രചന : റുക്‌സാന ഷമീർ ✍️
ജീവിതമെന്നത് അത്രമേൽ പൂത്തു
നിൽക്കുന്ന വസന്തമാണെന്നു
തിരിച്ചറിയുന്നതും,പ്രകൃതിക്ക് അത്രമേൽ
സൗന്ദര്യമുണ്ടെന്ന് മനുഷ്യൻ തിരിച്ചറിയുന്നതും …..
അവന്റെ മരണം പഴുതുകളെല്ലാമടച്ചു കൊണ്ട്…..
ചിലങ്ക കിലുക്കി അരികിലെത്തുന്നു എന്നു തിരിച്ചറിയുമ്പോഴാണ് ….!!
അതുവരേക്കും ……
ഓരോ ദിനങ്ങളും ഓരോ പഴുക്കിലകൾ
പോലെ അലസമായി പൊഴിച്ചു കളയും …….!!
ചുറ്റുമുള്ള കാഴ്ചകളെ ദർശിക്കാൻ
സമയമില്ലാത്ത വിധം കാഴ്ച മങ്ങിയിരിക്കും…!!
സ്വന്തം ഇഷ്ടങ്ങളെ കാതോർക്കാൻ
കഴിയാത്ത വിധം തിരക്കിലായിപ്പോവും ….!!
പ്രിയപ്പെട്ടവരോടുള്ള സ്നേഹപുഷ്പങ്ങളുടെ
സുഗന്ധത്തെ വിരിയിക്കാതെ പൂമൊട്ടുകളാക്കി
ഉള്ളറകളിൽ സൂക്ഷിച്ചു വെക്കും…..!!
കൊഴിഞ്ഞു വീണ ഇന്നലെകളുടെ
നല്ല ഓർമ്മകളെ
ഒന്നു തലോടുവാൻ പോലും നേരമില്ലാതെ
ജീവിതത്തിന്റെ ആവർത്തന വിരസതയിൽ
മുങ്ങിത്താഴുമ്പോഴും നാളെക്കായുള്ള
സമ്പാദ്യങ്ങളെ വാരിക്കൂട്ടി നെഞ്ചോടടുക്കി വെക്കും …!!
അവന്റെ കാഴ്ച തെളിയുന്നത് മരണം
വന്നു തലോടുമ്പോഴായിരിക്കും….!!
അപ്പോൾ …..
എന്തിനായിരുന്നു……
വിടരാനിരിക്കുന്ന നാളെയോടൊപ്പം
സഞ്ചരിച്ച് വർഷ പൂക്കൾ പൊഴിച്ചു
കളഞ്ഞതെന്ന് ഹൃദയം വിലപിക്കും ….!!
നാളെയുടെ പകലുകളെ സ്വപ്നങ്ങളാക്കി …
ഇന്നിനൊപ്പം ജീവിക്കണം
ഇന്നിന്റെ കാറ്റിനൊപ്പം, പകലിനൊപ്പം …..
ഇന്നു വിരിയുന്ന പൂക്കളുടെ സുഗന്ധത്തെ അറിയണം …..!!
ഇന്നു വീശുന്ന കാറ്റിന്റെ തണുപ്പു നനയണം ….
ഇന്നിന്റെ തിരയുടെ സംഗീതം കേൾക്കണം …
ഇന്നിന്റെ പകലിന്റെ ശൃംഗാരം കേൾക്കണം …
ഇന്നിന്റെ പകലിന്റെ സ്പന്ദനങ്ങളെ നഷ്ടമാക്കാതെ ….
ആ പകൽക്കാലത്തിനൊപ്പം സഞ്ചരിച്ച്
അസ്തമയത്തെ വരവേറ്റു കൊണ്ട്…..
രാവിൻ്റെ കരിമ്പടം പുതച്ചുറങ്ങണം …..!!
