രചന : രാജു വിജയൻ ✍️
കണ്ണീരണിയുന്ന സന്ധ്യേ നിനക്കെന്റെ
കരൾത്തുടി കൊണ്ടൊരു പാട്ടൊരുക്കാം..
കാറ്റു കലമ്പണ വഴികളിലൊക്കെയും
കരിമുകിൽ പോലെ ഞാൻ കുളിരു പെയ്യാം..
നിന്നുഷസ്സെത്രയോ കണ്ടവനീയിവൻ
നിന്നുഷ്ണവേനലും കണ്ടുവല്ലോ
നിന്നിലലിഞ്ഞെത്ര പൊൻ കിരണങ്ങളീ
ജന്മത്തീക്കോലം നുണഞ്ഞുവല്ലോ..
നിന്നിലുണർന്നടർന്നുറങ്ങുംവരേക്കുമീ
സ്നേഹിതേ നീയെന്റെ കൂടെയുണ്ടാം..
നീയില്ലയെങ്കിലീ ജന്മം നിരർത്ഥക-
മെന്നോതുവാൻ മടിയില്ല സന്ധ്യേ…
നീയെന്ന സത്യമീ മിഥ്യയിലലിയുവാൻ
മടിയാതെ മിഴി തുടച്ചെത്തീടുക…!
പോക്കുവെയിലെന്നാലുമെൻ മനതാരിലെ
പൂങ്കിനാവിൻ പൊരുളാണ് നീയും…
ദുഃഖതുരുത്തിൽ നീയസ്തമിച്ചീടാതെ, ഈ
ഒറ്റതുരുത്തിൽ നീയുദയമാക..!
ദുഃഖതുരുത്തിൽ നീയസ്തമിച്ചീടാതെ, ഈ
ഒറ്റത്തുരുത്തിൽ നീയുദയമാക..!
കണ്ണീരുണരാത്തൊരീ ശോക ഭൂവിലെ
ചേലെഴും പൂനിലാ സന്ധ്യയാക..!
ഉദയമായുണരുവാനിനിയെന്റെയുള്ളിൽ നീ
പൂമ്പയ്‌തൽ പോലെ നീ ചായുറങ്ങൂ… ഒരു
പൂമ്പയ്തലായി നീ ചായുറങ്ങൂ….