രചന : ദിവ്യ സി ആർ ✍
പൊള്ളുന്ന നട്ടുച്ചയുടെ അടരുന്ന വെള്ളിവെളിച്ചത്തിൽ, നിറഞ്ഞ പുഞ്ചിരിയോടെയാണ് ആ ബസ് സ്റ്റോപ്പിലെ ഇത്തിരി ഇരിപ്പിടം എനിക്കായി കൂടി അവർ പങ്കുവച്ചത്. കടുക്കുന്ന വേനലും സമകാലിക സാമൂഹികാന്തരീക്ഷങ്ങളെക്കുറിച്ചും ആ അറുപതികാരി നെടുവീർപ്പോടെ പറഞ്ഞു തീർത്തു. അവരെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങൾ വളരെ ഹ്രസ്വവും മറുപടികൾ നീണ്ട ദൈർഘ്യമുള്ളവയുമായിരുന്നു. വിവാഹ ജീവിതത്തിന്റെ തളർത്തുന്ന ഓർമ്മകളെ; മൂന്നാമത്തേതും പെൺകുട്ടിയാണെന്നറിഞ്ഞപ്പോൾ ഉപേക്ഷിച്ചു പോയ മനുഷ്യനെക്കുറിച്ചും അതിനേക്കാൾ വേഗത്തിൽ അകന്നുപോയ വീട്ടുകാരെക്കുറിച്ചും അവർ വാചാലയായി. കൂലിപ്പണിയെടുത്തും വീട്ടുജോലി ചെയ്തും മൂന്ന് പെൺകുട്ടികളെയും വിദ്യാഭ്യാസം നൽകി വിവാഹം കഴിപ്പിച്ചു. മക്കളൊക്കെ സന്തോഷപൂർണമായ ജീവിതം നയിക്കുമ്പോൾ, ജോലി മതിയാക്കി മക്കളുടെ തണലിൽ ജീവിക്കാൻ അവരുടെ ആത്മാഭിമാനം സമ്മതിച്ചിരുന്നില്ല.
ദീർഘമായ സംഭാഷണങ്ങളിൽ അവരോടുള്ള ബഹുമാനവും ആദരവും കൂടിക്കൂടി വന്നു. ക്ഷീണം തളർത്തിയ അവരുടെ കണ്ണുകളിൽ നോക്കി:
“ഞാൻ ഭക്ഷണം വാങ്ങി തരട്ടെ..” എന്നുചോദിക്കുമ്പോൾ,
“നീയെന്താ പണക്കാരിയാണോ.?” എന്ന മറുചോദ്യം.!
“ഒരു നേരത്തെ ഭക്ഷണം വാങ്ങിത്തരാൻ പണക്കാരിയാകണമെന്നില്ല. ഉള്ളത് പങ്കുവയ്ക്കാനൊരു മനസ്സ് മാത്രം മതി. അതെനിക്കുണ്ടെന്നാണ് വിശ്വാസം.” എന്റെ മറുപടിയിൽ ഞങ്ങൾക്കിടയിൽ മൗനം പടർന്നു. ബസ്സ് വന്നതും ഞങ്ങൾ യാത്ര പറഞ്ഞ് ഇരുവഴികളിലേക്കിറങ്ങിപ്പോയി..
ആശ്രയമാകേണ്ടവർ കൈവിടുമ്പോൾ എങ്ങനെ ജീവിക്കുമെന്നോർത്ത് ആത്മഹത്യയിൽ അഭയം തേടുന്നവർ വർദ്ധിക്കുന്ന ഇന്നത്തെ കാലത്ത്, ആരുമില്ലെങ്കിലും ഇച്ഛാശക്തിയോടെ ആത്മാഭിമാനത്തോടെ ജീവിക്കാമെന്ന് അവകാശവാദങ്ങളില്ലാതെ പറഞ്ഞു പോകുന്ന അവരെപോലുള്ള നിരവധി അതിജീവിതകൾക്ക് നേരാം ആശംസകളോടെ ഒരു വനിതാദിനം കൂടി…

ഹൃത്തിൽ നിന്നടർന്നു വീണ
ഒരൊറ്റ മഷിത്തുള്ളിയാൽ
ഞാൻ നിന്നെ പകർത്തിയെഴുതുന്നു.
ഉണർന്നിരിക്കുന്നൊരഗ്നി പർവ്വത-
ലാവ പോൽ; അഗ്നി വർഷിക്കാൻ
കാത്തിരിക്കുന്ന ഉൾച്ചൂടിന്റെ
തീക്ഷ്ണത.!
ചതിയുടെ നിസ്സംഗതകളിൽ
നിന്നവളുണരുമ്പോൾ;
പതറിപ്പോകാത്ത വരികളാൽ
നിനക്കായി ഞാനൊരു
പാത വരയ്ക്കുന്നു.
കുറ്റപ്പെടുത്തലുകളുടെ
പിൻവിളികൾക്കിന്നെന്റെ കാതുകൾ
കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു.!
കനിവിന്റെ കരുണ പടർന്ന
കണ്ണുകളിൽ: ഞാൻ നീയെന്നും
നീ ഞാനെന്നും
എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു.!
