ചെറുതെന്നലൊരു മൃദുഹാസവുമോടെത്തി
പൂക്കാത്ത ചെമ്പകച്ചോട്ടിൽ മെല്ലെ
ഇന്നുമൊട്ടേറെയില്ലേ പൂവണിയാൻ നിന-
ക്കകതാരിലങ്കുരിച്ചൊരു മോഹവും.
മൊഴിയിതി സമീരണനോതിയ മാത്രയിൽ
സഗദ്ഗദാൽ ചൊല്ലിയാ ചെമ്പകവും
ശൃണുസഖേ മാരുതാ നീയും
ചൊല്ലാനശക്തയെന്നാലുമുരയ്ക്കുന്നേൻ.
വർഷാതപങ്ങളും ഹിമപാതവുമേറ്റു
കാലങ്ങളായിവിടേകയായ് ഞാനിത്ഥം
കഴിഞ്ഞിരുന്നല്ലോ തളിരണിഞ്ഞും പിന്നെ
പുഷ്പണിയായും ചെറു പരിമളമേകിയും.
ബാല്യകൗമാര യുവത്വങ്ങളകന്നൊരു
മുത്തശ്ശിയാ,യിനി രജസ്വലയാകില്ല
പ്രായമല്ലറിയുക വാർദ്ധക്യമെനിക്കേകി
കാലംനടത്തിടും കാവ്യനീതിയുമല്ല.
അപഹരിച്ചെന്നിൽ നിന്നുർവരതയൊക്കവേ
ഓസോൺ തുളയ്ക്കുന്ന രാസത്വരകങ്ങളും
വായുമണ്ഡലം വിഷവാപിയാക്കുന്നവർകളും
വന്ധ്യയാക്കി ചമച്ചെന്നെ നിഷ്ഠൂരമായ്.
മൃത്യു മണക്കുന്നിതെന്നിടത്തിൻ ചുറ്റും
ആതപം നീറ്റുന്നു ഗാത്രമകംപുറം
പൂർവ്വകാല സ്മൃതികളയവിറക്കിയിനി
ശിഷ്ടകാലം കഴിപ്പനൊട്ടിവിടെ ഞാൻ.

By ivayana