മഴവില്ലിനേഴ് നിറമെങ്കിലും
ഇവളുടെ നിറമാ മഴവില്ലിലില്ല,
ഇവളുടെ നിറമശുഭം കലർന്നത്
കറുപ്പും വെറുപ്പുമിണ ചേർന്ന നിറം,
കാക്ക,
കരിങ്കൊടി
കാലൻ
പോത്ത്
കാർമേഘം
കരിംഭൂതം
കരിന്തിരി
കരിംകർക്കടകം,
കറുപ്പൊരു മയക്കു മരുന്ന്,
ഇവളണിയുന്ന വരവ് കമ്മൽ,
കറുക്കാൻ തുടങ്ങിയിരിക്കുന്നു,
ഇവൾക്ക് കരിവളയും,
കൺമഷിയും വേണ്ട,
അഴുക്കും മെഴുക്കും പിടിച്ച
ചപ്രത്തലമുടി
ഒരു കറുത്ത തിരുപ്പനിൽ ഒതുങ്ങാതെ,
തല കിളച്ചാൽ പഴകിയ എണ്ണമണം,
കഴുത്തിലെ കറുത്ത
ചരടിനും മെഴുക്ക് മണം,
അവൾ നടന്നുപോകുമിടവഴി
ഒരു കുയിൽപ്പാട്ടവളെ-
കളിയാക്കുന്നു,
അവളെ നോക്കി
ഒരു കറുത്ത പട്ടി കുരച്ചു ചാടുന്നു,
ഒരു കാക്കയവളുടെ മേൽ കാഷ്ടിക്കുന്നു,
അവൾക്കനുവദിച്ചു കിട്ടിയ കക്കൂസിന്റെ ഭിത്തിയിൽ,
കറുത്ത ഉറുമ്പുകൾ, കറുത്ത പായൽ
കരിന്തേളുകളിണ ചേരുന്നു,
അവൾക്കനുവദിച്ചു കിട്ടിയ
പാചക വാതകം തീർന്നിരിക്കുന്നു,
ഊതിയൂതി വിറകടുപ്പിലെ പുകയാൽ
അംബേദ്കർ ഫോട്ടോയിലെ
ഭരണഘടനാ പുസ്തകമിരുണ്ടിരിക്കുന്നു,
അവളുടെ നഖത്തിനിടയിലെ
കറുത്ത ചെളി അവളുടെ മുടിയോട്
മുടിഞ്ഞ പ്രേമത്തിലാണ്.
അവളുടെ കറുത്ത
പഴഞ്ചൻസാരി തൊട്ടിലിലെ
മുച്ചിറിയൻ കുഞ്ഞ് ഒരു
പല്ലിയാകുന്നത് സ്വപ്നം കാണുന്നു
മച്ചിലെ പല്ലിയടുത്ത,യിരയ്ക്കായി
പ്രാർത്ഥിച്ച് നാവെറിയുന്നത്
അവൻ കാണുന്നുണ്ടല്ലോ,
അവളുടെ സ്വപ്നത്തിലിന്നൊരു
കൊടുങ്കാറ്റ് മാത്രമേയുള്ളൂ,
മലബന്ധമുള്ള വർത്തമാന കാലത്തെ
തോണ്ടി,കുപ്പയിലെക്കെറിയുന്നവൾ,
പ്.. ഫൂ..
അവൾ കറുത്തവൾ.

സുരേഷ് പൊൻകുന്നം

By ivayana