ഓരോ എഴുത്തും
മറ്റൊന്നിൻ്റെ തുടർച്ചയാകുന്നതു
യാദൃശ്ചികം.
മനസ്സ് മനസ്സിനെ
തൊടുമ്പോളവിടെ
സർഗ്ഗപിറവി സാധ്യമാകും
ചിന്തകൾ ചിന്തകളെ തൊട്ടു വിളിക്കുന്ന
ധന്യവേളയിൽ
നാം നമ്മോടുതന്നെ സംവേദനം ചെയ്യുന്നതെത്ര മനോഹരം!
ഞാനറിയട്ടെ,
നിൻ്റെയോരോ കണ്ണീരിൽ കുതിർന്നവരികൾക്കും
അനുപല്ലവിയെഴുതുന്നവളെ നീ കണ്ടിരുന്നെന്നോ?
ഒന്നിൽ നിന്നും
മറ്റൊന്നു പിറവിയെടുക്കുന്നത്
കണ്ടു നീ
ആശ്ചര്യപ്പെട്ടിരുന്നെന്നോ?
ഋതു മാറി
ഋതു വരുംപോലെ
ചിന്തകൾക്കു തുടർച്ചയവിടെ ദർശിച്ചിരുന്നുവോ?
തെളിമയുടെ
ആകാശത്ത് ചിതറിയൊഴുകും
പഞ്ഞിക്കെട്ടുകൾ പോലെ നൂറായിരം
വിഷയങ്ങൾ നേർത്ത മേഘശകലങ്ങൾ പോലെ
നമ്മുടെ തലച്ചോറിനെ
ഉണർത്തി വെക്കുകയായിരുന്നു.
വറ്റാത്ത പുഴ പോലെ
നുരയിട്ട് പതഞ്ഞ് നാമൊരൊഴുക്കാകുന്നു.
നിത്യതയുടെ
ആകാശങ്ങളിലെ കടുത്ത ചായങ്ങൾ പുരളുന്ന ചക്രവാളം പോലെ
മനസ്സുകളിൽ നിറം
തൂകി പടരുന്ന
ചന്തം പോലെ നമ്മിലെ സങ്കല്പങ്ങൾ,
ദുഃഖങ്ങൾക്ക് ചായാനൊരിടം
കണ്ണീരിനൊരു കൈലേസ്.
ജലരേഖകളെന്നു
തോന്നിച്ചേക്കാം,
ഹൃദയനൊമ്പരങ്ങൾ സുഖപ്പെടുമെന്നൊരു
സാക്ഷ്യത്തിനറ്റത്ത് മഷിപ്പേനയിലേക്ക്
സ്വപ്നങ്ങളെ ഇറ്റിച്ചു നിറക്കുന്നൊരു വിദ്യ.
മനസ്സിലെ താഴ് വര നീളെ ജക്കരന്ത പുഷ്പങ്ങളെ
വരവേൽക്കുന്ന കാഴ്ചയുടെ തുമ്പത്ത്
പ്രണയത്തിൻ്റെ പുഷ്പകവിമാനത്തിലേറുന്നുണ്ട് മനസ്സ്.
എവിടെ പോയൊളിച്ചാലും
ഈ മനോഹര തീരത്തെത്തുന്നൊരുൾവിളിയായി ഈ തുറന്നെഴുത്ത്.
ഹൃദയതാളത്തെ
ഉത്കടമായ വാഞ്ഛയോടെ കടലാസ്സിൽ
പകർത്തിവെക്കുന്നിടത്ത് കൃതാർത്ഥതയുടെ
ഒരു കുടമുല്ലത്തൈ ഭൂമിയിലൊരിടത്ത് നട്ടു വച്ച
സന്തോഷമാണപ്പോൾ അനുഭവവേദ്യമാകുന്നത്.
ഭാവനയുടെ പൂവമ്പെൻ്റെ മാനസ്സത്തിലേക്കെയ്തജാലക്കാരാ
ഗൂഢമായൊരു പുഞ്ചിരിയായതണിഞ്ഞീടാനാ-
നൊമ്പരമെന്നിലൊരു കാലവും
സുഖപ്പെടാതിരിക്കട്ടെയെന്നാശയാണെനിക്ക്.

By ivayana