രചന : ഷൈജു ഇലഞ്ഞിക്കൽ ✍
കുങ്കുമമാണ്.ചുവന്ന സ്വർണ്ണം” എന്ന് വിളിക്കപ്പെടുന്ന കുങ്കുമം ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും ആവശ്യപ്പെടുന്നതുമായ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്
കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുങ്കുമം.
കുങ്കുമപ്പൂവിന്റെ പരാഗണസ്ഥലമായ മൂന്നു നാരുകളാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ നാര് പാചക വിഭവങ്ങളിൽ സുഗന്ധം പകരാനായും നിറം നൽകുന്നതിനായും ഉപയോഗിക്കുന്നു. നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായി തുടരുന്ന കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറൻ ഏഷ്യയാണ്. ചവർപ്പ് രുചിയുള്ള കുങ്കുമത്തിന് ഐഡോഫോമിന്റെയോ അല്ലെങ്കിൽ വൈക്കോലിന്റെയോ മണമാണ്. പിക്രൊക്രൊസിൻ, സഫ്രണാൽ എന്നീ രാസവസ്തുക്കൾ അടങ്ങിയതിനാലാണ് കുങ്കുമത്തിന് ഈ മണം കിട്ടുന്നത്.
ലത്തീനിലെ സഫ്രാനം എന്ന പദത്തിൽ നിന്നാണ് കുങ്കുമത്തിന്റെ ആംഗലേയ നാമമായ സാഫ്രൺ ഉണ്ടായത്. സഫ്രാനത്തിന് ഇറ്റാലിയൻ ഭാഷയിലെ സഫ്രാനോയുമായും അസ്ഫ്രാൻ എന്ന സ്പാനിഷ് പദവുമായും ബന്ധമുണ്ട്. മഞ്ഞ എന്ന അർത്ഥം വരുന്ന അസ്ഫർ(أَصْفَر) എന്ന അറബി പദത്തിൽ നിന്നാണ് സഫ്രാനം ഉരുത്തിരിഞ്ഞത്. അസ്ഫ്രാനാകട്ടെ പേർഷ്യനിലെ സഅഫറാൻ(زَعْفَرَان) എന്ന പദത്തിൽ നിന്നും ഉദ്ഭവിച്ചതാണ്.ശിശിരത്തിൽ പുഷ്പ്പിക്കുന്ന അനവരത സസ്യമാണ് കുങ്കുമം. വന്യമായി വളരുന്ന ചെടിയല്ലാത്തതുകൊണ്ട്, മികച്ച പരിപാലനം ആവശ്യമാണ്. ദീർഘകാലം ആയുസുള്ള ഈ സസ്യം കിഴക്കൻ മെഡിറ്ററേനിയനിലെയും, മധ്യ ഏഷ്യയിലെയും ശിശിരകാല പുഷ്പിയായ ക്രോക്കസ് കാർട്ട്രൈറ്റാനസ് എന്ന സസ്യം പരിണമിച്ച് ഉണ്ടായതാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
വിളവെടുപ്പ് കൃത്യസമയത്തു തന്നെ നടത്തിയിരിക്കണം. വൈകുന്നേരം പുഷ്പിച്ചാൽ രണ്ടാമത്തെ ദിവസം രാവിലെ തന്നെ പൂക്കൾ വാടിപ്പോകുമെന്നതാണ് കാരണം. ഒന്നോ രണ്ടോ ആഴ്ചകളുടെ ഇടവേളയിൽ എല്ലാ ചെടിയും പുഷ്പിക്കും. ഒരു ഗ്രാം കുങ്കുമനാരുകൾ ലഭിക്കണമെങ്കിൽ 150 പൂക്കൾ പറിക്കേണ്ടി വരും. 12 ഗ്രാം കുങ്കുമം ലഭിക്കണമെങ്കിൽ ഒരു കിലോഗ്രാം പൂക്കൾ വേണം. ഒരു ഗ്രാം കുങ്കുമത്തിന് 300 രൂപയാണു വില. ഒരു കിലോയ്ക്കു 3 ലക്ഷം മുതൽ 4.25 ലക്ഷം രൂപ വരെ വില ലഭിക്കും.
ഒരു പൂവിൽ നിന്നും 30 മില്ലിഗ്രാം അസംസ്കൃത കുങ്കുമമോ 7 മില്ലിഗ്രാം ഉണക്ക കുങ്കുമമോ ലഭിക്കും. ഇവയുടെ പരിപാലനം, കാലാവസ്ഥ, മഴയുടെ ലഭ്യത എന്നിവയെ ആശ്രയിച്ചാണ് കുങ്കുമപ്പൂവിൻ്റെ ഗുണനിലവാരം വ്യത്യസ്തമാകുന്നത്. വിളവെടുപ്പുസമയം അടുക്കാറാകുമ്പോൾ മഴ ലഭിച്ചാൽ വലിയ പൂക്കൾ ലഭിക്കും. എന്നാൽ ഈ സമയത്ത് വരണ്ട കാലാവസ്ഥയാണെങ്കിൽ പൂക്കളുടെ വലുപ്പം കുറവായിരിക്കും.
കുങ്കുമം പരാമർശിക്കപ്പെടുന്ന ഏറ്റവും പ്രസിദ്ധമായ ഗ്രീക്ക് മിത്ത് ക്രോക്കസിന്റെയും സ്മൈലാക്സിന്റെയും ദുരന്തകഥയാണ്. അഥേനിയൻ കൊടുംകാടുകളിൽ യുവാവായ ക്രോക്കസ് സുന്ദരിയായ വനദേവതയായ (nymph) സ്മൈലാക്സിനെ അന്വേഷിച്ച് നടക്കുന്നു. തുടക്കത്തിൽ ക്രോക്കസിന്റെ കേളികളിൽ ആകൃഷ്ടയായ സ്മൈലാക്സ് അവനെ ഇഷ്ടപ്പെടുകയും പിന്നീട് അത് അവളിൽ മുഷിപ്പുളവാക്കുകയും ചെയ്തു. സ്മൈലാക്സിന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ക്രോക്കസ് അവളെ പിന്തുടർന്നു. ഇത് ഇഷ്ടപ്പെടാത്ത സ്മൈലാക്സ്, ക്രോക്കസ് പൂവായിപ്പോകട്ടെ എന്ന് ശപിച്ചു. അങ്ങനെ പൂവായിത്തീർന്ന ക്രോക്കസാണത്രെ കുങ്കുമപുഷ്പം കുങ്കുമപ്പൂവിന്റെ ദളങ്ങൾ സ്മൈലാക്സിനോടുള്ള സ്നേഹത്തിന്റെ പ്രതീകമാണെന്നാണ് വിശ്വാസം.
കുങ്കുമത്തിലുള്ള ക്രോസിൻ എന്ന കരോട്ടനൊയ്ഡ് ചായം, ഭക്ഷണവിഭവങ്ങൾക്കും തുണിത്തരങ്ങൾക്കും മഞ്ഞ കലർന്ന സുവർണ്ണ നിറം നൽകാൻ സഹായിക്കുന്നു. കൂടാതെ കുങ്കുമത്തിന് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്.കുങ്കുമത്തിന്റെ കിഴങ്ങ് കുഴിച്ചെടുത്ത ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് നടുകയാണ് ചെയ്യുക. കിഴങ്ങിന് മൂന്നു-നാലു മാസത്തോളം മാത്രമേ പ്രത്യുല്പാദനശേഷി ഉണ്ടാവുകയുള്ളൂ.
ഒരു കിഴങ്ങ് വളർന്നു ചെടിയായാൽ അതിൽ നിന്ന് പത്തോളം കിഴങ്ങുകൾ ഉല്പാദിപ്പിക്കാനായേക്കും.വസന്തകാലത്തിൽ നടുന്ന കുങ്കുമക്കിഴങ്ങുകൾ മൂന്നു മാസത്തോളം വളരാതെ ഇരിക്കും. അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു. ഏകദേശം 4 സെ.മീ നീളമുള്ള ഇലകളാണ് ഉണ്ടാവുന്നത്. ശിശിരകാലമാകുമ്പോൾ പർപ്പിൾ നിറത്തിലുള്ള പൂമൊട്ടുകൾ വിരിയുന്നു. ഒക്ടോബർ മാസമാകുന്നതോടെ കുങ്കുമച്ചെടി ലൈലാക് നിറത്തിലുള്ള പൂക്കൾ ഉല്പാദിപ്പിക്കുന്നു. ഈ ചെടി വളർച്ച പൂർത്തിയാകുന്നതോടെ ഏകദേശം 30 സെ.മീ നീളം വയ്ക്കുന്നു. ഓരോ മുകുളവും കടും ചുവപ്പു നിറമുള്ള പരാഗണസ്ഥലത്തിലാണ് അവസാനിക്കുന്നത്.
നാരുപോലുള്ള പരാഗണസ്ഥലത്തിന് 30 മി.മി നീളം ഉണ്ടാകും. നീളം കൂടുന്നതിനനുസരിച്ച് കുങ്കുമത്തിന്റെ ഗുണനിലവാരവും കൂടുന്നു.കുങ്കുമത്തിൽ അടങ്ങിയിട്ടുള്ള കരോട്ടിനോയിടുകൾ (നിറം നൽകുന്ന ജൈവവർണ്ണകങ്ങൾ) അർബുദത്തിനെയും, ജനിതകമാറ്റത്തെയും ചെറുക്കും എന്നു ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.കുങ്കുമത്തിലടങ്ങിയ ഡൈമീതൈൽക്രോസറ്റിൻ എന്ന പദാർഥമാണ് ഇതിന് ഈ സവിശേഷ ഔഷധഗുണം നൽകുന്നത്. ട്യൂമറുകളുടെ വളർച്ചയെയും, പാപ്പില്ലോമാ ക്യാൻസറിനെയും പ്രതിരോധിക്കുവാൻ കുങ്കുമത്തിനു കഴിവുണ്ടെന്ന് പരീക്ഷണങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.
തൈമിഡീൻ ഉപയോഗിച്ചുള്ള ജനിതകശാസ്ത്ര പഠനങ്ങളിൽ നിന്നും, ഡൈമീതൈൽക്രോസറ്റിന്റെ ടോപ്പോഐസോമറേസ്-II എന്ന രാസാഗ്നിയോടുള്ള പ്രതിപ്രവർത്തനമാണ് കുങ്കുമത്തിന് ക്യാൻസർ വിരുദ്ധ ഗുണങ്ങൾ നൽകുന്നത്.ടോപ്പോഐസോമറേസ് എന്ന രാസാഗ്നിയാണ് കോശത്തിലെ ഡി.എൻ.എയുടെ ഘടന നിലനിർത്താൻ സഹായിക്കുന്നത്. ഇത് ഇല്ലാത്തപക്ഷം കോശവിഭജനം നടക്കുന്ന വേളയിൽ ഡി.എൻ.എയുടെ വിഭജനം തകരാറിലാകുന്നു. തൽഫലമായി അർബുദകോശങ്ങൾ ഉണ്ടാവുന്നത് തടയപ്പെടുകയും ചെയ്യുന്നു. ശരീരത്തിനകത്തും, പരീക്ഷണശാലകളിൽ കൃത്രിമമായും കുങ്കുമത്തിന്റെ അർബുദവിരുദ്ധ പ്രതിപ്രവർത്തനങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ട്.
പാരമ്പര്യമായി കുങ്കുമവർണ്ണത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നത് ഉയർന്ന സാമ്പത്തികസ്ഥിതി ഉള്ളവരും, ഉയർന്ന ജാതികളിൽ പെട്ടവരും മാത്രമായിരുന്നു. കീഴാളന്മാർക്ക് കുങ്കുമച്ചായം അപ്രാപ്യമായിരുന്നു. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിൽ ഈ നിറം വരേണ്യവർഗ്ഗത്തിന്റെ അടയാളമായിരുന്നു. നെറ്റിയിൽ ചാർത്തുന്ന തിലകത്തിന്റെ നിറവും, ഹിന്ദു-ബുദ്ധഭിക്ഷുക്കൾ ധരിക്കുന്ന വസ്ത്രങ്ങളുടെ നിറവും കുങ്കുമച്ചായത്തിൽ നിന്നാണ് ഉല്പാദിപ്പിച്ചിരുന്നത്.രാജകീയ വസ്ത്രങ്ങളിൽ ചായം പൂശുന്നതിലും കുങ്കുമം ഉപയോഗിച്ചിരുന്നു.രാജാവിന്റെ വസ്ത്രങ്ങൾ മൂന്നു പ്രാവശ്യം ചായങ്ങളിൽ മുക്കിയെടുത്തിരുന്നത്രെ – ആദ്യം പർപ്പിൾ വർണ്ണത്തിൽ, രണ്ടാമതും മൂന്നാമതും കുങ്കുമത്തിൽ.എന്നാൽ സാധാരണക്കാരുടെ വസ്ത്രങ്ങൾ കുങ്കുമത്തിൽ മുക്കിയെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല.
കുങ്കുമം വീഞ്ഞിലും, സൗന്ദര്യവർധകവസ്തുക്കളിലും, ദേവതകൾക്ക് കാണിക്കയായും ഉപയോഗിച്ചിരുന്നു. പേർഷ്യൻ ചരിത്രകാരന്മാരാണ് ഇന്ത്യയിലെ കുങ്കുമത്തിന്റെ ചരിത്രം ലിഖിതങ്ങളാക്കി സൂക്ഷിച്ചുവച്ചിരുന്നത്.പേർഷ്യക്കാരുടെ കുങ്കുമത്തോടുള്ള വൻ ആസക്തി മൂലം പേർഷ്യൻ ചക്രവർത്തിമാർ ഇന്ത്യയിലേക്ക് കുങ്കുമകൃഷി വ്യാപിപ്പിക്കുകയായിരുന്നു. മുന്തിയ ഇനം കുങ്കുമമാണ് ഇന്ത്യയിലെ പൂന്തോട്ടങ്ങളിലും മറ്റും ഇവർ നട്ടുപിടിപ്പിച്ചിരുന്നത്. മറ്റൊരു സംഘം ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, പേർഷ്യക്കാർ കശ്മീർ കീഴടക്കിയപ്പോളാണ് ഇന്ത്യയിൽ ആദ്യമായി കുങ്കുമകൃഷി തുടങ്ങിയത്.പുരാതന ചൈനീസ് ബുദ്ധമതാനുയായികൾ കുങ്കുമം ഇന്ത്യയിലെത്തിയതിന് മറ്റൊരു മിത്താണ് വിശ്വസിച്ചുപോന്നിരുന്നത്.
ഭാരതീയ ബുദ്ധഭിക്ഷുവായ മധ്യാന്തികൻ, മതപ്രചരണത്തിനുവേണ്ടി ബി.സി 5ആം നൂറ്റാണ്ടിൽ കാശ്മീർ സന്ദർശിച്ചു. ഇദ്ദേഹമാണ് ആദ്യ കുങ്കുമവിത്തുകൾ കാശ്മീർ പാടങ്ങളിൽ വിതച്ചത്. അവിടെനിന്നും ഇന്ത്യൻ ഉപഭൂഖണ്ഡമാകെ ഈ സുഗന്ധവ്യഞ്ജനം വ്യാപിക്കുകയായിരുന്നു എന്നാണ് വിശ്വാസം.1600 ബി.സിയിൽ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന പുരാതന ചൈനീസ് വൈദ്യഗ്രന്ഥമായ മഹാസസ്യ ഔഷധ പുസ്തകത്തിൽ (Bencao Gangmu) ഒറ്റമൂലിയായി കുങ്കുമത്തെ തിരഞ്ഞെടുത്തിരിക്കുന്നു. ഷാങ് രാജവംശത്തിലെ ഷേൻ-ഉങ് രാജാവിന്റെ ഭരണകാലഘട്ടത്തിലാണ് കുങ്കുമം ഔഷധമായി ഉപയോഗിക്കപ്പെട്ടിരുന്നത്.
വാൻ സെൻ എന്ന ചൈനീസ് വൈദ്യൻ ഇപ്രകാരം പറഞ്ഞതായി രേഖകളുണ്ട് : “കുങ്കുമത്തിന്റെ മാതൃദേശം കാശ്മീർ ആണ്, ബുദ്ധന് കാണിക്കയായാണ് കാശ്മീരികൾ കുങ്കുമത്തെ ഉപയോഗിക്കുന്നത്.മെഡിറ്ററേനിയൻ കടൽക്കൊള്ളക്കാർ സ്വർണ്ണത്തേക്കാൾ വിലകല്പിച്ചിരുന്നത് കുങ്കുമത്തെയായിരുന്നു. അതിനാൽ തന്നെ വെനീഷ്യയിലേക്ക് പുറപ്പെട്ടിരുന്ന കുങ്കുമം നിറച്ച കപ്പലുകളായിരുന്നു കൊള്ളയ്ക്കിരയായിരുന്നു.
ഇന്ത്യയിലാദ്യമായി കുങ്കുമം കൃഷിചെയ്യപ്പെട്ടത് കാശ്മീരിലാണ് എന്നതിന് ചരിത്രകാരന്മാർ തമ്മിൽ തർക്കമൊന്നുമില്ല. കുങ്കുമം വെള്ളത്തിൽ കുതിർത്താൽ ലഭിക്കുന്ന മഞ്ഞ നിറമുള്ള ദ്രാവകം വസ്ത്രങ്ങൾക്ക് നിറം പകരാനും ഉപയോഗിച്ചിരുന്നു. ഗൗതമബുദ്ധന്റെ മരണശേഷം ബുദ്ധഭിക്ഷുക്കൾ കുങ്കുമവർണം തങ്ങളുടെ ഔദ്യോഗിക പതാകയുടെയും, വസ്ത്രത്തിന്റെയും നിറമായി അംഗീകരിച്ചു.
ഐർലാൻഡിലേയും സ്കോട്ട്ലാൻഡിലേയും സന്യാസിമാർ ധരിക്കുന്ന ലൈൻ എന്ന വസ്ത്രത്തിന് ചായം നൽകുന്നത് കുങ്കുമം ഉപയോഗിച്ചാണ്.ജൈവകലകൾക്ക് നിറം നൽകാനും കുങ്കുമം ഉപയോഗിക്കുന്നു.ഇങ്ങനെ നിറം നൽകിയാൽ കോശങ്ങൾ സൂക്ഷ്മദർശിനിയിലൂടെ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും.
ശരീരകലാശാസ്ത്രത്തിൽ ഹെമറ്റോക്സിലിൻ-ഫൈലൊക്സിൻ-കുങ്കുമ വർണ്ണങ്ങളാണ് കലകൾക്ക് നിറമേകാൻ കൂടുതലും ഉപയോഗിച്ചു കാണുന്നത്.കുങ്കുമ തിലകം ചാർത്തിയാൽ വശീകരണം സാധ്യമെന്നും ഗ്രഹദേഷങ്ങൾ മാറുമെന്നും ജ്യോതിഷം. താന്ത്രിക വിദ്യകളിലും ഔഷധമെന്നു കശ്മീരിലെ പണ്ഡിറ്റുകൾ. കുങ്കുമപ്പൂവ് ഏറ്റവും കൂടുതൽ മായം ചേർക്കപ്പെടുന്ന ഭക്ഷണങ്ങളിൽ ഒന്നാണ്. പൊടിച്ച കുങ്കുമപ്പൂവിന് മുഴുവൻ കുങ്കുമപ്പൂവിനേക്കാളും അപകടസാധ്യത കൂടുതലാണ്.
കുങ്കുമപൂവിലെ മായം തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്. അതിനായി ഒരു ഗ്ലാസ് ചൂടുവെള്ളമെടുക്കുക. 70 – 80 ഡിഗ്രി ചൂടുള്ള വെള്ളമാണ് ആവശ്യം. അതിലേക്ക് കുറച്ചു കുങ്കുമപ്പൂവ് ചേർത്തുകൊടുക്കാം. മായമില്ലെങ്കിൽ വളരെ സാവധാനം മാത്രമേ കുങ്കുമപ്പൂവിന്റെ നിറം വെള്ളത്തിൽ കലരൂ. മായമുണ്ടെങ്കിൽ വളരെ വേഗം നിറം വെള്ളത്തിൽ കലരും എത്ര വർണ്ണിച്ചാലും തീരാത്ത.സ്വർണ്ണ സുഗന്ധവ്യഞ്ജനം” എന്നറിയപ്പെടുന്ന കുങ്കുമപ്പൂവ്, അതിന്റെ എണ്ണമറ്റ ആരോഗ്യ, സൗന്ദര്യവർദ്ധക ഗുണങ്ങൾക്ക് കാലങ്ങളായി വിലമതിക്കപ്പെടുന്നു….
