നീയെന്നിലെന്നുമുറങ്ങിക്കിടന്നിരുന്നു
നിദ്രയുടെ നിശ്വാസങ്ങളില്ലാതെ
ഏതോ മധുരാനുഭൂതിയുടെ
താഴ്‌വാരങ്ങളിൽ പരിലസിച്ചിരുന്നു
പ്രണയത്തിൻ പനിനീർപ്പൂവിരിയുന്ന
സുഗന്ധാനുഭൂതിയിൽ
മെല്ലെ ഉറക്കമുണർന്ന്
വരികളായ് എന്റെ പുസ്തകത്താളിൽ
നീ പെയ്തു നിറഞ്ഞിരുന്നു
ഹൃദയ ഭിത്തിയിൽ നൊമ്പരത്തിൻ
ചോര പൊടിയുമ്പോൾ
ഒരു നോവു കടലിന്റെ ഓളങ്ങളായ്
എന്റെ പുസ്തകത്താളിൽ
തിരയടിച്ചു നീ നനഞ്ഞു കുതിർന്നിരുന്നു
മഞ്ഞിന്റെ മഴയുടെ നിലാവിന്റെയും
സുന്ദര കാഴ്ചകളുടെ മിഴിവിൽ
ഒരു വസന്തത്തിൻ വർണ്ണപ്പൂക്കളായ്
എന്റെ പുസ്തകത്താളിൽ നീ
നിലയ്ക്കാതെ കൊഴിഞ്ഞു നിറഞ്ഞിരുന്നു
എന്നിലെ ശ്വാസം നിലയ്ക്കുവോളം
തീരത്തെ പുണരുന്ന തിരയായ്
നീയെന്നിലെന്നും നിലയ്ക്കാതെ തിരയടിച്ചിരുന്നു ……..!!

By ivayana