രചന : രാജശേഖരൻ✍
ദീപങ്ങളൊക്കെ കെടുത്തൂ നഗരമേ
ജീവശോഭയ്ക്കു സ്നേഹ കൈത്തിരി വെയ്ക്കു.
ദീപാവലിക്കസാധ്യമാം ജൈവദീപ്തി
ജീവകീടത്തിനാത്മപ്രകാശമാകും.
തൈജസകീടങ്ങളോർപ്പിപ്പൂ നമ്മളെ
ജൈവചേതസ്സാം ദേവി, പ്രകൃതിയമ്മ!
പ്രകാശവർഷത്തിനപ്പുറം നിന്നെത്തും
ചെറുരശ്മിയുമാത്മധൈര്യം പകരും.
അകലെയാരോ അറിയാത്തൊരു ബന്ധു
അരികിലെത്തി കരങ്ങൾ പിടിക്കും പോൽ!
ആകാശഗോളങ്ങളെത്രയോ സശ്രദ്ധം
അവനി സംരക്ഷണാർത്ഥം പ്രയത്നിപ്പൂ.
നിയമങ്ങളണുയിട തെറ്റാതവർ
നിങ്ങളെ രക്ഷിപ്പൂ നിർവിഘ്നമെന്നെ ന്നും.
കുഞ്ഞുണ്ണി പോൽ സൗരയൂഥത്തിലീ ഭൂമി
പൊന്നുണ്ണി പോൽ പ്രപഞ്ചം കാത്തു പോറ്റുന്നു.
…….
