കല്യാണം കഴിഞ്ഞു,
ഭർതൃ’ഗ്രഹ’ത്തിലേയ്ക്ക് ചെല്ലുമ്പോൾ,
സത്യത്തിൽ കാര്യായി ബല്യ വീട്ടുജോലി ഒന്നും ന്ക്ക് വശല്ലായിരുന്നു.
സ്വന്തം വീട്ടിൽ, ആകേ ചെയ്യുന്ന ജോലികൾ : മുറ്റം തൂപ്പും, വിളക്ക് തേപ്പും വെള്ളം കോരലും ഒക്കെ ആയിരുന്നു.
അതും അവധി ദിവസങ്ങളിൽ മാത്രം!
അമ്മായിയമ്മ ഇല്ലാത്ത
ആ വീട്ടിലേയ്ക്ക് , ഒട്ടൊരു സങ്കോചത്തോടെ ആയിരുന്നു, വലത് കാൽ വച്ചു, പടി പതിനെട്ടും
കയറി മുകളിലേക്കു ചെന്നത്.
വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ,
ന്റെ അടുത്ത കൂട്ടുകാരിയുടെ ഉമ്മ മാത്രം അന്തം വിട്ട് പറഞ്ഞു
“എന്നാലും അമ്മായിയമ്മ ഇല്ലാത്ത
ഒരു വീട്ടിൽ
….. പഠിച്ചു കൊണ്ടിരിക്കുന്ന ഈ പെങ്കൊച്ചിനെ…കെട്ടിച്ചു വിട്ടാൽ……..???അതിന് വല്ല വീട്ടുജോലീം അറിയോ..??
ശേഷം
അർത്യോക്തിയിൽ നിർത്തിയപ്പോഴും.
ആ കൊടുമുടി കയറാൻ ഒട്ടു വല്യ പ്രയാസം ഉള്ളതായി എനിക്കപ്പോൾ അശേഷം തോന്നിയില്ല.’എങ്ങനേം ഞാൻ അതിന്റെ നിറുകിൽ കയറിപ്പറ്റി സമർത്ഥമായി സമാധാനത്തിന്റെ വെള്ളകൊടി പാറിക്കും’ എന്നുറപ്പിക്കേം ചെയ്തു.
ഒപ്പം,അമ്മായിയമ്മയും, നാത്തൂന്മാരും ഇല്ലാത്തത് തികച്ചും നന്നായി ‘ന്ന് ആശ്വസികേം ചെയ്തു..
കാരണം,
കണ്ട സിനിമകളിലും,, വായിച്ച നോവലുകളിലും… എന്തിന് സീരിയലുകളിൽ പോലും അമ്മായിയമ്മമാർ, അന്ന് മുഴുനീളം വില്ലത്തികളായി അവതരിക്കുന്നത് കണ്ടും കേട്ടും ഉള്ളാലെ ഭയന്നിരുന്ന ഞാൻ : അമ്മായിയമ്മ ഇല്ലാത്തത് ഓർത്ത് മനസ്സാ സന്തോഷിച്ചത് :ചുമ്മാതാണോ…..??
തോന്നുമ്പോൾ ഉറങ്ങാം… ഉണരാം..
വഴക്കും ശകാരവും, കുറ്റം പറച്ചിലും ഒന്നും കേൾക്കണ്ട..
അമ്മായിപ്പോര് ഇല്ല… നാത്തൂൻ പോര് ഇല്ല… ഓ
അങ്ങിനെയിങ്ങിനെ ചിന്തിച്ചു,
അവിടെ ചെന്ന പാടേ
ഒരു വീട്ടമ്മയുടെ റോൾ ഒറ്റയ്ക്ക് ചെയ്യാനുള്ള റിഹേഴ്സൽ അങ്ങ്
തകൃതിയായി പരിശീലിച്ചു തുടങ്ങി.
എങ്കിലും, നേര് പറയാല്ലോ
എനിക്ക് നന്നായി അമ്മിക്കല്ലിൽ അരയ്ക്കാൻ അറിയാമായിരുന്നു..
പക്ഷേ
അമ്മ :
കല്ല് കഴുകി തിരുമ്മിയ തേങ്ങയും ജീരകവും ഉള്ളിയും മഞ്ഞളും ഒക്കെ അരപ്പുകല്ലിൽ കൊണ്ട് വയ്ക്കണം.അപ്പൊ ഞാൻ നന്നായി അരയ്ക്കാൻ തുടങ്ങും.
അതുകൊണ്ട് തന്നെ ഇതിന്റെയൊന്നും കൃത്യമായ ചേരുവയോ,അളവ് തൂക്കങ്ങളോ ഒന്നും അറിയില്ലായിരുന്നു.
ദോശക്കല്ലിൽ ദോശ ചുടാനറിയാം.
ആ ദോശയിലൂടെ നോക്കിയാൽ അങ്ങ്
രാജ്ഘട്ട് വരെയെങ്കിലും കാണാമായിരുന്നു.
നേരാംവണ്ണം പാലപ്പം ചുടാൻ, ഇഡ്ഡലി ഉണ്ടാക്കാൻ ഒക്കെ
പഠിച്ച പണി പതിനെട്ടും നോക്കീട്ടും
ഒരു വിധത്തിലും എനിക്കൊട്ടും കഴിഞ്ഞിരുന്നില്ല.
നെത്തോലി മീനെ മാത്രമേ ഒത്തിരിയെങ്കിലും വിശ്വസിച്ചു നുള്ളിപ്പിന്നാൻ അമ്മ എന്നെ ഏല്പിച്ചുള്ളൂ..അതിനാൽ ബാക്കി ഒരു മീനും വെട്ടിക്കഴുകുന്നത് അറിയാൻ മേലായിരുന്നു..
ഇറച്ചി ഐറ്റങ്ങളുടെ ഏഴ് അയലോക്കത്തു പോയൊരു നേരിയ ഓർമ്മ പോലും, ഉണ്ടായിരുന്നില്ല!…
:
ആകേ അറിയാമായിരുന്നത് പണ്ട് കുറുക്കത്തി കോഴിക്കറി വച്ച കഥ അയിമ്പത് വട്ടം ഏട്ടൻ പറഞ്ഞു തന്നത് മാത്രായിരുന്നു.
എന്തിന് … ഏറെ പറയണം
തവി പിടിച്ചു ചോറ് വിളമ്പി കഴിച്ചില്ല.
എന്ന് വച്ച്,
വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ച ഒരാളൊന്നുമല്ല ഞാൻ !
ആയതിനാൽ മറ്റുള്ളോർ
ഇതൊന്നും ഒരു തള്ളായി കരുതരുത്!
പിന്നെ എന്താച്ചാൽ,
അമ്മ ഭക്ഷണം വിളമ്പി മുന്നിൽ കൊണ്ട് വയ്ക്കുമ്പോൾ മാത്രമേ മ്മ്ടെ നാവിന് സ്വാദ്ടെ കഴിക്കാൻ തോന്നുമായിരുന്നുള്ളൂ.അത് എന്റെ കുറ്റാ!!
ഇനി അവർ പിടി പിടിച്ചു വാരി തരികയാണേൽ അത്രേം നല്ലത്…
പക്ഷേ!
പിന്നെ ഇതൊക്കെ
അമ്മയ്ക്കും വിനയായി
കാരണം
എവിടെക്കെങ്കിലും പോകേണ്ടി വന്നാൽ ചോറ് വിളമ്പി മേശപ്പുറത്തോ,
ഉറിയുടെ മുകളിലോ അടച്ചു വച്ചിരിക്കും!
ഇനി ഒരു പക്ഷേ, അത്യാവശ്യപെട്ട് ഇറങ്ങവേ മറന്നു പോയാൽ, അമ്മ എപ്പോ വരുന്നോ അതുവരേം
എത്രമേൽ വിശന്നാലും ഭക്ഷണം കഴിക്കാതെ ഞാൻ നിരാഹാരം കിടക്കും.
ഇതറിയാവുന്ന അമ്മ ഓടിപിടച്ചാണ് അവിടന്നൊക്കെ വരിക!
എത്തിയാൽ വസ്ത്രം പോലും മാറാൻ നിൽക്കാതെ ഭക്ഷണം വിളമ്പി എനിക്ക് മുന്നിൽ സമർപ്പിക്കും.
ആകേ വിശന്ന് തളർന്നു വലഞ്ഞ ഞാൻ അതപ്പാടെ എടുത്തങ്ങു വിഴുങ്ങും..
അത് കാണുമ്പോൾ , വളരെ
സങ്കടത്തോടെ… പരിഭവത്തോടെ…
ഒട്ടൊരു തമാശയോടെ….ദേക്ഷ്യത്തോടെ അമ്മ
ശപിക്കും പോലെ പറയും:
“നോക്കിക്കോ!!
വിവാഹം കഴിഞ്ഞു നീ ചെന്ന് കേറുന്ന വീട്ടിൽ “തവി പിടിക്കാനേ നിനക്ക് സമയം ഉണ്ടാകൂ!”
ഒരു പാഴ് വാക്കായി കേട്ട്
ഞാൻ അതപ്പോൾ
ചിരിച്ചു തള്ളി …
പക്ഷേ
അത് പാഴ്വാക്ക് ആയിരുന്നില്ല!
എന്ന് വിവാഹപ്പിറ്റേന്ന് മുതൽ എനിക്ക് മനസ്സിലായി.
കാരണം
വിവാഹം കഴിഞ്ഞു പിറ്റേ മാസം ഗർഭിണി ആയ ഞാൻ ക്ഷീണത്തോടെയാവും രാവിലെ അടുക്കളയിൽ കയറി പ്രാതലും മറ്റും ഉണ്ടാക്കുന്നത്.
ആദ്യം
അമ്മായിയച്ഛൻ ഭക്ഷണം കഴിക്കാൻ വരും .
പാത്രങ്ങളിൽ ഓരോന്നായി വിളമ്പി.കൊണ്ട് വയ്ക്കും
അദ്ദേഹം കഴിച്ചു..കഴിഞ്ഞു,
പോയതും
ഇളയ അനുജന്മാർ ലവകുശനന്മാരെ പോലെ വന്നിരിക്കും.
അമ്മയില്ലാത്ത കുട്ടിയോൾ എന്നോർത്ത്, ഞാൻ ചേട്ടത്തിയമ്മയുടെ റോളിൽ വെട്ടിതിളങ്ങി നിന്ന് ഭക്ഷണം വിളമ്പി മേശപ്പുറത്തു കൊണ്ട് വയ്ക്കും.
അവർ കഴിക്കുന്നത്‌ സീതാദേവിയെപ്പോലെ നോക്കി നിൽക്കും.
ഇതൊക്കെ പുത്തനച്ചിയുടെ കരുതൽ ഒന്നും അല്ലായിരുന്നു.. ട്ടോ..
അങ്ങിനെ തോന്നിയെങ്കിൽ സ്വാഭാവികം!
പിന്നെ അവർ രണ്ടാളും കഴിച്ചു എഴുന്നേറ്റ് പോകുമ്പോൾ ആ പാത്രങ്ങളും മറ്റും കഴുകി കമഴ്ത്തി, നീര് വന്ന കാലുമായി നേരെ കട്ടിലിൽ പോയി വീണ് മയങ്ങും…
അപ്പോഴേക്കും വീടിനോട് ചേർന്ന് ബേക്കറി നടത്തുന്ന ന്റെ കെട്ടിയോൻ എത്തും.പാത്രങ്ങൾ പെല്ലേ ചിണുങ്ങുന്നത് കേട്ടാലും,ഞാൻ ഉറക്കം ബാധിച്ചങ്ങു കിടക്കും.
പിന്നെ
ചാടി എണീക്കുമ്പോഴേക്കും തടഞ്ഞു കൊണ്ട്,അദ്ദേഹം പാത്രങ്ങൾ കഴുകി രണ്ടാൾക്കും ചോറിട്ടു കൊണ്ട് വരും..
ഞാൻ വച്ച ആഹാരത്തോട് എനിക്കപ്പോൾ വല്ലാത്ത അരുചി തോന്നും.
അമ്പലത്തിലെ നോമ്പ് ചോറ് കഴിക്കാൻ എനിക്ക് തോന്നും
പ്രസന്ന കുഞ്ഞമ്മയുടെ അച്ചാർ കഴിക്കാൻ തോന്നും..
ഭർത്താവിന്റെ അടുത്ത്, മാത്രം :ഞാൻ അമ്മയുടെ മുന്നിൽ എന്നോണം
ആ പഴേ കഴപ്പി ആകും.
എന്നിട്ടും, വെറുതെ പറയും
“ഞാൻ ചോറ് ഇട്ടു തരുമായിരുന്നില്ലേ “
“ഓ സാരമില്ല!
അമ്മ മരിച്ച ശേഷം ഇതൊക്കെയങ്ങു
ശീലമായിപ്പോയി…”അദ്ദേഹം ദുഃഖത്തോടെ പറയും…
എന്റെ അമ്മയുടെ സ്നേഹവായ്പ്പ് ഓർക്കുമ്പോൾ,ഭർത്താവിന്റെ ആ വല്യ നഷ്ടം എന്നിലും സഹതാപം ഉണ്ടാക്കും.
പാചകം ചെയ്യുമ്പോഴൊക്കെ അപ്പപ്പോൾ ഞാൻ ഓരോന്നിന്റേം റെസിപ്പി ഫോണിൽ വിളിച്ചു,
നാട്ടിൽ ബന്ധപ്പെട്ടവരോട് തിരക്കിക്കൊണ്ടിരിക്കും.. അങ്ങിനെ, ഞാൻ
പാചകകലയിൽ ഒളിച്ചു കളിച്ചു.
എന്നാലും
മഞ്ഞൾ കൂടിപ്പോകുന്നത്
ഒരു നിത്യാസംഭവം ആയി:
അമ്മാവൻ പറഞ്ഞു കൊണ്ടിരുന്നു.
പിന്നെ എന്നുമീ ദോശ…….?
ഇങ്ങിനെ ചില്ലറ കുറ്റങ്ങളും …
കുറവുകളും
ഒക്കെ ഉണ്ടായിരുന്നു…
അപ്പോഴൊക്കെ
ഞാൻ മോന്തായം വീർപ്പിച്ചു, അസഹ്യതയോടെ കേട്ട് നിന്ന്,
ഭർത്താവ് വരുമ്പോൾ കലമ്പിച്ചു ജയിക്കും!
പലപ്പോഴും തറവാട്ടമ്മ ചമഞ്ഞു ചാടി തുള്ളി
ദേഷ്യവും കോളും ഒക്കെ കാണിച്ചിട്ടും ഉണ്ട് : ഈ കൊച്ചു ഗൃഹസ്ഥ!
എന്ന് വച്ചാൽ
വിവാഹം കഴിഞ്ഞ അന്ന് മുതൽ
ഒരച്ഛനും, രണ്ട് അനുജന്മാരും പിന്നെ ഭർത്താവും ഞാനും..ഉള്ളൊരു കുടുംബം!
കുറച്ചു കാലങ്ങൾ….
അങ്ങിനെ കടന്നു പോയി.അതിനിടക്ക്
രണ്ട് ഉണ്ണികളേം പ്രസവിച്ചു…
ചെക്കപ്പിന് പോകുന്ന ദിവസങ്ങളിൽ വെളുപ്പിനെ ഉണർന്നു പലഹാരങ്ങൾ ഉണ്ടാക്കി വച്ചിട്ടാണ്
രാധാകൃഷ്ണൻ ഡോക്ടറെ കാണാൻ പോകുന്നത് .. അവിടെ ആ സമയം,
അപ്പോൾ എത്ര തിരക്ക് ആണേലും,ഡോക്ടറുടെ നിർദേശത്താൽ ഒരു നിമിഷം പോലും വെയിറ്റ് ചെയ്യാതെ,
പരിശോധന കഴിഞ്ഞു മടങ്ങാൻ കഴിഞ്ഞിരുന്നു..ഭർത്താവിന്റെ കുടുംബത്തോട് ഡോക്ടർക്ക് വല്യ സ്നേഹം ആയിരുന്നു..
റസ്റ്റ്‌ എടുക്കാൻ ഡോക്ടർ പറഞ്ഞാലും,വീട്ടിൽ വന്നാൽ ചെയ്തു തീർക്കേണ്ട ജോലികൾ ആവും അപ്പൊ എന്റെ മനസ്സ് നിറയേ.ആരുമില്ലാത്ത അവസ്ഥയിൽ, അടുക്കളയിൽ വന്നു കയറും മുൻപ് : നിന്നും ഇരുന്നും നടന്നും ഞാൻ ജോലികൾ ഓരോന്നായി ചെയ്തു തീർക്കും….
കടയിൽ ഒരിത്തിരി സമയം കിട്ടിയാൽ
ഭർത്താവ് ഓടിയെത്തി,എന്നെ വീട്ടുജോലികളിൽ സഹായിക്കും..
അതുകൊണ്ട് ഒരു അനക്കം കേട്ടാൽ അവർ വരുന്നോ…ന്ന്
ഗേറ്റ് ലേയ്ക്ക് നോക്കി ആവും ഞാൻ എപ്പോഴും അടുക്കളയിൽ തളർന്ന മനസ്സോടെ നിൽക്കുക…
അന്നൊക്കെ,
ഭർത്താവ് ഭാര്യയെ സഹായിക്കുന്നത് മറ്റുള്ളോരുടെ മനസ്സിൽ അസഹ്യതയുടെ പുഴുക്കുത്തുണ്ടാക്കി!
ആഹ്ങ്!
എന്നാലും
അതും ഒരു സന്തോഷകാലമായി
ഇന്ന് ഇപ്പോൾ ഓർക്കുമ്പോൾ തോന്നും!
പക്ഷേ
അന്ന്, അതൊരു വനവാസക്കാലം തന്നെ ആയിരുന്നു….

അങ്ങിനെ ഒരു സുഖിയത്തി ആയി നടന്ന ഞാൻ
വിവാഹത്തോടെ
ശരിക്കും
ഒരു പാഠം പഠിച്ചു!
ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു..
അതേ,
ഒരിക്കൽ
പഠിക്കാതെ ഉഴപ്പിയ പാഠങ്ങൾ, പിന്നെ
100 വട്ടം ഇമ്പോസിഷൻ എഴുതിച്ചു
കാലം നമ്മെ പഠിപ്പിച്ചിരിക്കും!”
നിശ്ചയം!!

S. വത്സലാജിനിൽ

By ivayana