[ശ്രീ കടമ്മനിട്ട രാമകൃഷ്ണൻ്റെ “പരാതി” എന്ന കവിതയ്ക്ക് ഒരു മറുമൊഴി]

ഇനി പറയില്ല, കണ്ണാ … ഞാൻ പരാതി
എൻ മൊഴിയാൽ നീ അറിയില്ലെൻ വിരഹം .

നിഴലല്ല കണ്ണാ, നീയെൻ നീർമുത്തിൽ,
നീ തന്നെ ആയിരുന്നു.

അടരില്ലൊരു തുള്ളി പോലും എൻ മിഴിയിൽ നിന്നിനി,
പറയില്ല കണ്ണാ … ഞാൻ പരാതി .

ഇടനെഞ്ചിലെ വെറും സ്പന്ദനമല്ല,
എൻ്റെ ഹൃദയം തന്നെയാണ് നീ ….

നിൻ വാക്കുകളെൻ ഹൃത്തിൽ കാരിരുമ്പായി തുളഞ്ഞ് ,
ആ വേദനയിൽ ഞാൻ പിടയുന്നത്
ആരും അറിയാതെ ഒതുക്കുന്നതാണെൻ
ഇടനെഞ്ചിലെ പിടച്ചിൽ …
പറയില്ലിനി കണ്ണാ, ഞാൻ പരാതി .

എന്നും നിന്നോട് പറഞ്ഞവയല്ലാതെ ,
പുതുതായി ഒന്നും ചൊല്ലുവാൻ ഇല്ലെനിക്ക് .

കണ്ണാ …..
നിൻ സാമീപ്യവും, പ്രണയവുമല്ലാതെ
കൊതിച്ചില്ലീ സഖി മറ്റൊന്നും .
അറിഞ്ഞിട്ടും അറിയാത്ത നിൻ മൗനം
എന്നെ വല്ലാതെ നോവിക്കുന്നു കണ്ണാ …..

മിഴി കോർത്ത് ,
കരൾ നീറി ,
ഞാൻ ചൊന്ന വേദന
നിനക്കൊരിത്തിരി ദുഃഖം മാത്രം!!!

പതിനാറായിരം സഖികളിൽ ഒരുവൾ മാത്രമെന്ന സത്യം
തിരിച്ചറിയുന്നു ഇന്നു ഞാൻ .

ഒച്ചയടഞ്ഞു പോയി ,
മിഴികൾ വരണ്ടു പോയി,
സ്പന്ദനം നിലച്ചുപോയി,
നെഞ്ചിൽ കുടുങ്ങിയെൻ വേദന ,
ചുണ്ടുകൾ വിടരില്ലിനി
പറയില്ല കണ്ണാ …. ഞാൻ പരാതി….
ഇനി പറയില്ല കണ്ണാ ഞാൻ പരാതി.

പുഷ്പ ബേബി തോമസ്.

By ivayana