പണ്ടു നമ്മൾ വേർപ്പൊഴുക്കീ-
ട്ടൊത്തുചേർന്നു പടുത്തതല്ലേ
ഇന്നു കാണും നേട്ടമൊപ്പം
മക്കളാളും സൗഖ്യമെല്ലാം

ഇന്നതെല്ലാം നമ്മളൊന്നി-
ച്ചാസ്വദിക്കാൻ യോഗമില്ലാ-
തെങ്ങുപോയെൻ സ്വർഗ്ഗമേ നിൻ-
ദേഹിയെന്നോടൊപ്പമിന്നും

പ്രിയതമേ നീയൊപ്പമില്ലെ-
ന്നാലുമെൻ സായന്തനത്തിൽ
സാർത്ഥമാമെൻ ജീവനം നിൻ
സ്മരണയല്ലാതെന്തു വേറേ?

സ്മൃതിയതെല്ലാം മാഞ്ഞുപോകിൽ
ജീവനുള്ളൊരു ജഡമതാരും
എങ്കിലോ എൻ പ്രണയിനീ നിൻ
സ്മൃതികളാണിന്നെന്റെ ജീവൻ.

പുലരിമഞ്ഞിൻ തണുകണങ്ങൾ
നേർത്തു തൂവും കാഴ്ചയിൽ ഞാ-
നോർമ്മപേറും പ്രേയസീ നിൻ
ലാളനം പരിരംഭണങ്ങൾ.

അന്തിമാനച്ചോപ്പു കണ്ടാൽ
സന്ധ്യയിൽ നിറദീപമേന്തീ-
ട്ടുമ്മറത്തേക്കെത്തിടും നിൻ
കവിൾതുടിപ്പിൻ ഭംഗിയോർക്കും.

പൗർണ്ണമിനാൾ വാനിലമ്പിളി
ഏറെ ശോഭിനിയായ് വരുമ്പോൾ
ശ്രീമതീ നിൻ മന്ദഹാസ-
ത്താൽ വിളങ്ങുന്നാസ്യമോർക്കും.

കന്നിവെയിലിൻ തെന്നലിൽ വെൺ-
മേഘമാടിയുലഞ്ഞു മന്ദം
നീങ്ങിടുമ്പോൾ കാൺമ്മതെല്ലാം
ലാസ്യഭംഗിയതൊത്ത നിൻനട

തുലാവർഷം സന്ധ്യയിൽ ചെറു-
തുള്ളിയായി മുറിഞ്ഞു തീരും-
കാഴ്ചയിൽ ഞാനോർത്തു പോവതു
പരിഭവത്തിൻ തോർച്ച നിന്നിൽ.

സുഖദമാമൊരു വൃശ്ചികക്കാ-
റ്റൂതിടുമ്പോ,ളോർമ്മയെന്നിൽ
സാന്ത്വനത്തിൻ താലവൃന്ദം
പേറി നീ വന്നെത്തിടുംപോൽ

അരിയലജ്ജയിലാദ്യരാവിൽ
അരികെ നീ വന്നുരുമ്മിയപ്പോൾ
കുളിരു കോരിയതോർക്കുമിന്നും
മാർകഴിപ്പൂമഞ്ഞുരാവിൽ

ഓർത്തിടാനുണ്ടേറിടും നിൻ-
സ്നേഹവായ്പ്പതു തേൻകണം പോ-
ലിറ്റുവീഴും വാക്കിനാലെൻ
മനമിനിച്ചൊരു നാളതെന്നും

കുഞ്ഞുമക്കളെ ഓർത്തു നമ്മൾ
ദുരിതനാളുകൾ നീന്തിയപ്പോൾ
കർമ്മമൊന്നേ ചെയ്ക വേണ്ടൂ
സൽഫലങ്ങൾ വന്നുചേരും

എന്നു ചൊല്ലിയ നിൻ പ്രതീക്ഷക –
ളോമനേയിന്നാകെ സഫലം.
ആയതൊന്നും ആസ്വദിക്കാ
നില്ല നീ,യിന്നെന്റെ ദുഃഖം

എങ്കിലും നിൻ ദേഹി ഞങ്ങൾ
ക്കൊപ്പമല്ലേ, നാം രചിച്ചൊരു
ജീവിതത്തിൻ പാഠപുസ്തക-
മോതുമെന്നും മക്കളൊപ്പം.

വിജയൻ ചെമ്പക

By ivayana