രചന : എസ്കെകൊപ്രാപുര ✍
എനിക്ക് വിശക്കുന്നു.. എങ്കിലും…
ഈ വിശപ്പെനിക്കിന്ന് വിശപ്പല്ല..
വേദനയാണ്..അനുജന്റെ ചുണ്ടിന്റെ
വിറ കണ്ടുള്ളിൽ നിറഞ്ഞ വേദന..
അവനെനിക്കിന്ന് പ്രിയമായവൻ..
ആരോ ഒരമ്മ .. എവിടെയോ പെറ്റു…
ഈ പട്ടണകോണിൽ പാർക്കുമെന്റെ
ചാരത്ത് എനിക്കൊരു കൂട്ടിനായ്…
സമ്മാനമായി തന്ന എന്റനുജൻ..
ഇന്നവനു ഞാനച്ഛനാണ്..അമ്മയാണ്..
ജേഷ്ഠനാണ്..തണലാണ്…
ഇരുഹൃദയങ്ങളിന്നു ബന്ധിച്ചു
പൊക്കിൾകൊടിപോലെ..
പഴുതാര പായും മണ്ണിൽ വിരിച്ചിട്ട
കടലാസു പായയിൽ ചേർന്നൊട്ടി
യുറങ്ങുമവനിന്നു ഞാനൊരു പുതപ്പാണ്..
ചെറുതെങ്കിലും ഈ കരങ്ങളിൽ
പേടിയില്ലാതുറങ്ങുന്നവൻ നിത്യം…
വാഴിവക്കിലാരോ വലിച്ചെറിഞ്ഞ
നൂൽ പൊട്ടിയകന്നു പോയൊരു
ഇരുതലയെത്താത്ത ട്രൗസരിൽ
ചണ ചരടുകൾ കോർത്തുകെട്ടി
അരയിലുറപ്പിച്ചു നാണം മറച്ചു..
ഇല്ലയെന്റനിയനിക്കില്ലരയിൽ
നാണം മറയ്ക്കുവാനൊരു ചണച്ചരടുപോലും..
തറയിലുറങ്ങുമനുജനു മൂർദ്ധാവിൽ
ഉണർത്താതെയൊരുമുത്തമേകി
വിശപ്പേറി നട്ടെല്ലിലൊട്ടിയ വയർകണ്ടു
നീറിപ്പുകഞ്ഞു നിറക്കണ്ണുമായി
അവനുണരും മുമ്പിങ്ങെത്തീടുവാൻ
ഇരക്കുവാനിറങ്ങി കൈനീട്ടി ചുറ്റിലും..
വെട്ടിപ്പിടിക്കുവാൻ വെമ്പൽ പൂണ്ടു
പായും കരുണവറ്റീയുറഞ്ഞ കണ്ണുകൾ
തട്ടീയകറ്റി ഈകുഞ്ഞു കൈകളെ
അല്പം ദയയില്ലാതുള്ള കരങ്ങളാൽ..
ആധിയാലീ ദേഹം കിതക്കുന്നു
ഉണർന്നു കരയുമോയെന്റെ കുഞ്ഞനുജൻ..
വർണ്ണപ്പകിട്ടിലനുദിനം മേലങ്കി
മാറിയണിഞ്ഞീ നഗരം ചുറ്റുന്നോർ
മുന്തിയ ഭക്ഷണം വാങ്ങി ഭുജിപ്പാൻ
പണമെത്രവേണേലും ചിലവാക്കീടുന്നോർ
എന്തിനു മടിപ്പൂ കൊച്ചു തുട്ടൊന്നുനൽകി
ഈ പിഞ്ചു പള്ളതൻ വിശപ്പാറ്റീടുവാൻ..
ഇനിയുമീ കൈകളിൽ വീണില്ല തുട്ടൊന്നും
തളർച്ചവിട്ടെന്റനുജൻ ഉണരാതിരുന്നെങ്കിൽ
പ്രിയമാണിന്നവൻ ആ മനം തേങ്ങുവാൻ
പാടില്ലയീ ജേഷ്ഠനുള്ള കാലങ്ങളിൽ
തേടീയലഞ്ഞുച്ചവരെയുമീ നഗരിയിൽ
കിട്ടിയില്ലൊന്നുമേ കുഞ്ഞേ നിനക്കായി..
ഒരു എച്ചിൽ തൊട്ടിയിൽ കയ്യിട്ടിളക്കി
കിട്ടീയൊരുപൊടിയന്നത്തിൻ ബാക്കി
എനിക്കായി തിരയുവാൻ നേരമില്ലൊട്ടുമേ
ഓടിയെത്തീ വേഗമനുജന്നു മുന്നിലായ്..
തട്ടീയുണർത്തി ഊട്ടിക്കൊടുത്തിട്ടു
ഓടി ഞാനെന്റെ വിശപ്പൊന്നാടക്കുവാൻ…
അല്പമന്നം മിച്ഛമാക്കിയാരേലും
കുപ്പത്തൊട്ടിയിലെറിഞ്ഞെങ്കിലിനിയും
വിശപ്പിൽ പുകയുന്നയീ പള്ളക്ക് വേണ്ടി…
അത്താഴമായെന്റെ അനുജന് വേണ്ടി..
കുപ്പത്തൊട്ടിയിലാണെന്റെ പ്രതീക്ഷകൾ..
ആരോ എനിക്കായി നൽകിയ അനുജന്റേം..