രചന : ജോൺ കൈമൂടൻ. ✍️
കൊന്നയല്ലേ, മരംപൂക്കാതിരിക്കുമോ?
പൂവന്നതല്ലെ, കണിവെക്കാതിരിക്കുമോ?
വെള്ളരിസ്വർണ്ണമായ് തന്നതല്ലേനിറം?
വെള്ളരിയുള്ളകണി വെക്കാതെയാകുമോ!
കണ്ണിനുകണ്ണായ കണ്ണന്റെകാർവർണ്ണ-
കായംമിനുങ്ങുന്ന രൂപവുംദൃശ്യമാം,
കിണ്ണത്തിൽചിട്ടക്കടുക്കിയാ ഫലഗണം
കണ്ണുതുറക്കവേ കാണുമാറാകണം.
മേടമല്ലേ ചൂടതില്ലാതിരിക്കുമോ?
മോടിയിൽകണ്ടകണിയിൽ കുളിരായില്ലേ.
വേണുനാദത്തിൻ ഒലിതന്നലകളെ
കേണുഞാൻനില്കുന്നു കാതോർത്തുനമ്രനായ്.
മേടംപുലർന്നതല്ലോ മാനംപ്രസന്നം
നേരംപുലർന്നതാൽ അർക്കനുംശോഭിതം
പേരക്കിടാങ്ങളും നേരവുംസ്മേരമായ്
മേടപ്പുലരിയിൽ തങ്കക്കിരണങ്ങൾ!
തുട്ടുനിറഞ്ഞൊരു തട്ടത്തിൽലക്ഷ്മിയും
തുട്ടുതരും തിട്ടമായിട്ടു മുത്തച്ഛൻ
കണ്ണടച്ചാനയിച്ചീടുവാനമ്മയും
തുട്ടുകൾകിട്ടണം കട്ടായമായിട്ടും.
മേടംപിറന്നൂ, വിഷുവണഞ്ഞൂ നൂനം;
വിഷുവന്നതല്ലേ, കണിവെക്കാതെയാകുമോ?
കണിവെച്ചതല്ലെ, കണികാണാതെയാകുമോ?
കണികണ്ടതല്ലെ, ഗുണമണയാതെയാകുമോ!!!
