലെ ഹോളിയാഘോഷത്തിനു ശേഷം എന്നെ റയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ പാതിരാവിൽ അച്ഛന്റെ കാറുമായി വന്ന ആരുഷിയോട് ഞാൻ ഈ സമയത്ത് വന്നത് അച്ഛൻ ഇഷ്ടമാകുമോ എന്ന് ചോദിച്ചു.. ഈ പാതിരാത്രിയിൽ നിന്നെ സുരക്ഷിതമായി എത്തിക്കേണ്ടത് “മറ്റാരേക്കാളും ഞാൻ അല്ലെ” എന്ന മറുപടിയാണ് അവൾ നൽകിയത്. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം ആ ഒറ്റ മറുപടിയിൽ അടങ്ങിയിരുന്നു…


മറ്റെല്ലാത്തിലെ പോലെ യാത്രകളിലും അപകടങ്ങൾ, ചതിക്കുഴികൾ പതിയിരുന്നേക്കാം. പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ച് ചെറിയ പഠനം നടത്തുക , ട്രിപ്പ് അഡ്വൈസർ ,ലോൺലി പ്ലാനറ്റ് ,സഞ്ചാരി തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ആ സ്ഥലത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ നോക്കുക ,അംഗീകൃത യാത്ര മാർഗങ്ങൾ സ്വീകരിക്കുക ,നാട്ടുകാരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക , മതം,രാഷ്ട്രീയം , രാജാധികാരം തുടങ്ങിയ സെൻസിറ്റീവ് ആയ കാര്യങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കുക, കാലാവസ്ഥ പ്രകതിക്ഷോഭങ്ങൾ എന്നിവയെ കുറിച്ച് ധാരണയുണ്ടായിരിക്കുക, ആവശ്യത്തിലധികം വ്യക്തിപരമായ വിവരങ്ങൾ അപരിചതർക്ക് നൽകാതിരിക്കുക , ഇത്തിരി സാമാന്യ ബോധവും ചങ്കൂറ്റവും മുറുകെ പിടിക്കുക എന്നതൊക്കെ യാത്രക്കൊപ്പം കരുതേണ്ട കാര്യങ്ങളാണ്…
യാത്രക്കുശേഷം താൻ കണ്ട നാടിനെ കുറിച്ചും നാട്ടുകാരെ കുറിച്ചും നല്ലതുമാത്രം പറയുക ,മോശം അനുഭവങ്ങൾ ഉണ്ടായെങ്കിൽ നല്ലരീതിയിൽ മറ്റുയാത്രക്കാർക്കായി നേരത്തെ പറഞ്ഞ സമൂഹ മാധ്യമങ്ങളിൽ മാന്യമായി സംവദിക്കുക.
അപ്പൊ എപ്പോഴാണ് അടുത്ത യാത്ര പോകുന്നത് , പോയി വന്നാൽ എന്നോട് പറയാൻ മറക്കരുതേ …
“പണം കൊണ്ട് ഓർമ്മകൾ വിലക്ക് വാങ്ങാൻ കഴിയില്ല” എന്നത് എപ്പോഴും ഓർത്തിരിക്കുക.

By ivayana