പതിയെ ഞാനുമീ നൊന്ത പ്പകലിന്റെ –
പടികളിറങ്ങി മറയുന്ന നേരം
അരുതോമലേ പിൻവിളിയും
നോവും കരച്ചിലും
അലയടിച്ചീടും കൊടും വിഭ്രാന്തിയും

അതിനിഗൂഢമാം ജീവന്റെ പൊരുളിൽ
അടയിരിപ്പാദിയിൽ ദുഃഖവും മൃത്യൂവും

പുണർന്ന മൗനത്തിൽ സൂര്യനുദിപ്പതും
പറഞ്ഞ വാക്കുകൾപൂക്കളാവുന്നതും
പിണക്കങ്ങളെല്ലാം
രുചികളാവതും
നടന്ന വഴികൾ തിരികളാവതും

പനിയിൽ മുളച്ച കിനാവുകളെല്ലാം
മഴയിൽ വസന്തം നിറച്ചു വയ്പ്പതും

അന്യരായ് തോന്നിയ മാത്രകളോരൊന്നും
ധന്യമായ് തീരുന്ന വിസ്മയ ധാരയും

വീടാകടങ്ങളിൽ പതിയെ നിലാവിൻ
കടമിഴിക്കോണുണർന്നാകാശമാവതും

ജന്മാന്തരങ്ങൾക്കു
നാം തുന്നി വെച്ചതാം
ഉമ്മകൾ കുഞ്ഞുങ്ങളായി
ചിരിപ്പതും

കൊടുങ്കാറ്റിലും കെട്ടുപോകാതിരുന്ന
വാക്കായിരുന്നു നാമെന്ന പ്രതീക്ഷയും

നിന്റേതാവുന്നു ഞാൻ
പോയിക്കഴിഞ്ഞാലും

മരണം ചാർത്തുന്നു
ഓർമ്മകൾക്കാഴവും ഭംഗിയും’
പട്ടും വളയും കിരീടവും!

പതിയെ ഞാനുമീ നൊന്ത പ്പകലിന്റെ –
പടികളിറങ്ങി മറയുന്ന നേരം
അരുതോമലേ പിൻവിളിയും
നോവും കരച്ചിലും
അലയടിച്ചീടും കൊടും വിഭ്രാന്തിയും

By ivayana