രചന : എം പി ശ്രീകുമാർ✍️
കണ്ടമംഗലത്തമ്മെ കാരുണ്യവാരിധെ
കാൽത്തളിരുകൾ നിത്യം വണങ്ങുന്നു
ചാരുപൂക്കളാലർച്ചന യേകട്ടെ
നെയ് വിളക്കുകൾ മുന്നിൽ തെളിക്കട്ടെ
ചന്ദ്രശോഭിതെ ദേവി കനിയണം
ചിന്തയിലെന്നും വന്നു വിളങ്ങണം
ചാഞ്ചല്യമറ്റു നാൾവഴി പോകുവാൻ
ചാരുസുസ്മിതെ ദേവി തുണയ്ക്കണം
ദേഹപീഡകളൊക്കവെ മാറണം
ദേവിതൻ മുഖമുള്ളിൽ തെളിയണം
ദേവദേവപ്രിയെ മനോഹരി
ദേവികെ തൃപ്പാദം നമിക്കുന്നു
നാൾക്കുനാൾ വന്നുചേരുന്ന ദോഷങ്ങൾ
നേർക്കുനേർ നിന്നകറ്റുവാനാകണം
നാളെനാളേന്നു നീണ്ടുപോം നൻമകൾ
കൈവരിക്കുവാൻ കൈവല്യമേകണം
കണ്ടമംഗലത്തമ്മെ കാരുണ്യവാരിധെ
കാൽത്തളിരുകൾ നിത്യം വണങ്ങുന്നു.
ചാരുപൂക്കളാലർച്ചന യേകട്ടെ
നെയ് വിളക്കുകൾ മുന്നിൽ കൊളുത്തട്ടെ.
