രചന : അൽഫോൻസ മാർഗരറ്റ്✍️
പുകയ്കുന്നലഹരിയിൽ മതിമറന്നിന്നു നീ..
മരിക്കല്ലേ മനുജാ സമയമെത്തുംമുമ്പേ..
ഈ വിഷപ്പുകകൊണ്ടു കൊല്ലുന്നു നിന്നെയും ,
നിന്നടുത്തുള്ള സഹജരെത്തന്നെയും..
എന്തിനീയപരാധം ചെയ്യുന്നു മനുഷ്യാ…
പുകയുന്ന മരണത്തെ ചാരാതെ , പുൽകാതെ
നവമായജീവിതം കൈവരിച്ചീടു നീ,
നല്ലൊരന്ത്യത്തിനായ് ആശിച്ചിരിക്കൂ നീ…
അമ്മതൻകണ്ണീരിൽ മുങ്ങുന്നുകേരളം
സോദരിമാരുടെ സിന്ദൂരംമായുന്നു
ചോരപ്പുഴയാൽ നനയുന്നു നാടിതാ
ലഹരിതൻ താണ്ഡവം ഓർക്കുക സോദരാ
നാടിന്റെ വാഗ്ദാനമാകുമീ മക്കൾ
മയക്കുന്നലഹരിയിൽ പുകയുന്നനേരം
മാതാവിൻകണ്ണുനീർ കാണാതെനമ്മൾ
കൺകെട്ടിനിൽക്കല്ലേ; ഉണരണം കൂട്ടരേ ……
കർത്തവ്യബോധമോടുണരണം സഹജരേ
ലഹരിയാംവിപത്തിനെ തൂത്തുനീക്കിടുവാൻ
കൈകോർത്തു നമ്മൾക്കണിനിരക്കാം
കൈകോർത്തു ധീരമായ്പൊരുതി നേടാം…
പണ്ടു ഹിരോഷിമാ ചുട്ടെരിച്ചോരു
അണുബോംബിനേക്കാൾ വിഷവീര്യമല്ലോ
ഇന്നീനാട്ടിൽ പരക്കുന്നലഹരി….
അറിയാത്തതെന്തേ ഭരണകൂടങ്ങളെ ….
എല്ലാകൊടികളും അണിനിരക്കേണമിതു
നാടിൻപൊതു വിപത്താണെന്നുമോർക്കണം
ജാതിമതഭേദങ്ങൾ ഓർക്കാതെയൊരുമിച്ചു
പൊരുതാമീ മാരകലഹരിക്കെതിരായ്.
