രചന : ജയന്തി അരുൺ ✍
അവളും ഞാനും തമ്മിൽ
ഇന്ന് വനിതാദിനമാണല്ലോന്നു രാവിലെയാണ് ഓർത്തത്. ഓർക്കാതിരിക്കുന്നതെങ്ങനെ?
സ്ത്രീ ആനയാണ്, ചേനയാണ് എന്നൊക്കെ സന്ദേശങ്ങളുടെ ഒഴുക്കല്ലേ.
രാവിലത്തെ മടിയോടൊപ്പം സന്ദേശങ്ങളുടെ കുത്തൊഴുക്കും. വേറൊന്നും ആലോചിച്ചില്ല. അവധിയെടുത്ത് അവളെയും കൂട്ടി ഇറങ്ങി.
നേരത്തെ ഉണർന്നതു കൊണ്ട് പണികളെല്ലാം ഒതുങ്ങിയിരുന്നു.
അലസമായി അവളുടെ കൈപിടിച്ച് സ്കൂട്ടറിൽ കയറ്റി . പതിവില്ലാത്തതാണ്. എന്നും അടുക്കളയിൽ വിട്ടിട്ട് വണ്ടിയും എടുത്തിറങ്ങുന്നതാണ്. സ്ഥിരമായി കെട്ടിവയ്ക്കുന്ന പട്ടുപോലെയുള്ള മുടികൾ ശ്വാസമെടുക്കുന്നുണ്ടായിരുന്നു, കറികളിലെങ്ങാനും വീഴുമോ എന്ന പേടിയില്ലാതെ.
വലിച്ചുവാരിയുടുത്തിരുന്ന സാരി എത്രയൊതുക്കിയിട്ടും പറക്കുന്നു. പറക്കുകയല്ല, സന്തോഷം കൊണ്ട് നൃത്തം ചെയ്യുകയാണ്. അവളുടെ ഓരോ ചലനത്തിലും ആ സന്തോഷമുണ്ട്.
അവളുടെ നോട്ടം കുടുങ്ങിയ ബേക്കറിയ്ക്ക് മുന്നിൽ വണ്ടി ഒതുക്കി.
കറുത്ത ഹൽവയും കടുപ്പമുള്ള ചായയും ഓർഡർ ചെയ്തു. എന്റെ ഇഷ്ടം ഓർമ്മയുണ്ടോ എന്നൊരു ചോദ്യഭാവം അവളുടെ മുഖത്ത് തങ്ങി, ആഹ്ലാദമായി വിടർന്നു. അവൾ ആദ്യമായി വരുന്നതാണോ ഇവിടെ? താൻ ഇടയ്ക്ക് ഓഫിസിൽ നിന്നും വരുന്നവഴി കുട്ടികൾക്ക് ചോക്ലേറ്റും ഐസ് ക്രീമും വാങ്ങാറുള്ള കടയാണ്. ചായ ഊതിയൂതി കുടിക്കുന്ന അവളുടെ മുടിയിഴകൾ ചെവിയ്ക്ക് പുറകിലേക്ക് ഒതുക്കി വച്ചു കൊടുത്തു പ്രതീക്ഷിക്കാത്തത് കൊണ്ടാവാം അവൾ ഒന്ന് ഞെട്ടി, നാണിച്ചു. പ്രണയത്തോടെ തോളിലേക്ക് ചാഞ്ഞു.
നേരെ പുഴയോരത്തേക്കാണ് പോയത്. കോളാമ്പികൾ വച്ച് പിടിപ്പിച്ചു സുന്ദരമാക്കിയിട്ടുണ്ടല്ലോ എന്നവൾ ആശ്ചര്യപ്പെട്ടു. ജീവിതപ്പാച്ചിലിൽ ആർക്കു ശ്രദ്ധിക്കാൻ നേരം എന്ന് വെറുതെ നെടുവീർപ്പിട്ടു.
പുഴയോരത്തെ പുല്ലാന്തിപ്പൂക്കൾ കുലയോടെ പറിച്ചെടുക്കണമെന്ന് അവൾ വാശി പിടിച്ചു. വാശി പിടിക്കുമ്പോൾ എന്തു ചന്തമാണ് പെണ്ണിന്. വലിയ ചുവന്ന വട്ടുപ്പൊട്ടു തൊട്ട കാന്താരി. അവളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. സ്നേഹത്തോടെ ചേർത്തണയ്ക്കാൻ തോന്നും. ഓഫീസിൽ ഫയൽ നോക്കുമ്പോഴും ചിലപ്പോൾ ഈ കുറുമ്പി മനസ്സിലേക്ക് ഓടിവരും. കണ്ടില്ലെന്നു നടിക്കും. മുട്ടോളം ചേറിലിറങ്ങി പുല്ലാന്തിപ്പൂക്കൾ മാത്രമല്ല ആമ്പൽപ്പൂക്കളും പറിച്ചു കൊടുത്തു പെണ്ണിന് . ആ കണ്ണുകളിലെ നക്ഷത്രത്തിളക്കവും നിലാവ് കോരിയിട്ട ചിരിയും കൺകുളിർക്കേ കണ്ടു.
“മതി.. വാ പോകാം “എന്ന് ഞാനവളുടെ കൈപിടിച്ചു. കൈ വിടുവിച്ച് കിലുകിലെ ചിരിച്ചു. ചിരിയിൽ മയങ്ങി വണ്ടി ബീച്ചിലേയ്ക്ക് വിട്ടു.
“എന്തു രസമാണല്ലേ കടല്? “
അവൾ കടല കൊറിച്ചു തിരയെണ്ണിയെണ്ണി കടൽത്തീരത്ത് മണൽക്കൊട്ടാരമുണ്ടാക്കി. ഞാനവളെ കണ്ടു കണ്ടു കണ്ണ് നിറച്ചു.
ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലെന്നു വിശപ്പ് എന്നെ തൊട്ടുവിളിച്ചു. ഓഫിസിൽ കൃത്യസമയത്തു കഴിക്കുന്നതാണ്. അവൾ വിശപ്പറിഞ്ഞതേയില്ല.
കുറച്ചു നേരം കൂടി നിലാവ് കണ്ടിട്ട് പോകാമെന്നവൾ വാശി പിടിച്ചു. കടൽക്കാറ്റിൽ അവളുടെ മുടിയിഴകൾ നൃത്തം ചെയ്യുന്നത് നോക്കി ഞാൻ മതി മറന്നു.
നേരമിരുട്ടിയെന്നു അവളെ ശകാരിച്ചെങ്കിലും എന്റെ പെണ്ണിന് വനിതാദിനാശംസകൾ എന്ന് പറഞ്ഞ് ഞാനവളെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു.
നേരം രാത്രിയായെന്നു പിടിച്ചു വലിച്ചു വണ്ടിയിൽ കയറ്റി വീട്ടിലേക്ക് മടങ്ങി.
അവൾ പരിഭവിച്ചു, കണ്ണുകൾ നിറച്ചു. പിച്ചുകയും മാന്തുകയും ചെയ്തു.
നീയൊരു ഭാര്യയാണെന്നും അമ്മയാണെന്നും ഞാനവളെ ശാസിച്ചു.
വണ്ടിയുടെ ഒച്ചകേട്ട് വാതിൽക്കൽ ആളെത്തുംമുമ്പ് ഞാനവളെ പറ്റാവുന്നത്ര ബലം പ്രയോഗിച്ചു എന്റെ ഉള്ളിലേക്ക് വലിച്ചിട്ടു. കയറാൻ കൂട്ടക്കാതെ കുതറിയ അവളെ തല്ലിയൊതുക്കി ചുരുട്ടിക്കൂട്ടി നെഞ്ചിലേയ്ക്ക് പൂഴ്ത്തി. അടങ്ങിക്കിടക്കൂ, അടങ്ങിക്കിടക്കൂ എന്നു മന്ത്രിച്ചുകൊണ്ട് ഞാൻ സാരിനേരെയാക്കി സ്വയം ചിരിച്ചു. പല പല ചോദ്യങ്ങളുമായി പിന്നാലെ വന്ന പരുഷമായ നോട്ടങ്ങളെ കണ്ടില്ലെന്നു വച്ച് നേരെ അടുക്കളയിലേക്ക് നടന്നു. മുടി ഒതുക്കിക്കെട്ടി ആർക്കും മുഖം കൊടുക്കാതെ
അത്താഴത്തിലേക്കുള്ള വഴി തുറന്നു. ചോദ്യങ്ങൾ തീന്മേശയിൽ ഒടുങ്ങട്ടെ.
✒️.
ജപ്തിജീവിതം
കുറഞ്ഞവാടകയ്ക്ക്
ഒരുവീടുനോക്കാൻ
ഇറങ്ങിയതാണ്.
ജനാലകൾ
തുറക്കുമ്പോൾ
ദ്രവിച്ചു മരവിച്ച
നെടുവീർപ്പുകൾ.
അലമാരകളിൽ
പ്രതീക്ഷകളുടെ
പൊട്ടിച്ചിരിട്രോഫികൾ,
പാൽപുഞ്ചിരികൾ,
കൗമാരക്കിനാവുകൾ..
അടുക്കളയിൽ,
തീന്മേശയിൽ
ഇറച്ചികരിഞ്ഞ
മണ്ണെണ്ണ മണം.
ചാരുകസേരയിൽ
കുനിഞ്ഞിരിക്കുന്ന
തിരിച്ചടവുകണക്കുകൾ.
വരാന്തയിൽ
കൊട്ടൻചുക്കാദി
തിരുമ്മുചൂരുകൾ.
നടുത്തളത്തിൽ
ചുമർചാരി
കണ്ണീർവറ്റിയ
ജീവിതപ്പേച്ചുകൾ.
കിണറ്റിൽത്തെളിഞ്ഞ
കരിമ്പാറയിൽ
കുതിർന്നൊട്ടി
മരണക്കുറിപ്പുകൾ
ഗേറ്റടയ്ക്കുമ്പോൾ
കുപ്പിവളക്കിലുക്കങ്ങൾ,
പിൻവിളികൾ.
പാതപിന്നിട്ടോടിയൊടി-
ക്കിതയ്ക്കുമ്പോൾ
സ്നേഹച്ചങ്ങലപൊട്ടിച്ച്
കുതിച്ചുപായുന്ന
വയസ്സൻനായക്കുരകൾ.
തിരിഞ്ഞോടി
വരാന്തയിൽ
കിതച്ചുവീണപ്പോൾ
മുടിമാടിയൊതുക്കുന്നു
ജപ്തിചെയ്തോടിയ
വാത്സല്യത്തണുപ്പുകൾ.
“തിരിച്ചെത്തിയോ?
കുളിച്ചീറനായിവരൂ,
വേലിയ്ക്കരികിലെ
പൊട്ടക്കിണർമാത്രം
ബാക്കിയായിട്ടുണ്ട്;
മീനമാസത്തിലും
ധനുക്കുളിരുള്ള
ഉറവച്ചാലും.”
