കിഴക്കിനിയിലെ കിണറിന്റടുത്ത്
കണ്ണാം തൊടിയിലെ പക്ഷി
എന്നും വെള്ളം കുടിക്കാൻ വരും.
ഞാനാണെങ്കിൽ പട്ടുപാവാടയിട്ട
കൈതപ്പൂവിന്റെ മണമുള്ള പെൺകിടാവ്.
ഒരു ദിവസം പക്ഷി എന്നെ നോക്കി പുഞ്ചിരിച്ചു.
എന്നും വരാറുള്ള പക്ഷിയോട് എനിക്ക് അതിഭയങ്കരമായ പ്രണയം.
പക്ഷി പേരു പറയാതെ കടന്നു കളയും.
മുത്തശ്ശി പറഞ്ഞു.
അത് ചാത്തനാണ്.
നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായി
പക്ഷിയുടെ രൂപത്തിൽ വന്നതാവാം.
ഞാനാ പക്ഷിയെ വർഷങ്ങളോളം
കാടും മലയും കടന്നന്വേഷിച്ചു.
അതുപോലൊരു പക്ഷിയെ മറ്റെവിടെയും
കണ്ടില്ല.
വർഷങ്ങൾക്കിപ്പുറം മുത്തശ്ശിക്കഥയിലെ
രാജകുമാരൻ
ഞാൻ കണ്ട പക്ഷി!
ഒറ്റമരച്ചില്ലയിലിരുന്ന് വേവ് തിന്നുന്നു.
വേനലിറങ്ങിപ്പോയതറിയാതെ
ഞാനാ പക്ഷിയെയും കണ്ണെടുക്കാതെ
നോക്കി നിൽക്കുന്നു.
പക്ഷി പറഞ്ഞു.
നീ കാണാതിരിക്കുമ്പോൾ ഞാൻ ചാത്തനും
കാണുമ്പോൾ ഒറ്റ മരച്ചില്ലയിലെ പക്ഷിയുമായി മാറും.
ഞാൻ പതുക്കെ പറഞ്ഞു.
എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണ്.
പറയാൻ തുടങ്ങും മുന്നേ നീ പറന്നു പോയി.
ഞാനെന്ത് ചെയ്യാനാണ്?
പക്ഷി വീണ്ടും പറയുന്നു.
നിന്നോടുള്ള പ്രണയം ഒരിക്കലും തീരാതിരിക്കുവാൻ
ഞാൻ പല വേഷങ്ങളിൽ പല ഭാവങ്ങളിൽ
നിനക്കുള്ളിൽ
പക്ഷിയായും പ്രാണനായും
ഉണ്ടാവുമ്പോൾ നീയെന്തിനാണ്
മറ്റെവിടെയൊക്കെയോ
എന്നെ തിരയുന്നത്…..

By ivayana