പാമ്പാടി തിരുമേനി പലപ്പോഴും ശാന്തമായി എന്തോ ഉരുവിടുമായിരുന്നു. ശ്രദ്ധിച്ചപ്പോൾ അതിപ്രകാരമായിരുന്നു “ പ്രാവ് തന്റെ കുഞ്ഞുങ്ങളെ പാലൂട്ടുന്നത് ആർ കണ്ടു പ്രാവ് കുഞ്ഞുങ്ങളെ പാലൂട്ടുമോ? പാലൂട്ടും. പക്ഷേ, അത്രമേൽ സൂക്ഷ്മദൃക്കായ ഒരാൾക്കു മാത്രമേ ഇങ്ങനെയുള്ള കാഴ്ച ലഭ്യ മാവുകയുള്ളൂ.

പ്രാവുകൾ തീവ്രമായ രക്ഷകർതൃത്വം നിർവഹിക്കുന്നവരാണ്. ഏറെ നിർമ്മ ലമാണവയുടെ സമീപനം. ആരെങ്കിലും അടയിരിക്കുന്ന മുട്ടയിൽ തൊട്ടാൽ വേദനയോടെ കുറുകിക്കൊണ്ട് അവ ആ കൂടു വിട്ടു പോകും. കുഞ്ഞുങ്ങൾ വിരിയുമ്പോൾ ആൺ പ്രാവും പെൺ പ്രാവും അവയെ പാലൂട്ടും. പകുതി ദ്രവരൂപത്തിലുള്ള ഒരു പദാർഥമാണ് ഇത്. പ്രാവിന്റെ കഴുത്തിലുള്ള ഗ്രന്ഥി കളിലാണ് ഇത് സൂക്ഷിക്കപ്പെടുന്നത്. മുട്ട വിരിയുന്നതിനു രണ്ടു ദിവസം മുമ്പുതന്നെ പ്രാവുകളുടെ ഗ്രന്ഥികളിൽ ഈ പാൽ നിറഞ്ഞിരിക്കും. കുഞ്ഞുങ്ങൾ വിരിഞ്ഞതിനു ശേഷം പോഷക സമൃദ്ധമായ ഈ ഭക്ഷണം വീണ്ടും വായിലെത്തിച്ച് നേർപ്പിച്ച് കുഞ്ഞുങ്ങൾക്ക് നൽകും. മുട്ട വിരിഞ്ഞ് കുറേ ദിവസം ഇതാണ് പ്രാവിൻകുഞ്ഞുങ്ങളുടെ ഭക്ഷണം.

തിരുമേനിയുടെ അപാരമായ നിരീക്ഷണ പാടവവും കരുണയുമാണ് ഇവിടെ വ്യക്തമാകുന്നത്. ഒരു തള്ള പ്രാവിനെപ്പോലെ ചിറകിനടിയിൽ വച്ച് നമ്മെ പാലൂട്ടുന്ന ദൈവ കരുണയുടെ ധ്യാനമാണിത്. അൻപു നിറഞ്ഞ ജീവിതത്തിനേ ഇതൊക്കെ സാധ്യമാവുകയുള്ളൂ. പ്രാർഥനാ മനുഷ്യൻ ഒരു കനൽച്ചട്ടിപോലെയാണ്. ഒരിറ്റു തീപ്പൊരിയെങ്കിലും അവശേഷിക്കുന്നുവെങ്കിൽ വലിയൊരു തീജ്വാലയുണ്ടാക്കാം. എന്നാൽ ആ തീപ്പൊരിയില്ലാതെ തീയില്ല. പൗരസ്ത്യ പാരമ്പര്യത്തിൽ ഒരു വിശുദ്ധനും രക്ഷിക്കപ്പെട്ടു എന്ന് അവ കാശവാദം ഉന്നയിക്കുന്നില്ല. അവർ എപ്പോഴും യാത്രയിലാണ്. തീർച്ചയായും അവർക്ക് വീഴ്ചകളുണ്ടായിരിക്കാം. പക്ഷേ, അവർ വീണിടത്തുനിന്ന് എഴുന്നേറ്റു. ജീവിതത്തിന്റെ അനുനിമിഷങ്ങളെ അവർ പ്രാർഥനയാക്കി.

By ivayana