ഒരിക്കലും നിലച്ചിടാതുറക്കെ
നീ… കുതിക്കണം
അമരഹൃദയമൂർജ്ജമാക്കി
അവനിതന്നിലുയരണം
അടിച്ചമർത്തലവഗണിക്കു-
മാളുകൾക്കു മുന്നിലായി
അടിമമാനസം തകർക്കു
മാത്മസത്യമറിയണം
ചൂഷണക്കൂരമ്പുകൾ തൻ
മുനയടിച്ചൊടിയ്ക്കണം
കാരിരുമ്പിൻ ചങ്ങല
ത്തളപ്പറുത്തെറിയണം
വേട്ടനായ്ക്കളെതിരിടുമ്പോൾ
വേദന മറക്കണം
ദ്വേഷസാഗരത്തിരയ്ക്ക്
തടയണയൊരുക്കണം
കൽത്തുറുങ്കിരുട്ടിലും നീ
ദീപമായ് ജ്വലിക്കണം
അക്ഷരങ്ങൾ നേരിലേക്കു
പാലമായ്പ്പണിയണം
ആശയത്തെയാത്മമായ്-
പ്പുണർന്നു നേരെനീങ്ങണം
സങ്കടത്തലയ്ക്കുമേലെ
പുഞ്ചിരിപൊഴിക്കണം
മണ്ണിനെന്നും മധുരമൂറും
നന്മതന്നെയേകണം
ജീവനുള്ള നാൾ വരേക്കും
തലയുയർത്തിനിൽക്കണം

By ivayana