ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

അച്ഛനും അമ്മയും ആരെന്നറിയാതെ
തെരുവിന്റെ മകളായ് വളർന്നു ഞാനും
കയറിക്കിടക്കുവാൻ കുരയില്ലാത്ത ഞാൻ
പീടികത്തിണ്ണയും സ്വന്തമാക്കി.
അന്യദേശത്തുള്ളൊരമ്മുമ്മ വന്നെന്നെ
ഭിക്ഷയാചിക്കുവാൻ കൊണ്ടുപോയി.
പശിയകറ്റീടുവാൻ വഴിയേതുമില്ലാതെ
അമ്മയെ ഓർത്തു കരഞ്ഞിരുന്നു
സ്വപ്നത്തിലെങ്കിലും അമ്മ വന്നിട്ടെന്നെ
താരാട്ടു പാടുമെന്നോർത്തു ഞാനും
വെറുതെയാണെങ്കിലും അമ്മതൻ
വാത്സല്യചുംബനമേൽക്കാൻ കൊതിച്ചു പോയി.
ഞാനിന്നനാഥയായ് ആരോരുമില്ലാതെ
തെരുവുകൾ തോറും അലഞ്ഞിടുന്നു.
കാലങ്ങൾ ഓരോന്നു പോയ്മറഞ്ഞു
ഞാനൊരു കൗമാരക്കാരിയായി
കഴുകന്റെ കണ്ണുമായ് നോട്ടമിട്ടു ചിലർ
പേടിപ്പെടുത്തുന്ന യാമങ്ങളിൽ
പോറ്റിവളർത്താൻ കഴിയാത്ത മാതാവേ
പെറ്റിട്ടതെന്തിനു ഭൂതലത്തീൽ
ചെന്നായ്ക്കൾ വാഴുന്ന തെരുവോരത്തിൽ നിന്നും
കൊത്തിവലിച്ചെന്നെ കൊല്ലുവാനോ?

സതി സുധാകരൻ

By ivayana