നാളെപ്പുലരുവാനായി,ഞാനും
ഏറെയോ,കാക്കുന്നു രാവിതിലായ്.
മേടപ്പുലരി വിടർന്നിടുമ്പോൾ!
കാർമുകിൽ വർണ്ണനെയൊന്നു കാണാൻ.
മഞ്ഞക്കണിക്കൊന്ന പൂക്കളാലേ!
പൂജാമുറി ഞാനലങ്കരിച്ചു.
പച്ചക്കറികൾ പഴങ്ങളുമായ്
നല്ല കണിഞാനൊരുക്കി വച്ചു.
തൂശനിലയിൽ വിളമ്പുവാനായ്
തുമ്പപ്പൂ ചോറും കരുതിയല്ലോ!
അംബലനാദത്തിനൊച്ച കാത്ത്
നേരം പുലരുവാൻ കാത്തിരുന്നു.
പ്രിയമാർന്നവർക്കൊരു കൈനീട്ടമായ്
നൽകുവാൻ ഞാനും കരുതിവച്ചു!
നാണയത്തുട്ടുകൾ മാത്രമാണെങ്കിലും
അതിലെന്റെ ആത്മാവ് ചേർത്തു വച്ചു.
എൻമുഖമൊന്ന് കണികാണുവാൻ
ദർപ്പണം മുന്നിലായ് വച്ചുവല്ലോ!
പൊൻക്കണി വെട്ടത്തിൻ മുന്നിലായി!
നിറദീപമായിട്ടൊരു വിളക്കും.
വാതിൽപ്പഴുതിലൂടെത്തുന്ന വെട്ടവും
മത്താപ്പുകത്തുന്ന കാഴ്ചയും കണ്ടുഞാൻ!
മാനസമാകെ കുളിർ നിറഞ്ഞു
നാളെപ്പുലരുന്ന നാളതോർത്തു!

By ivayana