മിഴിനീർത്തുള്ളികൾ
മഴയായിപ്പതിച്ചാൽ
ഉലകം താങ്ങുവാനാകാതൊരു
പ്രളയമായ് മാറീടും നിശ്ചയം.

നിലാവിൻ ഹൃദ്യത
ഹൃദയത്തെ തലോടിയാൽ
നിശബ്ദമായ് നാമെല്ലാം
മാറിടും പനിനീർ പൂക്കളായി.

കാല പ്രയാണത്തിൽ
കളഞ്ഞോരു മുത്തുകൾ
കോർത്തൊരു മാലയിനിയും…
തീർക്കുവാനാകുമോ ജീവിതത്തിൽ?

കാലമെത്ര നാം കാത്തിരിക്കണം
കൺകൾ തുറക്കുവാനായിനിയും?
കാരിരുമ്പിൻ കാഠിന്യമൊന്നും
കരളിനില്ലെന്നിട്ടു പോലും !

ജീവിത നൗകയിൽ തുഴയുവാനിനി
കാലമൊട്ടില്ലെന്ന സത്യം!
കാതങ്ങൾ നീളുന്ന ജീവിതപ്പാതയിൽ
കാണാതെ പോകുന്നു നമ്മളെല്ലാം !

കത്താത്ത നിലവിളക്കായ് മാറുന്ന
ജീവിതത്തെ തിരിച്ചറിഞ്ഞിടേണം
തീർച്ചയായും എക്കാലവും നമ്മൾ
തമ്മിലറിഞ്ഞു നീങ്ങിടേണം.

നുരയില്ലാതെ പതയില്ലാതെയും
ജീവിതമെങ്ങിനെ സാർത്ഥകമാകും?
നുരയും പതയും ജീവിതത്തിൽ
നാം തന്നെ തീർക്കുന്ന മന്ത്രമല്ലോ?

ജീവിത നൗകയിൽ തുഴയുവാൻ
കാലമിനിയൊത്തിരിയില്ലെന്ന സത്യം
കാതങ്ങൾ നീളുന്ന ജീവിതപ്പാതയിൽ
കാണാതെ പോകുന്നു നമ്മൾ പലരും !

അരുമാനൂർ മനോജ്

By ivayana