മാധവ് കെ വാസുദേവിന്റെ ഏകലവ്യൻ എന്ന കവിതാ സമാഹാരം മുഖപുസ്തകത്തിൽ പരിചയപ്പെടുത്തണമെന്ന ചിന്തയിൽ നിന്നാണ് ഈ വരികൾ പിറക്കുന്നത്. ഡോ. ജോർജ്ജ് ഓണക്കൂറിന്റെ അവതാരികയും സുഗതകുമാരി, പ്രിയദേവ് , പി.ഹരീന്ദ്രനാഥ് എന്നിവരുടെ ആശംസകളും രേഖപ്പെടുത്തിയ പുസ്തകത്തിൽ 75 കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രവാസത്തിന്റെ വ്യാകുലതകളിൽ നിന്നും ഉണരുന്ന ഏകാന്തതയുടെ നിമിഷങ്ങളെ ഗൃഹാതുരത്വത്തിന്റെ നനുത്ത സ്പർശം പൊതിയുമ്പോൾ മനസ്സിൽ വിടർന്ന മോഹങ്ങളെ വിരൽ തുമ്പിലൂടെ നിരത്തവേ ഉതിർന്നുവീണ അക്ഷരപ്പൂക്കളാണ് ഏകലവ്യൻ എന്ന കവിതാ സമാഹാരം എന്ന് കവി തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
അമ്മ മനസ്സിന്റെ സ്വപ്നവും മോഹവും ചുടലക്കളങ്ങളിൽ ചാമ്പലായ് മാറുമ്പോൾ തായ്വഴികളുടെ ഇരുണ്ട പിന്നാമ്പുറങ്ങളിലെ വേരുകൾ തേടി അവിരാമമായ യാത്രയിലേക്ക് നമ്മേ നയിക്കുകയാണ് തായ് വഴികൾ എന്ന കവിതയിലൂടെ കവി.
ഏകലവ്യൻ എന്ന കവിതയിൽ ” സ്വാർത്ഥ മോഹത്തിന്റെ ചോരയിൽ തീർത്തൊരു തിലകക്കുറി ” എന്ന വരികൾ ഈ കവിതാ സമാഹാരത്തിൽ സ്വാർത്ഥതയുടെ കറ പുരളാത്തതിലകക്കുറിയായി ജ്വലിക്കുന്നു എന്ന് തന്റെ ആശംസയിൽ ശ്രീമതി. പ്രിയാ ദേവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഛന്ദോബദ്ധമായ കാവ്യ ഭാഷയുടെ താളവും ശൈലിയുമാണ് ഈ കവിക്കേറെ പഥ്യം എന്ന് തന്റെ ആശംസയിൽ ശ്രീ.പി.ഹരീന്ദ്രനാഥ് നിരീക്ഷിക്കുന്നു.
തന്റെ ആശംസയിൽ ശ്രീമതി.സുഗതകുമാരി ഇങ്ങനെ രേഖപ്പെടു ത്തുന്നു. ” മാധവിന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് മലയാളത്തോടും കവിതയോടുമുള്ള അദമ്യമായ സ്നേഹമാണ്. എനിക്കൊരു കവിയാകണമെന്ന ശീർഷകത്തിൽ
കവിയായാൽ പോരാ
അയ്യപ്പനെപ്പോലെ വളരണം
പലരിലൊരാളായാൽ പോരാ
വേറിട്ടു നിൽക്കണം
ഒടുവിൽ ഈ വീഥിയിൽ
ആരുമറിയാത്തനാഥനായി
കവിത പാടിയാടിത്തളർന്നീ
തെരുവിന്റെ മകനായ്
ധരിത്രീ, നിന്മാറിൽ മയങ്ങണം
” ഇങ്ങനെ എഴുതണമെങ്കിൽ ഈ പ്രവാസിയുടെ മനസ്സിൽ ഏകാന്തതയുടേയും നിരാശയുടേയും ഒരു സങ്കടക്കടൽ ഇരമ്പുന്നുണ്ടാവണം.നിശ്ചയം.
ഡോക്ടർ ജോർജ്ജ് ഓണക്കൂർ തന്റെ അവതാരികയുടെ അവസാന ഭാഗത്ത് പറയുന്നതിങ്ങനെ- “ഗാന്ധാരിയുടെ അനുപമമായ മാതൃചിത്തം വരഞ്ഞിടുമ്പോൾ കവിതസംസ്ക്കാരമാകുന്നതിങ്ങനെ:
“അമ്മ തൻ നെഞ്ചിൽ നിന്നൂറുന്ന വാക്കിനു
അഗ്നിയേക്കാളും കരുത്തെന്നറിയുക.”
മാധവിന്റെ കാവ്യബിംബങ്ങൾക്കുമുണ്ട് അഗ്നിയുടെ കരുത്ത്; വെളിച്ചം.
മഹാകവികളായ കുമാരനാശാനും ഉള്ളൂർ എസ് പരമേശ്വരയ്യരുമൊക്കെ അടയാളപ്പെടുത്തിയ ആശയഗാംഭീര്യത്തിന്റെ കാവ്യ പഥത്തിലൂടെയാണ് മാധവ് കെ വാസുദേവും സഞ്ചരിക്കുന്നത്.
സൂര്യകാന്തിയോട് എന്ന കവിതയിൽ ജീവിത വ്യഥകളിൽ ഉള്ളുരുകുന്ന മനുഷ്യാവസ്ഥകളെ വരച്ചുകാട്ടുന്നു.
” ഉൾത്തടങ്ങളിൽ നീറും വ്യഥകളാൽ
നിന്നുരുകുന്ന ചെങ്കനൽപ്പൊട്ടു ഞാൻ “
മാനവികതയുടെ അർത്ഥങ്ങൾ തേടി ജീവിത ഗണിതങ്ങൾ തിരഞ്ഞ് വിഷമമൃതിൽ എല്ലാം മറന്നാനന്ദ മാടിത്തിമിർക്കുകയാണ് അമൃത് എന്ന കവിതയിലൂടെ.
” ഈയമൃതിൽ എല്ലാം മറക്കാം
ഉള്ളുരുകിയുളളിൽ ദഹിക്കാം
വിടചൊല്ലി നീങ്ങാം വിഷമവൃത്തങ്ങളിൽ
ആനന്ദമാടിത്തിമിർക്കാം”
അനാഥൻ എന്ന കവിത അയ്യപ്പൻ എന്ന കവിയുടെ അതിതീഷ്ണമായ ജീവിത വഴികളെ വരച്ചുകാട്ടുന്നു. അയ്യപ്പനെ തന്നിലേക്കാവാഹിക്കുന്ന കവി പറയുന്നതു നോക്കുക –
“ഒടുവിലീ വീഥിയിൽ ആരുമറിയാതനാഥനായ്
കവിത പാടിയാടിത്തളർന്നീ തെരുവിൻ മകനായ്
ധരിത്രീ, നിൻ മാറിൽ മയങ്ങുന്നു …..”
നാമെന്താകാനാഗ്രഹിക്കുന്നുവോ അത് തന്റെ കവിതയിലൂടെ വരച്ചുകാട്ടുന്ന കവിയെ ” ആവാം” എന്ന കവിതയിൽ നമുക്കു കാണാം. നാട്ടിൻ പുറ കാഴ്ചകളിലൂടെ താനെന്തെല്ലാമാവാനാഗ്രഹിക്കുന്നു എന്ന് കവി വരച്ചുകാട്ടുകയാണിവിടെ.
” പാടവരമ്പിലെ കൊച്ചു കൈത്തോട്ടിൽ
ചാടി മറയുന്ന ബാല്യമാവാം
കായൽപ്പരപ്പിൽ തുഴയെറിയുമ്പോൾ
പാടുന്ന പാട്ടിന്റെ താളമാവാം”
ഓങ്കാരമായി തന്നിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹമായി അമ്മ എപ്പോഴും ഒരു വഴികാട്ടിയായി കൂടെയുണ്ടാകും എന്ന് ഉൽഘോഷിക്കുന്ന “അമ്മ” എന്ന കവിത ഉജ്ജ്വലമായ മാതൃസ്നേഹത്തിന്റെ പാരമ്യതയിലേക്ക് നമ്മേ കൂട്ടിക്കൊണ്ടു പോകുന്നതു നോക്കൂ –
“അമ്മ ഒരോർമ്മയായ് നിൽപ്പൂമുറ്റത്തു
പൂവിട്ട മന്ദാരം പോലെ
ചക്രവാളത്തിൽ കാർകൂന്തൽ കോതി
മഴവില്ലുപോലെ ചിരിപ്പൂ അമ്മ”
ഒരു സ്വപ്നദർശനത്തിൽ എന്ന കവിതയിൽ പാബ്ളോ നെരൂദയുമായി കവി കണ്ടുമുട്ടിയ സന്ദർഭത്തെ വിശകലനം ചെയ്യുന്നു
” അരവയർ പട്ടിണിക്കാരന്റെ മുന്നിൽ
അന്നമായ് മാറുന്ന വാക്കുകൾ കണ്ടു ഞാൻ
വിടരുന്ന ചുണ്ടിൽ നിന്നുതിരുന്ന വാക്കുകൾ മിന്നൽ പിണരുപോൽ ചിതറി വീഴുന്നു”
സൗഹൃദ യാത്രയുടെ സുന്ദര സ്വപ്നങ്ങളുമായി “സൗഹൃദം” എന്ന കവിത സൗഹൃദത്തിന്റെ നാനാവശങ്ങളെ വിശകലനം ചെയ്യുന്നു.
” പിന്നെയും നീലക്കുറിഞ്ഞി പോൽ സൗഹൃദം
നമ്മളിൽ നന്മ വിടർത്തി നിന്നു “
രാമ ചിന്തയുടെ അഘാതതലങ്ങൾ തേടുകയാണ് രാമചിന്ത എന്ന കവിതയിലൂടെ
“മല കയറി മായണം മേടുകൾ താണ്ടണം
മനസ്സിലെ ചിന്തകൾ ചിത്രകൂട്ടിയെരിക്കണം”
ഭീമനോട് ദ്രൗപതി നടത്തുന്ന സംഭാഷണങ്ങൾ എത്ര ചടുലമായാണ് കവി വിവരിച്ചിരിക്കുന്നത് ഭീമനോട് എന്ന കവിതയിൽ .
“അമ്മ നൽകിയ ഭിക്ഷയാണീ
അഞ്ചു താലിയെന്നോർക്കണം
രാഗശാലയിൽ അർദ്ധ ചന്ദ്രൻ
മാറി നിന്നതറിയണം”
വാക്കുകളുടെ അപചയത്തെക്കുറിച്ച് വാചാലനാകുന്ന കവിയെ ” വാക്കുകളുടെ അപചയം ” എന്ന കവിതയിൽ നമുക്കു കാണാം.
” മനസ്സിൽ മരവിച്ചു കിടന്ന അക്ഷരങ്ങൾക്ക്
സിരകളിൽ രക്തയോട്ടം ഉണ്ടായപ്പോൾ വാക്കുകളായി പിറന്നിറങ്ങി “
സമൂഹത്തിന്റെ നിസ്സംഗത വരച്ചുകാട്ടുന്ന ‘നിസ്സഹായൻ ” എന്ന കവിതയിൽ തന്റെ നിസ്സഹായത തുറന്നു കാട്ടുന്നതു നോക്കൂ.
“ചിലതുണ്ട് പറയുവാനാകാതെയെന്നുള്ളിൽ
ചിതയിന്മേൽ ചിതകൂട്ടി വക്കാൻ
ഞാനെന്റെ നാവും തൂലികത്തുമ്പും
പണയപ്പെടുത്തി നട്ടെല്ലൊടിച്ചവൻ “
നാം സന്നദ്ധരാണെങ്കിൽ ഏതു കാര്യവും നന്നായി ചെയ്യാനാകും എന്ന് ” തുടിപ്പാട്ട് ” എന്ന കവിതയിലൂടെ കവി വ്യക്തമാക്കുന്നു.
“പാട്ടിലൊരു നനവുണ്ടാവും
നനവിലൊരു തിരിയുണ്ടാവും
തിരിയിലൊരു കനലുണ്ടാവും
കനലിലൊരു നാളം തെളിയും”
ജീവിതത്തിന്റെ അർത്ഥ തലങ്ങൾ തേടിയലയുന്ന കവിയെ “ജീവിതം” എന്ന കവിതയിൽ തെളിഞ്ഞു കാണാം.
” മുഗ്ധ സംഗീത സാന്ദ്രമാം ജീവിതം
താളമാർന്നുണരുന്ന രാഗസങ്കീർത്തനം “
മരണത്തെ തേടുന്ന കവിയെ “മരണമെന്ന സത്യം” എന്ന കവിത കാണിച്ചുതരുന്നു.
“ഒരു ദിനം കൂടി പൊഴിയവേ കേൾക്കുന്നു
ദൂരെ നിന്നെത്തുന്ന നിന്റെ കാലൊച്ചകൾ
ഒരു ദളം കൂടിയടരവേ കാണുന്നു
മിഴികളിൽ നിറയും നിനവ്യക്തമാവും മുഖം
പ്രത്യാശയുടെ കിരണങ്ങൾ തേടുകയാണ് കവി “പ്രത്യാശ ” എന്ന കവിതയിലൂടെ.
” പുലരാനിരിക്കുന്ന പുത്തൻപുലരിയെ
കാണാൻ കണി കണ്ടുണരാൻ
മിഴികൾ തുറക്കാം തുറന്നിരിക്കാം.”
ജീവിത യാഥാർത്യങ്ങളുടെ സമസ്യയിലേക്കുള്ള യാത്രയാണ് ” അന്വേഷണം എന്ന കവിത. തന്റെ നിലപാട് വെട്ടിത്തുറന്നു പ്രകടിപ്പിക്കുകയാണീ വരികളിലൂടെ കവി.
” ആർഭാട മേശയിൽ ആഘോഷമേറുമ്പോൾ
അന്നം തെരയുന്ന മിഴികളെ കാണണം
അറിവിന്റെ നാളങ്ങൾ ആളിപ്പടർത്തുവാൻ
കൈത്തിരിനാളങ്ങൾ ഓരോന്നുയർത്തണം.”
മോഹിപ്പിക്കുന്ന വരികളിലൂടെ ഈ ഭൂമിയിൽ വീണ്ടും ജീവിക്കുവാനുള്ള അടങ്ങാത്ത മോഹം പങ്കുവക്കുകയാണ് കവി. തിരികെ വരില്ലെന്ന് നിശ്ചയമുള്ള ആ യാത്രയിലും തെളിനീർ പുഴയിൽ തുടിച്ചു നീന്താനും മുത്തശ്ശിയുടെ നാമജപവും, നാട്ടുമാവിൻ ചോട്ടിലെ മാമ്പഴവും എല്ലാമെല്ലാം നുകരുവാനും ആസ്വദിക്കാനും വെമ്പൽ പൂണ്ടിടുന്ന കവിമനസ്സ് തുറന്നു കാട്ടുന്നു – “മോഹം ” എന്ന കവിതയിൽ .
വിസ്മയക്കാഴ്ച്ചകളുടെ കടൽക്കരയിൽ നിന്നാണ് “മനസ്സ് ” എന്ന കവിത സംസാരിക്കുന്നത്. വർണ്ണപ്പകിട്ടിൽ കുടമാറ്റമായി സ്വപ്നസന്ധ്യ വിരിഞ്ഞു നിൽക്കുന്നു. ഇനിയും തുറക്കാനാകാത്ത ആയിരമായിരം അറകളിലും, പകച്ചു നിൽക്കുന്ന പെരുവഴിയമ്പലത്തിലും, കഥയും കഥയിലെ പൊരുളും, പൊരുളിൽ നിറയുന്ന അറിവിലും തന്റെ മനസ്സിനെ വ്യാപരിക്കുകയാണ് കവി.
“അക്ഷരം പൂക്കളാണ്” എന്ന കവിതയിൽ അക്ഷരത്തിന്റെ ദീപ്ത ജ്വലനം നമുക്കു കാണാം. അക്ഷരം സ്നേഹമാണെന്നും , ഒഴുകിയെത്തുന്ന തീർത്ഥമാണെന്നും, പുലരിത്തുടിപ്പിന്റെ പൊൻവെട്ടമാണെന്നും, ആത്മബോധത്തിന്റെ പുണ്യമാണെന്നും കവി ഉൽഘോഷിക്കുന്നു.
“കാലമാണക്ഷരം കർമ്മമാണക്ഷരം
അച്ഛന്റെ കരുതൽ പോൽ രക്ഷയാണക്ഷരം”
നിന്നിൽ പകരുവാൻ ഒരു സ്വപ്നമുണ്ടെന്റെ കയ്യിൽ എന്നു പറഞ്ഞാണ് കവി ” ഒരു ഉണർത്തുപാട്ട്” എന്ന കവിത അവസാനിപ്പിക്കുന്നത്. ഇത് സാദ്ധ്യമാക്കിയത് എരിയുന്ന സൂര്യന്റെ നെഞ്ചിൽ നിന്നും ഒരു കനൽ തന്റെ കണ്ണിൽ ഏറ്റു’ വാങ്ങിക്കൊണ്ടാണ്. ആ കനലിനെ ഊതിയൂതി സിരയിലൊഴുകുന്ന അഗ്നിയാക്കി.ആ അഗ്നിയിൽ വെന്തു പതം വരുത്തി സ്വപ്നങ്ങളെ പ്രതീക്ഷയാക്കി. ഓരോ പ്രതീക്ഷകളേയും സ്വന്തമാക്കി മാറോടണച്ച് ജീവന്റെ ഉൾതുടുപ്പാക്കി മാറ്റി. ഓരോ തുടിപ്പിനും ശ്വാസമേകി ഉൾക്കരുത്തുള്ള ശബ്ദമാക്കി. അതിനെ രുദ്ര താണ്ഡവത്തിൽ ചടുലതാളമാക്കി ഒരു ഭ്രാന്തിന്റെ സ്വപ്നം ചികയുകയാണ് “വിഭ്രാന്തിയുടെ മുഖങ്ങൾ ” എന്ന കവിതയിൽ.
“ആഴിയുടെയിടത്തട്ടോളമാരെയും
സ്നേഹിക്കരുതെന്നാചാര്യ മതം
അകലങ്ങളിലിരുന്നു മോഹിക്കുന്നത്
ശൂന്യത സൃഷ്ടിക്കുമെന്ന്
മഹത് വചനങ്ങൾ “
“രണ്ടാമൂഴക്കാരൻ” എന്ന കവിതയിൽ ഭീമസേനന്റെ മനസ്സ് ഒരു സ്ഫടികം പോലെ നമുക്കു വായിച്ചെടുക്കാം.
നിഷാദനിൽ നിന്നും മാ നിഷാദനി ലേക്കുള്ള യാത്ര തുടങ്ങുകയാണ് “മാറ്റൊലി ” എന്ന കവിതയിൽ .
“അമ്പെയ്തു നിൽക്കുന്ന കാട്ടാള രൂപങ്ങൾ
നിണത്തിൽ പിടയുന്ന പ്രാണന്റെ വേദന ‘”
ഒരു മൺപുറ്റിലൊളിച്ച് കവിതയായ് പൂ വിട്ടു നിൽക്കുകയാണ് ” ഒരു യാത്ര” എന്ന കവിതയിൽ കവി മാനസം. കാഴ്ച്ചകളുടെ വിസ്മൃതികളിലേക്ക് നമ്മേ കൊണ്ടു പോകുകയാണ് കവി.മണൽ വാരിയവസാന ശ്വാസം വലിക്കുന്ന നിളയുടെ തീരം മുതൽ കടവാവൽ രൂപത്തിൽ മരണം വിതക്കുന്ന എൻഡോസൾഫാൻ ദുരന്തം വരെ കാട്ടിത്തരുന്നുണ്ട് കവി.
പ്രകൃതിയുടെ നീലിമയിൽ എല്ലാം മറന്നുറങ്ങാൻ പറയുകയാണ് “സഖീ നീ ഉറങ്ങുക ” എന്ന കവിതയിൽ .
കാലം തുടരുന്ന നാടകമായി ജനന മരണങ്ങളെ കാണുന്ന വരികളാണ് “കാലം” എന്ന കവിതയിൽ കാണാനാകുന്നത്.
“രണ്ടു ധ്രുവങ്ങളിൽ നിന്നും
വളഞ്ഞ ചിറകുകൾ വീശി
ജീവിതയിടത്താവളത്തിലേക്ക്
പറന്നടുക്കുന്ന ദേശാടനക്കിളികൾ
ജനന മരണങ്ങൾ ” .
ഓർമ്മകൾ ഉറങ്ങുന്ന തന്റെ തറവാടു വീടിന്റെ മുറ്റം” തറവാട്ടു മുറ്റം” എന്ന കവിതയിൽ ജ്വലിച്ചു നിൽക്കുന്നു.
മരിച്ചു കഴിഞ്ഞയിഷ്ടങ്ങളിൽ നക്ഷത്രങ്ങൾ തിരയുന്ന കവിയെ “ചിന്തുകൾ ” എന്ന കവിതയിൽ നമുക്കു കാണാം.
സൂത പുത്രനായ രാധേയനെ തെളിമയോടെ വരച്ചുകാട്ടുകയാണ് “ഞാൻ രാധേയൻ ” എന്ന കവിതയിൽ .
” പാണ്ഡവനിരയിൽ പരാജയഭീതിയുടെ –
വിത്തുപാകിയവൻ
പാണ്ഡവരിൽ ഒന്നാമനാകേണ്ടിയിരുന്ന വൻ ഞാൻ
നിഷേധിയായ സൂത പുത്രൻ, കർണ്ണനെന്ന രാധേയൻ “
മഴ എന്ന കവിതയിൽ മഴയുടെ താള ഭാവ സംഗീതത്തെ വിലയിരുത്തുകയാണ് കവി.എത്ര ഭാവ സാന്ദ്രം ഈ വരികൾ.
” മിഴി വിടർത്തി വാനം നോക്കി കടലു ചൊല്ലും കഥകളിൽ
പകലുരുക്കും മേനിയിൽ ഉറഞ്ഞുകൂടും തുള്ളികൾ
മിഴികളിൽ നിന്നടർന്നുയരും കണ്ണീർ ബാഷ്പമായ്
വാനമതിനെ പേറ്റുനോവായ് കരളിന്നുള്ളിൽ നിറച്ചിടും
മഴയെനിക്കെന്നും താളമാർന്നൊരു ഭാവ സംഗീതം.”
നഥുറാം കരയുന്നു എന്ന കവിതയിൽ കവലയിലല്ല നടവഴിയിലല്ല, ഇന്ത്യ തൻ ഹൃദയത്തിലാണ് ഗാന്ധിജിക്കു സ്ഥാനമെന്നലറിക്കൊണ്ട്, ഇവിടെ മരിക്കേണ്ട ഒരുഗാന്ധിയും, ഇവിടെ ജനിക്കേണ്ട ഒരു ഗോഡ്സേയും എന്നു പറഞ്ഞ് നടന്നു പോകുകയാണ് നഥുറാം – കവിയെ തനിച്ചാക്കി. പിൻവിളി വിളിച്ച് കവി പറയുന്നു – നിൽക്കുക, ഞാനും വരുന്നു.
വീടും അതിന്റെ പരിസരക്കാഴ്ച്ചകളും വരികളിൽ തിളങ്ങുന്ന വീട്ടിലെ ഓർമ്മകൾ എന്ന കവിത ഹൃദ്യമായ ഒരു അനുഭൂതിയാണ് അനുവാചകനിൽ ഉണർത്തുന്നത്. ഒരു വീടെനിക്കുണ്ടെന്നും അതിന് ചുറ്റുമതിലുണ്ടെന്നും പടിപ്പുരവാതിലിനോളം നീളുന്ന നടവഴിയുണ്ടെന്നും അതിനപ്പുറം അമ്പലമുറ്റത്തെ ആൽത്തറയും മതിൽക്കപ്പുറത്തെ തെളിനീർ പുഴയും തൊടിയും, കാവും, പാലയും ,യക്ഷിയും എല്ലാമെല്ലാം ഉണ്ടെന്നും ഓർത്തെടുക്കുകയാണ് കവി.
രാവേറെയായിട്ടും രാതിങ്കൾ മഞ്ഞിട്ടും ഇനിയും നീയെന്തേ ഉറങ്ങിയില്ല എന്ന ചോദ്യവുമായാണ് സാന്ത്വനം എന്ന കവിത വരുന്നത്. തൂവേണ്ട കണ്ണുനീർ തേങ്ങേണ്ട മാനസം, നമ്മൾക്കു നമ്മൾതൻ മക്കളായ് മാറിടാം എന്ന സാന്ത്വന വചനത്തോടെയാണ് കവിത അവസാനിക്കുന്നത്.
ആദി കവിയുടെ ഭാവകാവ്യത്തിന്റെ ഉൽപ്പത്തിയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് മാനിഷാദ എന്ന കവിത നമ്മോട് സംവദിക്കുന്നത്.
“കവിതക്കൊരു കഥയുണ്ട്
കണ്ണീരിൻ ചുവയുണ്ട്
വിരഹത്തിൽ വേർപ്പെട്ട
പ്രണയത്തിൻ ചൂടുണ്ട് “
മാനവ മനസ്സിന്റെ കുഷ്ഠങ്ങളൊക്കെയും ഏറ്റുവാങ്ങുന്ന ഗംഗയെ ഗംഗ എന്ന കവിതയിലൂടെ വരച്ചുകാട്ടുന്നു.തിരുജടയിലമരുന്ന ഗംഗയുടെ നാനാ തരത്തിലുള്ള വിശേഷണങ്ങളുടെ ഒരു ഘോഷയാത്ര തന്നെ നിരത്തുകയാണ് കവി തന്റെ കാവ്യസപര്യയിലൂടെ .
നോവുകളുടെ നെരിപ്പോടിൽ വെന്തുരുകുന്ന കവി മാനസം “വിട ” എന്ന കവിതയിൽ നമ്മേ തുറിച്ചു നോക്കുന്നു. സദയം ക്ഷമ ചോദിച്ച് നമ്മിൽ നിന്നും വിട വാങ്ങുന്ന കവിയെ നമുക്കീ കവിതയിലുടനീളം കാണാം.
” ഗംഗതൻ പുണ്യങ്ങളേറും മനസ്സിന്റെ
ഉള്ളിലെരിയുന്ന ആത്മരാഗം
ചിതയിലാളുമ്പോഴും നേരുന്നു ഞാനെന്റെ
ശുദ്ധമനസ്സിന്റെ ഭാവുകങ്ങൾ “
വീണ്ടും ജനിച്ച് പുനർജനിയാവുന്ന ഗാന്ധാരിയെ വരച്ചുകാട്ടുകയാണ് “ഗാന്ധാരി”
എന്ന കവിതയിൽ.ധർമ്മത്തിനൊപ്പം നടക്കാൻ പഠിച്ച ഗാന്ധാരിയുടെ വിശേഷണങ്ങളാൽ നിറഞ്ഞു നിൽക്കുകയാണീ കവിത.
” വാക്കുകൾ വായുവിൽ നീന്തിയടുക്കുന്നു
ശാപങ്ങളായ് ജന്മങ്ങൾ നീളുന്നു
അമ്മ തൻ നെഞ്ചിൽ നിന്നൂറുന്ന വാക്കിനു
അഗ്നിയേക്കാളും കരുത്തെന്നറിയുക “
വീണ്ടും കണ്ടുമുട്ടിയ കമിതാക്കളുടെ വികാരവിചാരങ്ങളിലൂടെ സഞ്ചരിക്കുകയാണ് ” വീണ്ടും ” എന്ന കവിതയിൽ .
” ശൂന്യത തളം കെട്ടി നിൽക്കും മനസ്സിൽ
മൗനങ്ങൾ വായ് മൂടി നിന്നു
മുന്നിൽ പിരിയുന്ന വഴിയുടെ മദ്ധ്യേ
മിഴികളിൽ നോക്കി നാം നിന്നു “
നഷ്ടപ്രണയത്തിന്റെ തൂവൽസ്പർശം ഏറ്റുവാങ്ങിയ വ്യഥയിൽ വെന്തുരുകുന്ന കവി മാനസം ”ഓർമ്മയിൽ ” എന്ന കവിതയിൽ തിളക്കമാർന്നു നിൽക്കുന്നു.
“എന്റെ ഓർമ്മ തൻ ഞാവൽപ്പഴങ്ങളിൽ
നിന്റെ സ്വപ്നത്തിൻ മധുരമൂറുന്നുവോ
എന്റെ ജീവന്റെ രാഗതാളങ്ങളിൽ
നിന്റെ ഈണങ്ങൾ ശ്രുതികൾ മീട്ടുന്നുവോ?”
ആയിരം മോഹമനസ്സുമായി മയങ്ങുന്ന കവിയെ “മയങ്ങട്ടെ ഞാനീ നിശീഥിനിയിൽ ” എന്ന കവിതയിൽ നമുക്കു കാണാം. നാട്ടിൻ പുറക്കാഴ്ച്ചകളിലൂടെ മിന്നിമറയുന്ന മോഹങ്ങളുടെ ഒരു താഴ്വരതന്നെ ഈ കവിതയിലുടനീളം സൃഷ്ടിച്ചിരിക്കുന്നു.
” പാതി മുറ്റത്തൊരു പാഴ്മുളം തണ്ടിന്റെ
നാദമായ് നിന്നു മനം തുടിക്കാൻ
ശൂന്യതക്കുമ്മ കൊടുത്തു വിഹായസ്സിൽ
വെണ്മേഘത്തുണ്ടായ് പറന്നു നീങ്ങാൻ “.
സർവ്വം ഉൾക്കൊള്ളുന്ന പ്രപഞ്ച വീക്ഷണത്തിൽ നിന്നും മോചനപാത തേടുകയാണ് ” ഒരു ഉണർത്തുപാട്ടുകൂടി ” എന്ന കവിതയിൽ
” അരവയർ നിറയാതെ പാതിമയക്കത്തിൽ
മിഴികളിൽ നിറയുന്ന സ്വപ്നമുണ്ട്
അതിലെന്റെ മോചന വീഥിയുണ്ട്
അതിനൊരു ചെന്നിണ നിറവുമുണ്ട്.”
മോം

By ivayana