രചന : സഫി അലി താഹ. ✍
രണ്ട് ദിവസമായി വല്ലാത്തൊരവസ്ഥയാണ്.ജീവൻ പൊലിഞ്ഞ മനുഷ്യരെ ഓർക്കുമ്പോൾ സങ്കടമാണ്,ഭിന്നിപ്പുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ കാണുമ്പോൾ ആ സങ്കടം ഇരട്ടിച്ചിരുന്നു …..
എന്നാൽ ഇന്ന് ഒരല്പം ആശ്വാസമുണ്ട്,ഭൂരിപക്ഷം മനുഷ്യരും പക്വതയോടെ ചിന്തിക്കുന്നല്ലോ എന്നതിൽ.
കാശ്മീരിന്റെ മണ്ണിൽ നിരപരാധികളുടെ ചോര വീണപ്പോൾ അതിൽനിന്നും ലക്ഷ്യം നേടാൻ ശ്രമിക്കുന്നവരെയും ,മതം നിറച്ച് വർഗ്ഗീയലഹളയുണ്ടാക്കി അതിൽ നിന്നും രക്തം നുണയാൻ കാത്തിരിക്കുന്ന കഴുകൻമാരെയും ഒരുപാട് കണ്ടു. സത്യം വിളിച്ചുപറയുന്നവരെ മതമോ ജൻഡറോ പ്രായമോ നോക്കാതെ തീവ്രവാദി എന്നവർ വിളിച്ചു.
ബഹുമാനത്തോടെ കണ്ടിരുന്ന മനുഷ്യരുടെ ഉള്ളിലെ വിഷത്തിന്റെ ധൂളികൾ തെറിച്ചപ്പോൾ വല്ലാതെ വേദനിച്ചു.
എന്നാൽ ഇന്നലത്തെ യാതൊരു ടെൻഷനും ഇന്നെനിക്ക് തോന്നുന്നില്ല.
സംഘി ക്രിസംഘിജിഹാദികൾ അല്ലാത്ത ഒരാൾ പോലും ഇന്ന് പക്വത വിട്ട് സംസാരിക്കുന്നില്ല. ആഞ്ഞടിച്ച തീമഴകൾ എത്ര പെട്ടെന്നാണ് തണുത്തത്…..!!അതേ ഇത് ഇന്ത്യയാണ്. ഇനി ഇന്ത്യൻ മക്കൾക്ക് ചിന്താശേഷി നശിച്ച് അബദ്ധം പറ്റില്ല.
ഹിന്ദുവിനെയും മുസ്ലിമിനെയും വേർതിരിച്ചെടുത്ത് ജീവനെടുക്കുന്ന പുതിയ ആശയങ്ങൾ ആരുടെയാണ്?
നിരായുധരും നിസ്സഹായരും നിരപരാധികളുമായ മനുഷ്യരെ മതം ചോദിച്ചശേഷം ജീവനെടുത്തു എന്ന വാർത്ത അതീവ ഞെട്ടലോടെയാണ് കണ്ടത്.അത്യന്തം ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അറിയാവുന്നവരായിരിക്കും സൂത്രധാരർ. അവർ ലോക മുസ്ലിങ്ങളെ ഒന്നാകെ പ്രതിസ്ഥാനത്ത് നിർത്തി.ആ കൈചൂണ്ടലുകൾ വെറുതെയല്ല, അനേകം മനുഷ്യരുടെ ഹൃദയത്തിലുണ്ടായ വിള്ളൽ പോലെ ഇന്ത്യയിലും ഉണ്ടാക്കാമെന്ന വ്യക്തമായ ടാർഗറ്റ് തന്നെയായിരുന്നു അത്.
നിങ്ങൾ നോക്കൂ,കാശ്മീരികൾ ഒന്നാകെ വീറോടെ പൊരുതുന്നത്.ദേശീയപാത ഉപരോധിച്ചും പ്രതിഷേധ റാലികൾ സംഘടിപ്പിച്ചും പ്ലക്കാർഡുകൾ കൈയിലേന്തിയും പാകിസ്ഥാനെതിരെ അവർ മുദ്രാവാക്യം വിളിക്കുന്നത്!!.
ജമ്മുവിലെ ഉധംപൂരിൽ പാക് പതാക കത്തിച്ചാണ് പ്രദേശവാസികൾ പ്രതിഷേധിച്ചത്. അവർക്ക് തീത്തുപ്പുന്ന തോക്കുകൾ കണ്ട് മടുത്തിരിക്കുന്നു. അവരുടെ ആവശ്യം ഒന്നേയുള്ളു സമാധാനപൂർണമായ ഒരു ജീവിതം .ഭീകരരെ കണ്ടെത്തി തീർക്കണമെന്ന് ഒരേ സ്വരത്തിലാണ് ഓരോ ജനതയും പറയുന്നത്, അതേ ഓരോരുത്തരും സൈദ് ആദിൽ ഹുസൈൻ ഷാ ആകാൻ ഒരുക്കമെന്ന് വീറോടെ വിളിച്ചു പറയുന്നുണ്ട്.
ചിന്തകൾ നശിച്ച സംഘി ക്രിസംഘി മൗദൂദികൾ വെറുപ്പിന്റെ പശ പടർത്താൻ നോക്കിയിട്ട് അനങ്ങാൻ വയ്യാതെ അതിൽ ഒട്ടിയിരിക്കുന്ന അത്യന്തം ചിരിയുണർത്തുന്ന കാഴ്ചകളാണ് ഇന്നലെ രാത്രി മുതൽ കാണുന്നത്.ഇത് ഇന്ത്യയാണ്, ഇനിയും വെറുപ്പിന്റെ വിത്തുകൾ പടർത്താൻ നോക്കരുത്, അതോന്നും വാഴാത്ത മണ്ണായി അനുഭവങ്ങൾ മാറ്റിയെടുത്തിരിക്കുന്നു.
മേജർ രവിപോലും ചിന്താശേഷി വീണ്ടെടുത്തിരിക്കുന്നു. അല്ലെങ്കിലും ഇന്ത്യക്ക് വേണ്ടി മനസ്സർപ്പിച്ച പട്ടാളക്കാർക്ക് ഭിന്നിപ്പുകൾ ഉണ്ടാക്കുന്നത് പെട്ടെന്ന് തിരിയുമല്ലോ.അദേഹത്തിന്റെ വാക്കുകൾ നൽകുന്നത് കൃത്യമായ വിലയിരുത്തലാണ്, ചൂണ്ടികാണിക്കലാണ്……
ഈ അക്രമത്തിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും കണ്ടെത്തണം. ഇത്രയും തന്ത്രപ്രധാനമായ ഭാഗത്ത് സ്വൈര്യവിഹാരം നടത്താൻ എങ്ങനെയാണ് കഴിഞ്ഞത് എന്നതിലേക്ക് അതിവേഗം എത്തും എന്ന് തന്നെയാണ് പ്രതീക്ഷ.
മതമെന്ന വിഷവിത്ത് വിതക്കാൻ വളക്കൂറുള്ള മണ്ണാണ് ഇന്ത്യ എന്ന് ആരാണ് ഈ ഭീകരന്മാർക്ക് ചെവിയിൽ മന്ത്രിച്ചുകൊടുത്തത് എന്നതിലേക്ക് കാര്യങ്ങളെത്തണം. ഇനിയും നടത്താൻ പ്ലാനുകൾ എന്തെങ്കിലും ഉണ്ടോ എന്ന് ഓരോ ശരീരത്തിലും ഓട്ട വീഴ്ത്തും മുൻപ് ആ തെമ്മാടികളിൽനിന്നും അറിയണം.
തമ്മിലടിപ്പിച്ച് രക്തം കുടിക്കാൻ നോക്കിയവർ കാണുന്നുണ്ടോ, ഓരോ മുറിവുകളും തുടച്ചുനീക്കാൻ മരുന്നുമായി നടക്കുന്ന കാശ്മീരിലെ പാവപ്പെട്ട മനുഷ്യരെ…..
ആ മനുഷ്യരുടെ ഇടപെടലിൽ മാത്രം ജീവൻ തിരികെ കിട്ടിയ, അവർ സംരക്ഷണം കൊടുത്ത് രക്ഷിച്ച മനുഷ്യർ പറയുന്ന വാക്കുകൾ കേൾക്കാൻ നിങ്ങൾക്ക് കാതുകളില്ലേ!!
ഓരോ സഞ്ചാരികളെയും ഇനിയും വരണമെന്ന് കണ്ണീരും കൂപ്പുകൈയോടെയും യാത്രയാക്കുന്ന മനുഷ്യരെ കാണുന്നില്ലേ?
അവരുടെ ജീവിതമാണ് വലുത്,സമാധാനമാണ് വലുത് അല്ലാതെ മതത്തിനും രാഷ്ട്രീയപാർട്ടികൾക്കും വേണ്ടി കൊലവിളി നടത്തുന്നവരെ വലുതാക്കലല്ല…..
തീവ്രവാദത്തിന്റെ പട്ടം ചാർത്തികൊടുത്ത് ഭിന്നിപ്പിന്റ വിരിപ്പ് വിരിക്കാൻ വീറോടെ പ്രവർത്തിച്ച സംഘി ക്രിസംഘി ജിഹാദികളേ,നിങ്ങളുടെ ഉണ്ടയില്ലാവെടികൾ ലക്ഷ്യം കാണുന്നതിന് മുൻപ് ചീറ്റിപോകുന്നു.
ഓർക്കുക,ഇത് ഇന്ത്യയാണ്….. പക്വമായി ചിന്തിക്കാൻ അനുഭവങ്ങൾ പഠിപ്പിച്ച മനുഷ്യരുള്ള ഇന്ത്യ!!…..
നിരപരാധികളായ ഒരു കൂട്ടം മനുഷ്യരുടെ ചോര വീഴ്ത്തി ഉണ്ടാക്കാമെന്ന് കരുതിയ ഭിന്നിപ്പിനെ ചുരുട്ടിയെടുത്ത് ഐക്യത്തിന്റെ തീയിലേക്ക് വലിച്ചെറിയാൻ കെൽപ്പുള്ള ഇന്ത്യ!!
ജീവൻ പൊലിഞ്ഞവരേ,
നിങ്ങളെന്നും ഓർമ്മകളിൽ ജീവിക്കട്ടെ
