അന്ധകാരത്തിന്റെ അന്ത്യപാദം പൂണ്ട
അന്ധജനങ്ങളെ രക്ഷിക്കുവാൻ
സ്വന്തജനമെന്നു കണ്ടവൻ വന്നില്ലേ
സ്വന്തമാക്കീടുവാൻ പണ്ടൊരുനാൾ.


ഭൂമിയിൽ വന്നവൻ ഭൂധരനായവൻ
ഭൂവാസികൾക്കെല്ലാം മാർഗമായി
അരചനെങ്കിലും ഐഹികമല്ലാത്ത
ആകാശ ദേശത്തെ നൽകിയവൻ.


സ്വർഗ്ഗരാജ്യത്തിന്റെ സ്ഥാനമഹിമയെ
സർവ്വ ജനത്തിനായ് ത്യജിച്ചവൻ
പാപക്കുഴികളിൽ പെട്ടമനുഷ്യരെ
പാരതെ വിണ്ണിന്നധിപരാക്കി.


മരക്കുരിശിന്മേലാണികൾ മൂന്നിലായ്
മരിച്ചു മർത്യനെന്നതുപോലെ
മൂന്നുനാൾ മന്നിന്റെയുള്ളിലിരുന്നിട്ടു
മന്നിനെ വെന്നിയുയിർത്താദ്ദേഹി.


വെള്ളം നിറച്ച ഭരണികളൊക്കെയും
വിഞ്ഞാക്കി മാറ്റിയപോലെതന്നെ
സ്നേഹവും ത്യാഗവും സന്നിവേശിപ്പിച്ചു
ലഹരിനിറച്ചു ജീവിതത്തിൽ.


ഓർസ്ലേമിൻക്ഷേത്രത്തെമൂന്നുദിനങ്ങളിൽ
ഓർമ്മയാക്കീടുമെന്നരുളിയോൻ
സ്വന്തമുയർപ്പിനെ മുൻകൂട്ടി കണ്ടവൻ
സാന്ത്വനമായിജനങ്ങൾക്കന്ന്.


അഹങ്കാരത്തിന്റെയാലയമൊക്കെയും
ഇഹത്തിൽതകർക്കാൻ പഠിപ്പിച്ചു
ദേഹത്തെഭൂമിയിൽ വേണ്ടെന്നുവെച്ചിട്ടു
ദേഹിയെ പിതാവിലെത്തിച്ചവൻ.


മർത്യനമർത്യത നൽകുവാൻ വന്നവൻ
സത്യദൈവത്തിന്റെ പുത്രനവൻ
നിത്യത നൽകിയീ ദേഹിയും ദേഹവും
ഉദ്ധിതനായവനൊപ്പമാക്കി.

തോമസ് കാവാലം

By ivayana