രചന : അഫ്സൽ ബഷീർ തൃക്കോമല✍
2004 മുതൽ ലോകാരോഗ്യസംഘടന ജൂൺ 14 ലോക രക്തദാന ദിനമായി (world blood donor day)ആചരിക്കുന്നു. ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ആചരിക്കുന്നത്. എന്നാൽ ദേശീയ സന്നദ്ധ രക്ത ദാനദിനമായി ഇന്ത്യയിൽ ഒക്ടാബർ ഒന്നിനും ആചരിക്കുന്നു .സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും,അതിന്റെ ആവശ്യകതയെപ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളോടു ഐക്യദാർഡ്യം പ്രഖ്യാപിക്കാനുമാണ് ഈ ദിനം ആചരിക്കുന്നത് .”സുരക്ഷിത രക്തം എല്ലാവർക്കും” ,”രക്തം നൽകൂ, ലോകത്തെ സ്പന്ദിക്കുന്നതാക്കൂ” ,രക്തം നല്‍കുക, പ്ലാസ്മ നല്‍കുക, ജീവിതം പങ്കിടുക, ഇടയ്ക്കിടെ പങ്കിടുക’ എന്നതാണ് മുൻ വർഷങ്ങളിലെ പ്രമേയമെങ്കിൽ രക്ത ദാന ദിനത്തിന്റെ ഇരുപതാം വര്‍ഷം” രക്തദാതാക്കള്‍ക്ക് നന്ദി’ എന്നാണ് 2024 ലെ രക്തദാന ദിന പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.
സ്വന്തം സമ്മതത്തോടെ മറ്റൊരാൾക്കോ,സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് “സന്നദ്ധ രക്തദാനം.” രക്ത ദാനം രണ്ടു വിധത്തിലുണ്ട്.
ആരോഗ്യമുള്ള ഒരു ദാതാവിൽ നിന്നും രക്തം സ്വീകരിക്കുവാനും ആവശ്യമുള്ള പരിശോധനകൾ നടത്തി ഗുണ മേന്മ ഉറപ്പുവരുത്താനും ലഭിക്കുന്ന രക്തം സുരക്ഷിതമായി സംഭരിക്കാനും ആവശ്യാനുസരണം രോഗികൾക്ക് വിതരണം ചെയ്യുവാനുമുള്ള സംവിധാനമാണ് രക്ത ബാങ്കുകൾ(Blood Banks). ആവശ്യക്കാരനെ ദാതാവ് തിരിച്ചറിടാതെ രക്തം സ്വീകരിക്കുന്ന
രീതിയാണ് “അലോജനിക് രീതി”. സ്വീകർത്താവിന്റെ ആവശ്യാർത്ഥം രക്തം ദാനം ചെയ്യുന്നതിനെ സ്വീകരിക്കുന്നതിന്” നേർരേഖാ രീതി” എന്ന് പറയും .
ആരോഗ്യവാനാണെങ്കിൽ ശസ്ത്രക്രിയയ്ക്ക് മുമ്പേ സ്വന്തം രക്തം തന്നെ സംഭരിച്ച് ആവശ്യമായ പരിശോധനകൾ നടത്തിയ ശേഷം ശസ്ത്ര ക്രിയാവേളയിൽ പുനരുപയോഗം നടത്താം. ഇത്തരത്തിൽ സ്വന്തം രക്തം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നതിനു “ആട്ടോലോഗസ് ട്രാൻസ്ഫ്യൂഷൻ” എന്നു പറയുന്നു.ലോകം മുഴുവൻ മഹാ വ്യാധിയുടെ പിടിയിലമർന്നു നിന്ന കാലഘട്ടത്തിൽ രക്ത ദാനം നടത്താൻ കഴിയാത്ത അവസ്ഥയുണ്ടായത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതും .ഒപ്പം ജീവന്മരണ സാഹചര്യങ്ങളിൽ പോലും രക്തം പവിത്രമാണെന്നും അത് സ്വീകരിക്കുന്നത് ദൈവ കല്പനയുടെ നേരിട്ടുള്ള ലംഘനമാണെന്നും ആരുടേയും രക്തം സ്വീകരിക്കില്ല എന്ന് മതപരമായ വിശ്വാസമായി കൊണ്ട് നടക്കുന്നവരുണ്ട്. മാത്രമല്ല ഈ രംഗത്ത് പിടിമുറുക്കിയിരിക്കുന്ന രക്തവില്പന മാഫിയ വലിയ വെല്ലുവിളിയാകുന്നു .ഇത്തരക്കാർ നൽകുന്ന രക്തം ഗുണത്തേക്കാൾ ദോഷം ചെയ്യാനാണ് സാധ്യത കൂടുതൽ. സ്വീകർത്താക്കൾക്ക് പലപ്പോഴും രക്തത്തിലെ ഘടകങ്ങളാണ് ആവശ്യമായി വരുന്നത്. എന്നിരുന്നാലും രക്തദാതാക്കളിൽ നിന്നും സമ്പൂർണ രക്തമായി തന്നെ സ്വീകരിക്കുന്നു.
ശാസ്ത്ര സാങ്കേതിക രംഗങ്ങൾ ഏറെ പുരോഗമിച്ച വർത്തമാന കാലത്തു പോലും മനുഷ്യ രക്തത്തിന് ബദലായി കൃത്രിമ രക്തം കണ്ടുപിടിച്ചിട്ടില്ല എന്നതാണ് രക്തദാനത്തിന്റെ പ്രസക്തി .ആരോഗ്യമുള്ള 18 നും 65 നും ഇടയില്‍ പ്രായവും 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില സാധാരണ നിലയിൽ ആയിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് രക്തദാനം ചെയ്യാം.പുരുഷന്മാർക്ക് ഓരോ മൂന്നുമാസം കൂടുമ്പോഴും, സ്ത്രീകൾക്ക് നാലുമാസം കൂടുന്തോറും രക്തം ദാനം ചെയ്യാം.അതും സർക്കാർ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന രക്തബാങ്കുകളിലോ രക്തദാന ക്യാമ്പുകളിലോ കൂടി മാത്രം ചെയ്യുക.
“രക്തത്തിന് പകരമായി കിട്ടുന്ന വിലയെ നിഷിദ്ധമാക്കിയിട്ടുണ്ട് ” എന്ന നബി വചനത്തിന്റെ പ്രാധാന്യവും”രക്തദാനം മഹാദാനം “എന്ന ആപ്തവാക്യവും ഏറെ പ്രസക്തമാണ് ..
ഏവർക്കും ലോക രക്തദാന ദിനാശംസകൾ ………

