നോക്കൂ …
നിന്റെ നടത്തത്തെക്കുറിച്ച്
എന്താണ് നീ കരുതുന്നത് ?
യുദ്ധത്തിൽ നിന്നും
പിൻമാറിയ രാജ്യമേ.

കാലുകൾ കൊണ്ടോ
കണ്ണുകളോ മനസ്സോ കൊണ്ടു
പോലുമോ
ഒരു രാജ്യവും കീഴടക്കുവാൻ
നീ ആഗ്രഹിക്കുന്നതേയില്ലേ ?
തീർത്തും വിഭിന്നമായ
ഒരു സംസ്കാരത്തെ …
ജീവിത രീതികളെ …
കാഴ്ചകളെ …
ചിന്തകളെയൊക്കെ
നിന്റെ വരുതിയിലാക്കുവാൻ ?


അതിർത്തിക്കപ്പുറം
എന്നെങ്കിലും
നീ സഞ്ചരിച്ചിട്ടുണ്ടോ?
കാലുകൾ കൊണ്ടു വേണ്ട
കണ്ണുകൾ കൊണ്ടോ
മനസ്സുകൊണ്ടോ എങ്കിലും ?
ഭീരുവായ രാജ്യമേ …

ഏതെങ്കിലും അതിരിൽ
നീ പിടിക്കപ്പെട്ടിട്ടുണ്ടോ ?
നിന്റെ കാലുകളും കണ്ണും
മനസ്സുമെല്ലാം
മറ്റൊരു സംസ്കാരത്തിന്റെ
തടവറയിലാക്കപ്പെട്ടിട്ടുണ്ടോ ?
കൂറ്റൻ ഇരുമ്പു ചങ്ങല
ഭേദിച്ചു കൊണ്ട്
നീ പുറത്തുവന്നിട്ടുണ്ടോ ?
എങ്കിൽ ,
ഇനിയൊരിക്കലും
നീയൊരു ഭീരുവായ രാജ്യമാവില്ല

യുദ്ധത്തിൽ നിന്നും
നീ എപ്പോഴും പിൻമാറിയേക്കാം
എന്നാലുമൊരിക്കലും
നിന്നെ തകർത്തു കളയാൻ
ഒരു ശക്തിക്കുമാവില്ല
യുദ്ധത്തിനെത്തിപ്പിടിക്കാനാവാത്ത
വിധം
നീ നടത്തം ഉറപ്പിച്ചിട്ടുണ്ടാവും
എന്റെ പ്രിയപ്പെട്ട രാജ്യമേ

By ivayana