രചന : മൻസൂർ നൈന ✍️.
ഈ പ്രപഞ്ചത്തിൽ ഓരോന്നും മുൻകൂട്ടി നിശ്ചയിച്ചയിക്കപ്പെട്ടത് പ്രകാരം സഞ്ചരിക്കുന്നു. ജീവിതത്തിൽ സംഭവിക്കുന്ന ഓരോ വളവുകളും തിരിവുകളും ചില നിമിത്തങ്ങളായി മാറുന്നു . ആ വളവുകളും തിരിവുകളും ചിലപ്പോഴൊക്കെ ജീവിതത്തിലത് വഴിത്തിരിവായും മാറുന്നു.
കൊച്ചിയിലെ ധനാഡ്യനും , കൊങ്കണി സമുദായത്തിലെ നവോത്ഥാന നായകനുമായിരുന്ന
ആർ.എസ്. ഹരി ഷേണായി എന്ന വ്യക്തിയെ കുറിച്ച് കൊങ്കണി ചരിത്രകാരനും ഗവേഷകനുമായ
ലക്ഷ്മണ മല്യ എഴുതിയ
Hari Shenoy , Who Walked In Front Of The History ( 1849 – 1902 ) എന്ന ഗ്രന്ഥത്തിലൂടെ കടന്നു പോകുകയാണിവിടെ …..
ലക്ഷ്മണ മല്യ നൽകുന്ന അറിവുകളോടൊപ്പം , ഞാൻ കണ്ടെത്തിയ ചില വിവരങ്ങൾ കൂടി നിങ്ങൾക്കായി ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്.
ഗൗഡ സാരസ്വത സമൂഹമായ മട്ടാഞ്ചേരിയിലെ ഒരു കൊങ്കണി കുടുംബത്തിൽ രാമ ഷേണായിയുടെ മകനായി 1849-ൽ ആർ.എസ്. ഹരിഷേണായി ജനിച്ചു .
താൻ ഉൾക്കൊള്ളുന്ന സമൂഹത്തിൻ്റെ ഉന്നമനത്തിനായി ജീവിതം ഒഴിഞ്ഞു വെച്ച ത്യാഗിയാണ് ഹരി ഷേണായി . ഹരി ഷേണായിയെ കുറിച്ചു മറന്നു തുടങ്ങിയ പുതിയ തലമുറക്ക് അദ്ദേഹത്തിൻ്റെ ജീവിതം ഓർമ്മപ്പെടുത്തി
പരിചയപ്പെടുത്തുകയാണ് ലക്ഷ്മണ മല്യ ഈ ഗ്രന്ഥത്തിലൂടെ .
ഹരി ഷേണായിയുടെ ബന്ധുക്കൾക്ക് പോലും അദ്ദേഹത്തിൻ്റെ ജീവിതവും സംഭവങ്ങളും അറിയില്ലെന്ന വിവരം സങ്കടത്തോടെ മനസ്സിലാക്കിയ കൊച്ചിയുടെ കലാകാരനായ ദിനേഷ് ഷേണായിയാണ് ഇത്തരമൊരു രചനയുടെ ആവശ്യകതയെ കുറിച്ച് ലക്ഷ്മണ മല്യയെ ബോധ്യപ്പെടുത്തിയത് .
ഹരി ഷേണായിയുടെ ചരിത്രം എവിടെ നിന്നു തുടങ്ങണം എന്ന ചിന്തയാൽ ലക്ഷ്മണ മല്യ സംശയിച്ചു നിൽക്കുമ്പോഴാണ് കൊങ്കണി എഴുത്തുകാരിയും , കൊച്ചിയിലെ പൊതുപ്രവർത്തകയുമായ സുശീല ത്രിവിക്രമ ഭട്ട് – ൻ്റെ ശേഖത്തിൽ നിന്ന് നാടൻ പാട്ടുകളുടെ ഒരു സമാഹാരം ലഭിക്കുന്നത് . അത് എഴുതിയത് ഹരി ഷേണായിയുടെ അച്ഛൻ്റെ മൂത്ത സഹോദരനായ ജനാർദ്ദന ഷേണായിയുടെ പേരമകളായ അമുലക്ക ഷേണായി ( amulakka shenoy) ആണ് .
നാടൻ പാട്ടുകളുടെ ആ സമാഹാരത്തിൽ ഒരു പാട്ട് ഹരി ഷേണായിയുടെ
സുന്ദരിയായ ഏക മകൾ “മിൻപുത്തലി”
( min puthali ) യെ കുറിച്ചായിരുന്നു . ഈ പേര് ഒരുപക്ഷെ ബാല്യത്തിൽ വീട്ടിൽ ഓമനിച്ചു വിളിച്ചിരുന്ന പേരായിരിക്കാം . കൊങ്കണി ഭാഷയിൽ “മിൻ പുത്തലി ” എന്നാൽ ” കൊച്ചു സ്വർണ്ണ നാണയം ” എന്നാണ് .
ഹരി ഷേണായിക്ക് ഒരാൺകുഞ്ഞ് ജനിച്ചു…..
കൊച്ചി തിരുമല ദേവസ്വം താന്ത്രികാചാര്യനും, മുഖ്യ അർച്ചകനുമായ
ശ്രീകൃഷ്ണ ഭട്ട് – ൽ നിന്നും ലഭിച്ച ചില വിവരങ്ങൾ കൂടി ലക്ഷ്മണ മല്യ ഇതിൽ പങ്കു വെക്കുന്നു .
ഹരി ഷേണായിക്ക് ജനിച്ച ആൺ കുട്ടിയുടെ പേരിടൽ ചടങ്ങ് അദ്ദേഹം വലിയ ആഘോഷത്തോടെ തന്നെ നടത്തി.
വജ്രങ്ങൾ, രത്നങ്ങൾ തുടങ്ങി വിലയേറിയ കല്ലുകൾ പതിച്ച സ്വർണ്ണ നക്ലേസ് അഥവാ നക്ഷത്രമാല അദ്ദേഹം കുട്ടിയെ അണിയിച്ചു . പക്ഷെ ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല കുഞ്ഞായിരിക്കുമ്പോൾ തന്നെ മകൻ മരിച്ചു. മകൻ്റെ മരണം അദ്ദേഹത്തെ ഏറെ ദുഖിതനാക്കി . പിന്നീട് അദ്ദേഹം കുട്ടിയെ അണിയിച്ച നക്ഷത്രമാല കൊച്ചി തിരുമല ദേവസ്വത്തിന്റെ അധിപന് സമർപ്പിച്ചു .
ഇന്നും പ്രത്യേക അവസരങ്ങളിൽ ദേവനെ ഈ നക്ഷത്രമാല കൊണ്ട് അലങ്കരിക്കാറുണ്ട്. മാലയുടെ മൂല്യം വിലമതിക്കാനാവാത്തതാണ് . ചരിത്രത്തിൻ്റെ ഭാഗമായി മാറിയ ഈ മാലയുടെ ഇന്നത്തെ മൂല്യം അതിന്റെ യഥാർത്ഥ മൂല്യത്തേക്കാൾ എത്രയോ
ഇരട്ടിയായിരിക്കും .
ഹരി ഷേണായിയുടെ മകളുടെ വിവാഹം …..
ശൈശവ വിവാഹത്തിൻ്റെ കാലമാണ് . ചെറുപ്രായത്തിലെ തന്നെ തൻ്റെ ഏക മകൾ “മിൻ പുത്തലിയെ” ഹരി ഷേണായി വിവാഹം ചെയ്തയച്ചു. മകളുടെ വിവാഹം വലിയ ആഘോഷങ്ങളോടെ തന്നെ അദ്ദേഹം നടത്തി. മട്ടാഞ്ചേരിയിലെ അദ്ദേഹത്തിൻ്റെ ബംഗ്ലാവിൻ്റെ മുൻവശത്ത് നിന്നാരംഭിച്ച് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് ശ്രീ വെങ്കിടേശ സേവ സമിതി കെട്ടിടം സ്ഥിതി ചെയ്യുന്നിടം വരെ ഏകദേശം 200 മീറ്റർ ദൂരത്തിൽ കല്യാണ പന്തലിട്ടു .
അമലുക്ക ഷേണായിയുടെ വിവരണ പ്രകാരം ഹരിഷേണായിയുടെ മകളുടെ സുഹൃത്തുക്കളായ എല്ലാ പെൺകുട്ടികൾക്കും രത്നങ്ങളോ മുത്തുകളോ പതിച്ച ‘കേദക് ‘ (kedak) എന്ന് പേരുള്ള ആഭരണങ്ങൾ നൽകി. വിവാഹ വിരുന്ന് ഒരുക്കുന്നതിനായി ചുറ്റുപാടുമുള്ള കെട്ടിടങ്ങൾ ധാന്യ ചാക്കുകൾ കൊണ്ട് നിറഞ്ഞു . വിവാഹ സൽക്കാരത്തിനായി ഒമ്പത് തരം ധാന്യങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു.
ചാർപ്പത്കർ ( charpatkar’s) എന്ന ഒരു സംഘമാണ് ബാൻഡിന് നേതൃത്വം നൽകിയത് . വരന് കൈകളിൽ ധരിക്കാൻ, കടുവ തലയുടെ രൂപം കൊത്തിയ സ്വർണ്ണ വളകൾ സമ്മാനിച്ചു
മട്ടാഞ്ചേരിയിൽ ജീവിച്ചിരുന്ന ഹരി ഷേണായി എന്ന ധനാഡ്യനെ കുറിച്ച് മേൽ വിവരണത്തിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാകും . ധനാഡ്യൻ എന്നത് പോലെ തന്നെ അദ്ദേഹം ധർമ്മിഷ്ടനുമായിരുന്നു .
ഹരി ഷേണായി മകളെ വിവാഹം ചെയ്തയച്ചത് എറണാകുളത്ത് പുല്ലേപ്പടി പ്രദേശത്ത് താമസിച്ചിരുന്ന ഒരു കുടുംബത്തിലേക്കായിരുന്നു . അവർക്ക് മക്കളുണ്ടായിരുന്നില്ല എന്നതിനപ്പുറം ഹരി ഷേണായിയുടെ മകളെ കുറിച്ച് മറ്റൊരു അറിവും ഇന്നാർക്കും ഇല്ല. വിൽപത്രം എഴുതാതെയാണ് ഹരി ഷേണായി മരണപ്പെട്ടത് എന്നതിനാൽ മകൾക്ക് പിതാവിന്റെ ഒരു സ്വത്തും ലഭിച്ചില്ല.
1902- ൽ ഹരി ഷേണായി മരണപ്പെട്ടു .
അക്കാലത്തെ നിയമപ്രകാരം വിൽപത്രം എഴുതിയിട്ടില്ലെങ്കിൽ പൂർവ്വിക സ്വത്തുക്കളിൽ സ്ത്രീകൾക്ക് അവകാശം ലഭിക്കില്ല .
മട്ടാഞ്ചേരിയിലെ ടി.ഡി. ഹൈസ്കൂൾ …….
1887 ( കന്നി ഒന്നിന് ) ഒരു വിജയദശമി ദിനത്തിലാണ് ഇംഗ്ലീഷ് ഭാഷയോടൊപ്പം മലയാളവും കൂടി ഉൾപ്പെടുത്തി
‘തിരുമല ദേവസ്വം വിദ്യാശാല’ എന്ന പേരിൽ ഒരു Anglo – Vernacular സ്ക്കൂൾ ആരംഭിക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറ ഭാഗത്തുള്ള അന്നത്തെ ഊട്ടുപുരയ്ക്ക് സമീപത്തായി സ്ക്കൂൾ ആരംഭിച്ചു . സ്ക്കൂളിനെ കുറിച്ച് പറയുമ്പോൾ നവോത്ഥാന നായകൻ , മനുഷ്യസ്നേഹി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗക്കാരനായ
ശ്രീ. ആർ.എസ്. ഹരിഷേണായിയുടെ വിലയേറിയ ഉപദേശനിർദ്ധേശങ്ങളും , നേതൃത്വവും പരിശ്രമവും എടുത്തു പറയാതെ പോകാനാവില്ല.
ആർ.എസ്. ഹരി ഷേണായിയോടൊപ്പം ആർ. ബാപ്പുല ഷേണായി , ബി. കൃഷ്ണ കമ്മത്ത് , എം. യോഗ്യ പൈ , വി. സുബ്രായ പൈ എന്നിവരുടെ സാന്നിദ്ധ്യവും കൂടി ഈ സ്ക്കൂൾ സ്ഥാപിക്കപ്പെട്ടതിന് പിന്നിലുണ്ടായിരുന്നു . സത്യത്തിൽ ഇവരായിരുന്നു ടി.ഡി. ഹൈസ്‌കൂളിന്റെ പൂർവ്വികർ എന്നു പറയാം
അന്നത്തെ കൊച്ചിൻ എജ്യുക്കേഷണൽ നിയമം അനുസരിച്ച് സ്ക്കൂൾ നടത്തിപ്പിനായി രൂപീകരിച്ച അഞ്ചംഗ സമിതിയുടെ പ്രസിഡന്റായി
ശ്രീ. ആർ.എസ്. ഹരി ഷേണായിയെ തെരഞ്ഞെടുത്തു.
ജാതി – മത ചിന്തകളില്ലാതെ എല്ലാ വിഭാഗം കുട്ടികളെയും ഒരുമിച്ചിരുത്തി ഉച്ചഭക്ഷണം നൽകിയതും വിഭാഗീയ ചിന്തകളില്ലാത്ത പരിഷ്കർത്താവ് ആർ.എസ്. ഹരി ഷേണായിയുടെ ശ്രമ ഫലമായാണ്. അക്കാലത്ത് കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകിയിരുന്നത് തിരുമല ദേവസ്വം ക്ഷേത്രത്തിൽ നിന്നാണ് അതു കൊണ്ടു തന്നെ സമുദായത്തിനിടയിൽ ഈ സ്ക്കൂളിന് ‘ ധർമ്മ സ്ക്കൂൾ ‘ എന്നൊരു വിളിപ്പേര് കൂടിയുണ്ടായിരുന്നു
വലിയമ്പലം ( തിരുമല ദേവസ്വം ക്ഷേത്രം ) ചെമ്പ് മേയുന്നു ……
ഗൗഡ സാരസ്വത ബ്രാഹ്മണരുടെ കൊച്ചി തിരുമല ദേവസ്വം ക്ഷേത്രം അഥവാ വലിയമ്പലം മേൽക്കൂര ചെമ്പ് മേഞ്ഞത് ഹരി ഷേണായിയുടെ കാലത്താണ് .
ഒരുപക്ഷെ ഇതേ കാലത്ത് തന്നെയാവണം കൊച്ചിയിലെ മുസ്ലിം പള്ളിയായ കൊച്ചങ്ങാടി മുസ്ലിം ജമാഅത്ത് പള്ളി ചെമ്പ് മേഞ്ഞതും , പിന്നീട് ചെമ്പിട്ട പള്ളി എന്നറിയപ്പെട്ടു . ചെമ്പ് മേയാൻ രണ്ട് ആരാധനാലയങ്ങൾക്കും രാജാവ് ഒരേ സമയം അനുമതി നൽകിയതാവണം .

വലിയമ്പലത്തിലെ വലിയ മണി…..
ക്ഷേത്രത്തിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ കൂറ്റൻ വെങ്കല മണിയാണ്, ഏകദേശം ഏഴടി വ്യാസവും , ആറടി ഉയരവും , മൂന്നിഞ്ച് കനവും , മൂന്ന് ടൺ ഭാരവുമുണ്ട് . ചരിത്രപരമായി, ഈ മണിയുടെ മണിനാദം വിദൂര പ്രദേശങ്ങളിൽ നിന്ന് പോലും കേൾക്കാമായിരുന്നു, ഇത് അതിന്റെ അതിശയിപ്പിക്കുന്ന കരകൗശല വൈദഗ്ധ്യവും പ്രാധാന്യവും അടിവരയിടുന്നു . ഇത് സ്ഥാപിക്കുന്ന കാലത്ത് മട്ടാഞ്ചേരിയിലെ ഈ കൂറ്റൻ മണിയോളം വലിയൊരെണ്ണം ഏഷ്യയിൽ മറ്റൊന്നില്ലായിരുന്നു.
1882 -ൽ Jhon warnor & sons ഇംഗ്ലണ്ടിൽ നിർമ്മിച്ചതാണ് ഈ കൂറ്റൻ മണി . മണികൾ നിർമ്മിക്കുന്നതിൽ ലോകത്ത് തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാപനമായിരുന്നു ഇംഗ്ലണ്ടിലെ Jhon warnor & sons .1788 – ൽ വാർണർ മണികൾ നിർമ്മിക്കാൻ തുടങ്ങി,
1924 -ൽ മണി നിർമ്മാണം കമ്പിനി നിർത്തി , 1949 Jhon warnor & sons എന്ന സ്ഥാപനം പൂർണ്ണമായും നിലച്ചു . ലോകത്ത് പല സ്ഥലങ്ങളിലും Jhon warnor & sons – ൻ്റെ മണികൾ സ്ഥാപിക്കപ്പെട്ടു , ഇന്നും പലയിടങ്ങളിലും അത് മുഴങ്ങുന്നു .
വാർണേഴ്‌സിന്റെ ടെലിഗ്രാഫിക് വിലാസം “ബിഗ് ബെൻ, ലണ്ടൻ ” എന്നതായിരുന്നു .
ലണ്ടനിൽ നിന്നും കടൽ കടന്നു മട്ടാഞ്ചേരിയിലെത്തിയ ഈ കൂറ്റൻ മണി
ഹരി ഷേണായിയുടെ ഓർമ്മയ്ക്കായി ഇന്നും നിലകൊള്ളുന്നു. അദ്ദേഹമാണ് ഈ മണി നിർമ്മിക്കാനും അതിവിടെ സ്ഥാപിക്കാനും മുൻകൈയ്യെടുത്തത് . പൂജാ സമയത്ത് മാത്രമേ മണി മുഴങ്ങുകയുള്ളൂ. ആരെങ്കിലും ദുരുപയോഗം ചെയ്താൽ അയാൾ ശിക്ഷിക്കപ്പെടുമായിരുന്നു . എന്നാൽ സമൂഹത്തിന് ഒരു പ്രതിസന്ധി സൂചിപ്പിക്കാൻ, ഈ മണി മുഴക്കാൻ കഴിയും.
കൊച്ചി തിരുമല ദേവസ്വം ക്ഷേത്രത്തിൽ AD 1599 ൽ വെങ്കിടാചലപതി പ്രതിഷ്ഠയ്ക്ക് മുൻപ് വരെ നാരായണ ദേവരായിരുന്നു പ്രതിഷ്ഠ .1881-ൽ ഹരി ഷേണായിയുടെ മേൽനോട്ടത്തിലായിരുന്നു വെങ്കിടാചലപതിയുടെ മൂന്നാമത്തെ പ്രതിഷ്ഠ നടത്തിയത്. ഹരി ഷേണായി അഡ്മിനിസ്ട്രേറ്ററായിരുന്ന കാലത്ത് അദ്ദേഹം ക്ഷേത്ര പരിസത്ത് കുടിനീര് ലഭിക്കുന്നതിനായി ഏഴോളം കിണറുകൾ സ്ഥാപിച്ചു . ക്ഷേത്രത്തിന് മുൻ വശത്തും, പാണ്ടിക്കുട്ടി , കൂവപ്പാടം , ചിരട്ട പാലം എന്നിടങ്ങളിലും ചുമട് താങ്ങികൾ നിർമ്മിച്ചു . കണ്ണമാലി കണ്ടക്കടവിൽ പട്ടത്തി പറമ്പ് എന്ന സ്ഥലത്ത് അദ്ദേഹം മുൻകൈയ്യെടുത്ത് നിർമ്മിച്ച ഒരു ‘കൊങ്കണി കിണർ ‘ ഉണ്ടായിരുന്നു . ഉപയോഗ്യ ശൂന്യമായ നിലയിൽ അത് ഇപ്പോഴും കാണാം.
കേരള കർഷക വാണിഭ കമ്പിനി ……
സമുദായത്തിൻ്റെ ഉന്നമനം ലക്ഷ്യം വെച്ച് ഹരി ഷേണായി വൈക്കത്തിനടുത്ത് 2300 ഏക്കറോളം വരുന്ന ഒരു പ്രദേശം വിലക്കെടുത്തു. നാളികേര കൃഷി , നെൽകൃഷി എന്നിവ തുടങ്ങുകയായിരുന്നു ലക്ഷ്യം . ‘കേരള കർഷക വാണിഭ കമ്പിനി ‘ എന്ന പേരിൽ ഒരു സൊസൈറ്റി ആരംഭിച്ചു . തൻ്റെ പല സ്വത്തുവകകളും പണയപ്പെടുത്തിയായിരുന്നു ഈ ഉദ്യമത്തിന് അദ്ദേഹം പണം കണ്ടെത്തിയത് .
ഹരി ഷേണായി പിന്നീട് കടുത്ത സാമ്പത്തിക പ്രയാസത്തിലേക്ക് എത്തപ്പെട്ടു . വളരെ ധനാഡ്യനായിരുന്ന മനുഷ്യൻ , ആരെയും സഹായിക്കുവാൻ ഒട്ടും മടിക്കാത്ത ആ വ്യക്തിത്വം തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പു കുത്തി . അപ്പോഴേക്കും കടുത്ത മാനസികവ്യഥ അദ്ദേഹത്തെ പിടി കൂടി കഴിഞ്ഞിരുന്നു. 1902 – ൽ തൻ്റെ അമ്പത്തി മൂന്നാമത്തെ വയസ്സിൽ , ഒരു മനുഷ്യനു തൻ്റെ ആയുസ്സിൽ ചെയ്തു തീർക്കാൻ കഴിയാത്തത്ര ദൗത്യങ്ങൾ നിർവ്വഹിച്ച് ഈ ലോകത്ത് നിന്നും എന്നന്നേയ്ക്കുമായി യാത്രയായി ..
