രചന : ഹിമവാൻ രുദ്രൻ ✍
എണ്ണം പറയാതേ വരുന്ന തിരകളേ പോലേ,പാദം നനച്ച് പോകുന്ന ഒരു ചോദ്യമുണ്ട്..
നീ ആരായിരുന്നു എനിക്കെന്ന്??
അത് വന്നു പോയാൽ
അഗ്നിഗോളം വിഴുങ്ങിയ പോലേ തൊണ്ടയൊന്നു വരളും…
ചാട്ടുളി ഏറ് കൊണ്ട സ്രാവിനേ പോലേ മനസ് ഒന്ന് പിടയും..
രക്ഷപെടാൻ കഴിയില്ലെന്ന് മനസിലായി നിശബ്ദമാകും…
അകത്തേ നീറ്റലിന് ആക്കം കൂട്ടാത്തേ നിശ്ചലനായി ചോരപൊടിഞ്ഞു നിൽക്കും…
എത്ര ശാന്തമായാലും ഓർമ്മയുടേ നൂലിൻ്റേ ഉലച്ചലിൽ ഹൃദയത്തിൽ കൊരുത്ത ചൂണ്ടകളുടേ വലിവിൽ ഞാൻ പിടഞ്ഞോണ്ടേ ഇരിക്കും…
ഒറ്റയ്ക്കിരുന്നുപോയാൽ കൂട്ടം തെറ്റിയ കുഞ്ഞാട് കാട് കേറണപോലേ നീയെന്ന കുറുനരി കുശുമ്പിയുടേ മുന്നിലെത്തുന്ന എന്നേ മാറ്റാൻ എനിക്ക് കഴിയാതേ പോകുന്നതാണ് നിൻ്റേ വിജയം…
ആ ബലഹീനത
അറിയാവുന്ന നിന്നേപോലൊരാളും ഇല്ലെന്നുള്ള നിൻ്റേ ബോധ്യത്തിൽ നിന്ന് ഉണരുന്ന അഹങ്കാരവും എൻ്റേ ലഹരിയാണ്…
പോക്കുവരവുകളിലേ ചോദ്യ ശരങ്ങളിൽ തുടങ്ങി അറിയാതെ പറയുന്ന വാക്കുകളിലേ മനസറിയാത്ത വ്യാകരണങ്ങളേ സമർത്ഥിച്ച്
മൂക്ക് ചൊറിഞ്ഞത് പോലും മൂന്നാം ലോക മഹായുദ്ധത്തിനാണെന്ന് പറഞ്ഞ് കലഹിക്കുന്ന നിൻ്റേ പ്രണയം…
ഭ്രാന്തമായി നീ ആടി തിമിർത്ത്..
തിറകൊണ്ട ഭൈരവിക്കോലത്തിൻ്റേ അനുഗ്രഹം പോലേ എല്ലാത്തിനും അവസാനം നിൻ്റേ വീണുടഞ്ഞ് രുചിപ്പിക്കുന്ന പ്രണയരസം..
വിരൽ കൊണ്ട് ചുണ്ട് ബന്ധിച്ച് പറയുന്ന നിർബന്ധങ്ങൾ…
പിടിച്ച് നിൽക്കാൻ കഴിയാതേ വരുമ്പോൾ വാപൊത്തിയ വിരലുകളിൽ കടിച്ച നെമ്പരങ്ങൾ..
കലികൊണ്ട് നിൽക്കുമ്പോഴും കൺവെട്ടത്ത് നിന്ന് മറയരുതെന്നുള്ള ഉത്തരവുകൾ..
അറിയാത്ത കഥകൾ പറയുമ്പോൾ അലക്ഷ്യതയ്ക്ക് തരുന്ന നഖപ്രയോഗങ്ങൾ..
കണ്ണ് കൊണ്ട് കൂടേ വരാൻ പറയുന്ന അന്ത്യശാസനങ്ങൾ..
അരികെലുത്തുന്ന അടിമയ്ക്ക് നൽകുന്ന രഹസ്യ സമ്മാനങ്ങളും ചിട്ടവട്ടങ്ങളും..
മുടി മുഖത്ത് ഇഴച്ച് നൽകുന്ന സുഖചികിൽസകൾ..
മുട്ടാതേ മുട്ടിയകലുന്ന മാറിട ലേപനങ്ങളിൽ മനസ് പറഞ്ഞകലുന്ന അടവിൻ്റേ സൗഭദ്രങ്ങൾ..
വിരലറ്റങ്ങളിൽ നീ തിരുമ്മിത്തീർക്കുന്ന പരിഭവങ്ങൾ..
ഒരു ചെറുകടികൊണ്ടവസാനിക്കുന്ന പിണക്കങ്ങൾ..
പറഞ്ഞവസാനിക്കാത്ത തോന്നലുകളിൽ ചാരിയിരുന്നുള്ള മൗന ഗദ്ഗദങ്ങൾ..
അടക്കം പിടിക്കുമ്പോൾ കുതറിയോടി ചിരിച്ച് വീണ്ടും കൊതിപ്പിക്കുന്ന മൻമദ മന്ത്രങ്ങൾ..
നിൻ്റേ വിയർപ്പും ലേപനങ്ങളും ചേർന്നുള്ള മദരസക്കൂട്ടിൻ്റേ ഗന്ധങ്ങൾ…
ഇടുപ്പുകളിൽ അറിയാതേ തട്ടിയാലും പിടഞ്ഞുലയുന്ന മേനിയുടേ പ്രതീക്ഷകൾ..
കൈകോർത്ത് പിടിച്ചു സമാധാനിപ്പിക്കുന്ന പ്രതിസന്ധികൾ..
എല്ലാം..
മന്വന്തരങ്ങളിലേ ഏതോ പ്രജാപതിയുടേ ശാപം പോലേ നഷ്ടമായിരിക്കുന്നു…
കാരണങ്ങളില്ലാതേ അകലേണ്ടി വരുന്ന നീചരാശിയോഗം എല്ലാ ജൻമങ്ങളിലും എന്നേ പിന്തുടരുന്നു എന്നു തോന്നുന്ന മനസിൻ്റേ കാലേ കൂട്ടിയുള്ള പ്രവചനങ്ങൾ ഇന്നും സത്യമായിരിക്കുന്നു..
പ്രതീഷകളുടേ അങ്ങേ അറ്റത്ത് നീ ഇല്ല എന്ന സത്യത്തേ കുടിയിരുത്താൻ ശ്രമിക്കും തോറും സ്വയംഭുവായി ഉയർന്ന് വരുന്ന കദംബ വന ശാപം..
ഇനി എത്ര ശ്രീചക്രങ്ങളിൽ ചുമന്ന പൂവ്കൊണ്ട് പുജിച്ച് തീർക്കണം..
ഇനിയെത്ര ദാനങ്ങൾ കൊണ്ട് മോക്ഷം തീർക്കണം..
ഓർമ്മയിൽ നിൻ്റേ മൂക്കുത്തി തുമ്പിൽ തൊട്ടുരുമ്മി മാറ്റുകൂട്ടിയ നിമിഷങ്ങളേ നെഞ്ചിൻ്റേ ഇടനാഴിയിൽ തടവി തുടിപ്പിക്കുമ്പോൾ,എന്നോടുള്ള വാശി തീർക്കാൻ രണ്ട് മൂക്കിലും മൂക്കുത്തി കുത്തി നക്ഷത്രങ്ങളേ നോക്കി പറയുന്ന ശാപം കലർന്ന പരിഭവങ്ങൾ എനിക്ക് മാത്രം കേൾക്കാവുന്ന ആവൃത്തികളിൽ എൻ്റേ കർണപടലങ്ങളേ അലോസരപെടുത്തുന്നുണ്ട്…
പണ്ടും പറഞ്ഞത് തന്നേ പറഞ്ഞ് കലഹിക്കാൻ നീ മിടുക്കി ആയോണ്ട്,അതിലെനിക്ക് അടിതെറ്റുമെന്നും അറിയാവുന്നോണ്ടും നീ അത് തുടർന്നുകൊണ്ടേ ഇരിക്കും…
മറ്റൊരാൾക്ക് നിന്നേ നീ വിട്ട് കൊടുക്കാതിരിക്കുന്നതാണ് എൻ്റേ അടിമത്വത്തിൻ്റേ പ്രമാണം എന്നറിഞ്ഞോണ്ടുള്ള ഏകാന്തപഥനം എത്ര കാതങ്ങൾ നീളും എന്നാണ് ഇനി അറിയേണ്ടത്.