രചന : തോമസ് കാവാലം. ✍
ആദിത്യനെത്തവേ, യാകുലി നീങ്ങുന്നു
ആകാശമാകെയും പ്രകാശമാകുന്നു
ആശതൻ വൈകുണ്ഠമാകുമീ ഭൂമിയിൽ
ഈശ്വര സൗന്ദര്യം ദർശനമാകുന്നു.
പൂവുകൾ ഭൂമിയെ സ്വർഗീയ ഭംഗിയിൽ
പൂരിതമാക്കുന്നു പുണ്യം നിറയ്ക്കുന്നു
പൂമ്പാറ്റ പൂവിലെ മകാന്ദ മുണ്ണുന്നു
പുൽച്ചാടിപോലുമീ ഭൂമിയെ പുൽകുന്നു.
ശാരികവൃന്ദങ്ങളാകാശവീഥിയിൽ
ശാരദഭാവത്തിൽ ശംഖൊലിയൂതുന്നു
ശാലൂരവൃന്ദത്തെ ഭക്ഷിച്ചു നാഗങ്ങൾ
ശാശ്വതം ശാന്തരായ് ശയിക്കുന്നുൺമയിൽ.
ചേലാർന്ന ചെമ്പകപ്പൂക്കളിൽ ചൈതന്യം
മാലാകെ നീക്കുന്നു മന്നിനെ മുക്കുന്നു
സൗരഭ്യസ്നേഹത്തിൽ സന്തതം വാടിയെ
സുരഭിലമാക്കി സുരനില്‍ ചേരുന്നു .
മഞ്ഞിൻ കണികകൾ മാണിക്യമെന്നപോൽ
മാമലമേലാപ്പിൽ മോതിരമണിഞ്ഞു
മുല്ലതൻ മൊട്ടുകളുല്ലസമാടുന്നു
തില്ലാനപാടുന്നു പവന പാതയിൽ
തൂവാനത്തുമ്പികൾ തംബുരു മീട്ടുന്നു
തൂമയിൽ ചുംബിച്ചുറക്കുന്നു പൂക്കളെ
കാഞ്ചന കുണ്ഡലം കാതിലിട്ടാട്ടുന്നു
കരിനിലം തന്നിൽ നെൽക്കതിർ ചോലകൾ.
മർത്യനീ ഭൂമിയെ കാണുമ്പോളൊക്കെയും
മന്നവൻ തന്നുടെ ഉന്നതിയോർക്കണം
നശ്വരനാകുന്ന മർത്യന്റെ ചെയ്തികൾ
ഈശ്വര ചിന്തയാണെന്നതും കാണണം.
