സുദീർഘ സ്വപനങ്ങൾ കാണാൻ
ബസ്സാണ് നല്ലത്.
വായിക്കാനും സംസാരിക്കാനും
ഫോൺ ചെയ്യാനുമൊക്കെ
പറ്റിയൊരിടം.

ഒരേ പാതയിലാണങ്കിലും
ഒരേ കാഴ്ചയായിരിക്കില്ല
കണ്ടുകൊണ്ടിരിക്കുന്നത്.
സീറ്റിൽ
കൃത്യമായ അകലത്തിൽ
കുഴിച്ചിട്ട തൈകൾ.
തൂങ്ങി നിൽക്കുന്നവർ
ഇറച്ചിക്കടകളെ ഓർമ്മിപ്പിച്ചു.
ശരീരത്തെ ചാരിയിരുത്തി
ഇറങ്ങി നടക്കും പലരും.
കടൽക്കരയോ
ഒഴിഞ്ഞ മരത്തണലോ
തേടിപ്പോകും.
ചിലർ ആലോചനകളുടെ
കമ്പി മുറുക്കിച്ചുറ്റും.
വീട്ടിൽ പറയേണ്ട നുണകൾ
അടുക്കി വെച്ചു കൊണ്ടിരിക്കും
വേറെ ചിലർ.
ബസ്സ് ചിലപ്പോഴൊക്കെ മരണവീടാകും
അടക്കിപ്പിടിച്ച സംസാരങ്ങൾ
ദീർഘനിശ്വാസങ്ങൾ.

ബസ്സിൽ കേറുമ്പോഴൊക്കെ
ഞാൻ കടൽയാത്ര സ്വപ്നം കാണാറുണ്ട്
അക്വോറിയം പോലുള്ള
ആഡംബര കപ്പലിൽ.
താഴെ നിലയിൽ
കടലിൻ്റെ വന്യത
നേരിൽ കാണാനാകും.
കടൽരഹസ്യങ്ങളിലൂടെയുള്ള സഞ്ചാരം.

കാറും ലോറിയും ബൈക്കുമിപ്പോൾ
പലതരം മീനുകളാണ്.
ഓരോ സ്റ്റോപ്പിലും
കടലിലേക്കിറങ്ങിപ്പോകുന്നവർ
നനയാതെ
കേറി വരുന്നവർ.

മീനുകൾക്കും
റൂട്ട് മാപ്പ് കാണും
വെളളത്തിൽ വരക്കുന്ന
അതിരുകളായത് കൊണ്ടാവും
വലിയ മീനുകളിൽ നിന്ന്
ചെറുമീനുകൾ
രക്ഷപ്പെടുന്നത്.

സ്റ്റാൻ്റെത്തി.
ഞാനിറങ്ങേണ്ട കടലായി.

അഹ് മദ് മുഈനുദ്ദീൻ.

By ivayana