കാവ്യാങ്കണത്തിലോരുഷസ്സണയുന്നു
കളഭചാർത്തണിയിച്ചാമതിലകത്ത്
കളകളമൊഴുകുമൊരരുവിയായി
കിളികളോടൊത്തവൾ പാടീടുന്നു.

കൂന്തലഴിച്ചിതാപ്പടിയിലിരിക്കുന്നു
കാച്ചെണ്ണ തേച്ചു രസിച്ചീടുവാനായി
കരാളതയില്ലാതവൾ; മരാളമായി
കുളിച്ചുരസിക്കുന്നു; നീർത്തടത്തിൽ.

കേളികളോരോന്നാനന്ദക്കാഴ്ചയായി
കാണിയായീകടവത്തിരിക്കുമ്പോൾ
കാവടിയാടും കരകക്കാരിയേപ്പോൽ
കറങ്ങി കറങ്ങി കളിച്ചീടുവാനായി.

കനകം പതിച്ചോരാതോണിയേറിയവൾ
കാവ്യതാളത്തിൽ തുഴഞ്ഞീടുവാനായി
കുഴലാരത്തിലൂടെയൊഴുകിയെത്തുന്ന
കാവ്യാംഗനയെ കാണാൻ എന്ത് ചന്തം!

കൈയ്യിലണിയുന്ന കങ്കണക്കൂട്ടങ്ങൾ
കിലുകിലെ കിലുങ്ങുന്ന താളമുണരുന്നു
കുടുകുടെ ചിരിക്കുന്ന കാമിനിയേപ്പോൽ
കാവ്യമദാലസ ഉന്മാദിനിയായീടുമ്പോൾ.

കാഞ്ചന നൂപുരം കാലിലണിഞ്ഞവൾ
കാവ്യമനോഹരിയഴകാർന്നീടുമ്പോൾ
കവിൾത്തടത്തിലായിയൊന്നു നുള്ളി
കിങ്കരനായി ഞാൻ ശൃംഗാരവേലനായി.

കാന്താര ദീപമായി കാവ്യമനോഹരി
കദനം മറന്നിതാ തെളിഞ്ഞു നിൽക്കെ
കാവ്യരമയുടെ കഴിവുകളോരോന്ന്
കനവിലുണർന്നവളെന്നാശയാകുന്നു.

കളങ്കമില്ലാതെയവളെന്നുമമലയായി
കടമ്പുമരചോട്ടിൽ കാത്തിരിക്കുമ്പോൾ
കാലിയേമേയ്ക്കുന്ന കിശോരനേപ്പോലെ
കാണാതെ ഞാനിതാ കണ്ണു പൊത്തുന്നു.

കേളികളോരോന്നായിയാസ്വദിച്ചു
കാമിച്ചീടുന്നു: ആ സൗന്ദര്യധാമത്തെ
കാഷായമിട്ടൊരാ യോഗിനിയെങ്കിലും
കാണാതെവയ്യെനിക്കൊരുമാത്രപോലും.

കാമാവേശത്താലാപാദത്തിൽ ചുംബിച്ചു
കുതിച്ചു നിന്നൊന്നു പുൽകാനുറച്ചു ഞാൻ
കാവ്യാംഗനയോടൊപ്പം ശയനത്താലാ ….
കാമലതാല്പത്തിലലിയാൻ കൊതിക്കുന്നു.

കദനംമറന്നർഥശരീരമായനുഭൂതിയാൽ
കാവ്യാംഗനയിലലിഞ്ഞലിഞ്ഞൊന്നായി
കനവുകളായിരം കലാശത്തിലായിതാ
കാഴ്ചയിലുന്മയായിഭവിക്കുന്നതിദൃഢം.

കാവ്യാമൃതമെന്നധരത്തിനാധാരമായി
കാവ്യരമയെന്നകതാരിനുസ്വന്തമായി
കാവ്യാക്ഷരങ്ങളലങ്കാരമായൊന്നിച്ച്
കാവ്യശ്രീലകത്തിനൈശ്വര്യമായീടുന്നു.

കാവ്യശോഭയാലനന്തതയിലായി
കനകനക്ഷത്രാംഗമായി മിന്നീടുമ്പോൾ
കനലാർന്നോരക്ഷരം നിരനിരയൊത്തു
കോപമില്ലാതവൾചിരിച്ചീടുവാനായി.

കാവ്യമയൂഖമറയായീടുമ്പോളതു
കാതരമിഴിയാലെ കലഹിച്ചിരിക്കുന്നു
കാമുക ചുംബനമേറ്റൊരാനിർവൃതി
കാവ്യമഴയായിയുതിരുവാനായന്ത്യം.

കുങ്കുമം ചേർച്ചയാൽ ഫാലത്തിലായി
കാമുകനാം ഞാനണിയിച്ചീടുവാനായി
കീർത്തിയോടവളെൻ്റെയായീടുമ്പോൾ
കാവ്യകീരീടമെൻ സിരസ്സിനലങ്കാരമായി.

അഡ്വ: അനൂപ് കുറ്റൂർ

By ivayana