ചിതല്പുറ്റുകൾപോൽ നേർത്തുനേർത്തു
ചിലമ്പിട്ടു വരുന്നു
ചില്ലറക്കാര്യങ്ങളാം സ്വന്തബന്ധങ്ങൾ.
ആളില്ലാനേരത്തു അയൽപ്പക്കത്തുകയറി
കാട്ടോണ്ടുപോകുന്നു
ആ കാണും കുഞ്ഞുബാല്യങ്ങളുടെ
സന്തോഷവും പുഞ്ചിരിയും നല്ല നടപ്പും.
അച്ഛനെന്നില്ലയമ്മാവനെന്നുപോലുമില്ല
എവിടെത്തിരഞ്ഞുനോക്കിയാലും
കാമപ്പേക്കുത്തുകൾ മാത്രം.
ലഹരിതൻവിത്തുകൾ
വാരിവിതറി ചിന്തകളിൽ ചന്തകൾ നിറയവേ,
കാണുന്നതെല്ലാം പകൽപ്പൂരങ്ങൾ മാത്രം.
വെളിച്ചമണഞ്ഞവീടുകൾ നിറയുന്നു നമുക്കുചുറ്റിലും
കാർക്കോടകന്മാർ വന്നു നിറയുന്നു
അവർക്കു ചുറ്റിലും.
ലഹരിപ്പേയ്കൾ ബാധിച്ചവർ ഐസ്ഫ്രൂട്ട്
നൽകിക്കൊണ്ടുപോയിടുന്നു
കുഞ്ഞുകുട്ടിപരാധീനങ്ങളെ.
നീതിനിയമങ്ങൾ പോക്കറ്റിൻ കനം
നോക്കിപുഞ്ചിരിക്കുന്നു
അമ്മമാരുടെ കണ്ണീർക്കയം കാണാതെ.
കലികാലം വന്നു കളിയാക്കിച്ചിരിക്കുന്നു
കാലഭൈരവനെ കണക്കറ്റു പ്രഹരിക്കുന്നു.
പ്രലോഭനങ്ങൾ പരിലാളനകൾ കണ്ടു
ഭയം കുമ്പിടുന്നു നനഞ്ഞ ധൈര്യത്തിന്റെ
ഇരുളിമ കാൺകേ.

By ivayana