വെറ്ററിനറി വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണം വലിയൊരു ചോദ്യം നമ്മോട് ചോദിക്കുന്നുണ്ട്.മരണത്തിന്റെ പിന്നാമ്പുറ വൃത്താന്തങ്ങൾ പുറത്തുവരാൻ സമയമെടുത്തെന്നുവരാമെങ്കിലും, സിദ്ധാർഥൻ എന്ന കുട്ടി ഇനി മടങ്ങിവരാൻ പോകുന്നില്ല.


ഇത്‌ കൊലപാതകമാണെന്ന സാഹചര്യസംശയത്തിന്റെ നിഴലിൽ ഇതിനുപിന്നിലുണ്ടായിരിയ്ക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ വിശദീകരണവാർത്തകൾ കേൾക്കുമ്പോൾ ഹൃദയം പൊട്ടിത്തെറിച്ചുപോകുന്ന അവസ്ഥയാണ് അനുഭവപ്പെടുന്നത്.
മലയാളിയുടെ സാഹോദര്യസ്നേഹത്തിന് എന്തുപറ്റി?
മലയാളിയുടെ ധാർമികപുഷ്‌പ്പങ്ങൾ കൊഴിഞ്ഞുണങ്ങിപ്പോയോ?
ഇന്നോളമുണ്ടായിട്ടുള്ള എല്ലാ സംസ്കാര വൃക്ഷങ്ങളുടെയും ശാഖകൾ പടർന്നുനിൽക്കുന്നുണ്ടെന്നു അഹങ്കരിയ്ക്കാറുള്ള നമ്മുടെ ഹൃദയാകാശങ്ങൾ വറ്റിവരണ്ടുപോയോ?


അതോ പുരാതനമായ ശിലായുഗത്തിലെ അതിജീവനത്തിനുവേണ്ടിയുള്ള ആക്രമണവാഞ്ചയുടെ ബീജങ്ങൾ വീണ്ടും വികസിപ്പിച്ചെടുക്കുന്ന ഒരുകൂട്ടം കാപാലികരുടെ രതിമൂർച്ച തേടിയുള്ള ലളിതവികലമായ ഉപാധികളോ?ഇത്‌ സഹിക്കാവുന്നതിലും അപ്പുറമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പുംഗവന്മാർക്ക് ഇതൊരു പൊതിച്ചോറായിരിയ്ക്കാം, പക്ഷെ, ഇരയായിത്തീർന്ന ആ മകന്റെ മാതാപിതാക്കളുടെ കത്തിയെരിയുന്ന ജീവിതമോ?
ഇവിടുത്തെ വിരൂപമായ സാംസ്കാരിക-സംഘടനാ-രാഷ്ട്രീയകോട്ടകൾ പൊളിച്ചുമാറ്റാതെ വയ്യ.

ജയരാജ്‌ പുതുമഠം

By ivayana