ലോകത്തിൽ തന്നെ അധികമാരും എത്തിനോക്കാത്ത വിഭാഗമാണ്
വിധവകളും അവരുടെ മക്കളും..!
ഒരുപക്ഷെ പാതിവഴി ഒറ്റക്കായി പോകുന്ന ഇവർ അനുഭവിക്കുന്ന അപമാനവും അപവാദവും വിമർശനങ്ങളും മറ്റു മനുഷ്യ ജീവിതങ്ങളെക്കാൾ വിഭിന്നവും മറക്കാനും പൊറുക്കാനും കഴിയാത്തതുമായിരിക്കും.

മാനവ രാശിക്ക് തന്നെ എന്തോ വലിയ തെറ്റ് ചെയ്‌തു തഴയപ്പെട്ട അവസ്ഥയാണ് ഇവരിൽ അധികവും അനുഭവിക്കുന്നത്..
ജീവിതയാത്രയുടെ ഏറ്റവും സുന്ദരമായ സമയത്തു പാതിവഴിയിൽ ഒറ്റക്കായി പോകുന്ന അവസ്ഥ അനിർവചനീയം തന്നെ..
ഭൂമി പിളർന്നു താഴ്ന്നു പോയിരുന്നെങ്കിൽ എന്ന് പോലും ഒരു വേള ചിന്തിച്ചേക്കാവുന്ന അവസ്ഥ..
ഓരോ തേങ്ങലിനും ഓരോ അർത്ഥങ്ങൾ..

തന്റെ ഓരോ കാൽവെപ്പിലും പതിയിരിക്കുന്ന ചതിയുടെയും ഒഴിവാക്കപെടലിന്റെയും വിമർശനത്തിന്റെയും ആഴവും പരപ്പും തിരിച്ചറിയാനാവാതെ ഇരുട്ടിൽ തപ്പി തടയുമ്പോൾ കൈയിലും മനസ്സിലും തടയുന്നതു തന്നെ ചേർന്നു നിൽക്കുന്ന പറക്കമുറ്റാത്ത മക്കളുടെ ജീവന്റെ മണം മാത്രമായിരിക്കും..!
കൂടി നിന്നവർ അവരവരുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും പറഞ്ഞു വഴി പിരിഞ്ഞു പോകുമ്പോൾ പാതി മുറിഞ്ഞ വാക്കുകളിലൂടെ ആശ്വാസം പകരാൻ ജന്മം തന്ന പിതാവും കൂടെ കരയാൻ മാതാവും മാത്രം ബാക്കിയാകും..
‘നീ പേടിക്കണ്ട ഞങ്ങളുടെ മരണം വരെ ഞങ്ങൾ കൂടെയുണ്ടെന്ന’ വാക്കിനോളം ഉൾക്കരുത്ത് പകരാൻ അവനവന്റെ മാതാപിക്കൾക്കല്ലാതെ മറ്റാർക്കും കഴിയും..
വാർദ്ധക്യത്തിന്റെ തുടക്കത്തിലേക്കു
കാലെടുത്തു വെച്ച മാതാപിക്കളെ കണ്ണുനീർ കാണിക്കാതിരിക്കാനേ ഏതൊരു മകളും ആഗ്രഹിക്കൂ..

അവിടെ തുടങ്ങുന്നു രണ്ടാം
ജന്മത്തിന്റെ തിരിച്ചു വരവ്..!!
അതുവരെ ചിരിച്ചു കൂടെ ഉണ്ടായിരുന്ന പലരുടെയും ചിരി മായുകയും രക്തബന്ധങ്ങൾക്കു പോലും നമ്മൾ അന്യരായി തീരുകയും ചെയ്യും..!!
തന്നെയും കുട്ടികളെയെയും സംരക്ഷിച്ച
തന്റെ നല്ല പാതി ഇനി കൂടെയില്ല എന്ന് തിരിച്ചറിയുന്ന നിമിഷം തുടങ്ങും ഇനി മരിക്കണോ ജീവിക്കണോ എന്ന ചിന്ത..?
മരണ ചിന്ത മാറ്റിവെച്ചു ജീവിക്കാൻ ഉറച്ചാൽ ആദ്യം തേടുക തന്റെ മക്കളുടെ
വിശപ്പകറ്റാനുള്ള മാർഗം തന്നെ..
അവിടെ തുടങ്ങും അഗ്നിപരീക്ഷണങ്ങളുടെ പരമ്പര..!

ജീവിക്കാൻ ഉറച്ചു മുന്നോട്ടു വന്നാൽ സംസ്കാരത്തിന്റെയും മതത്തിന്റെയും തറവാടിന്റെയും ആളിക്കത്തുന്ന വലയം ആദ്യം വളയും..
മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വെച്ചാൽ
നമ്മൾ സഹനത്തിന്റെയും
സഹിഷ്ണുതയുടെയും മാലാഖമാർ..!
വെച്ച കാൽ മുന്നോട്ടു തന്നെ ആണെങ്കിൽ അവിടെ തുടങ്ങും സദാചാരലംഘനത്തിന്റെ ആദ്യ പ്രഹരം..
മുന്നിലുള്ളത് ആഴക്കടലാണോ കൂരിരുട്ടാണോ എന്ന് തിരിച്ചറിയാനാകാതെ നിൽക്കുമ്പോൾ ഒരു തരി വെളിച്ചം അവളുടെ ഉള്ളിൽ തെളിഞ്ഞിട്ടുണ്ടെകിൽ തീർച്ച അത് ദൈവസാന്നിധ്യം തന്നെ..!

ആ വെളിച്ചം അവൾ തിരിച്ചറിഞ്ഞാൽ.. മുറുകെ പിടിച്ചാൽ ആ വഴിയിലൂടെയുള്ള യാത്രയാകും അവളുടെ കരുത്തും ആശ്രയവും..
അവിടെ പ്രത്യാശ.. ആത്മവിശ്വാസം..
കരുത്ത് എന്നിവക്ക് അർഥമുണ്ടാകുന്നു..
പ്രതിസന്ധികൾ ഏത് വഴിയിലും നമ്മോടൊപ്പം തന്നെ ഉണ്ട് എന്ന തിരിച്ചറിവ് ആവണം നമ്മുടെ ഉൾക്കരുത്ത്..!
നമ്മൾ എവിടെ ജീവിക്കുന്നു..
ജോലി എടുക്കുന്നു എന്നതല്ല..
നമ്മുടെ മക്കൾക്കൊപ്പമാണ് അല്ലങ്കിൽ അവർക്കു വേണ്ടിയാണു.. പൊരുതുന്നത് എനിക്കു വേണ്ടിയാണ് ജീവിക്കുന്നതു എന്ന് മാത്രം ഓർക്കുക..!!

പൊതു സമൂഹത്തിൽ നിന്ന് കിട്ടുന്ന വിമർശനങ്ങളെക്കാൾ ഒരുപക്ഷെ സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ ഉണ്ടാകും അപഖ്യാതികളും അവഗണയും..
അതുവരെ നല്ലവൾ എന്ന പേരിനൊപ്പം കേൾക്കാത്തതും ആഗ്രഹിക്കാത്തതും ആയ പേരുകളുടെ വൻനിര തന്നെ വരും..
കാവൽ മാലാഖാമാരായെത്തുന്നവർ
പലരും സാഹചര്യങ്ങൾക്ക് അനുസരിച്ചു പിശാചുക്കളായി മാറും..
പ്രത്യേകിച്ചും വിധവയായ ഒരു സ്ത്രീ പ്രതികരിച്ചാൽ പ്രത്യാഘാതങ്ങൾ പല വഴികളിലൂടെയും നമ്മളെ തേടി വരും..
ജീവിതത്തിൽ ഉയരത്തിൽ ഉണ്ടാകുക ഗോസിപ്പുകൾ ആയിരിക്കും..
നെഞ്ചിടിപ്പിന്റെറയും തേങ്ങലിന്റെയും
ശബ്ദം മക്കൾ അറിയാതിരിക്കാൻ രാത്രിയുടെ ഇരുട്ടിനെ ഏറ്റവും അധികം സ്നേഹിക്കുന്ന മറയായി കൂടെ കൊണ്ട് നടക്കുമ്പോഴും ഉറക്കം വരാത്ത രാത്രികളെ ഭയത്തോടെ നോക്കി കിടക്കുമ്പോൾ അവൾ ഉറങ്ങാതിരിക്കുന്നതു കാമത്തിന്റെ ചൂട് അവളെ പിടിച്ചുലക്കുന്നതു കൊണ്ടാണെന്നു എഴുതി ചേർക്കുന്ന സമൂഹമാണ്..!

വിമർശകരും ഈ സമൂഹവും അറിയണം കാമത്തിന്റെ ശക്തിയേക്കാൾ ആ സ്ത്രീയെ നയിക്കുന്നത് സ്വന്തം ആത്മാഭിമാനവും കുഞ്ഞുങ്ങളുടെ വിശപ്പും സംരക്ഷണവും ആണെന്ന്..!
വികാര വിചാരങ്ങൾ ഉള്ള
സ്ത്രീകൾ തന്നെയാണിവരും..
എന്നാൽ.. അവരെ നയിക്കുന്നത്
വിവേകവും തിരിച്ചറിവും ആണ്.
ജോലി സ്ഥലത്തും ജോലി തേടലിലും
അവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ.. ചൂഷണം എല്ലാം ജീവിതത്തിൽ ഉടനീളം തുടരുന്നു..
രക്ഷകരായി നിൽകേണ്ടവർ
കഥകൾ മിനയുന്നു..!
ഇല്ലാതെ കാമുകന്മാരേയും
ജാരന്മാരെയും സൃഷ്ടിക്കുന്നു..!
അവൾ അറിയാതെ അവൾക്കു ഭർത്താക്കൻമാരെ ഉണ്ടാക്കുന്നു..
സഹായമനസ്‌കൃതരുണ്ടെങ്കിലും
ഇവരിലേക്ക് എത്താൻ അവൾ ഭയപ്പെടുന്നു..!

പല പകൽമാന്യതയുടെയും മുഖംമൂടികൾ രാത്രിയിൽ പൊഴിഞ്ഞു വീഴുന്നത് അവളിൽ മാത്രം ഒതുങ്ങുന്നു..
സംരക്ഷിക്കേണ്ട കുടുംബബന്ധങ്ങളിൽ പലരും സമൂഹത്തിലെ പകൽ മാന്യ൯മാരിൽ ചിലരും തക്കം കിട്ടിയാൽ അവളുടെ ശരീരത്തിന്റെ ഉടയാത്ത വടിവിന്റെ അളവും വ്യാപ്തിയുടെയും കണക്കെടുക്കാൻ എത്തും..
തന്റെ വ്യക്തിത്വവും മാന്യതയും
എവിടെയും തിളങ്ങി നിൽക്കാൻ
ഒരു പാവം സ്ത്രീയുടെ സാഹചര്യം
മുതലാക്കി അവളെ അനുഭവിക്കാൻ
വ്യഗ്രത കാട്ടുന്ന കുറച്ചു പുരുഷസമൂഹം.. പലരുടെയും ആയുധം പണം ആണ്..
കൂടെ സഹതാപതരംഗവും..!
യഥാർത്ഥ ഉദ്ദേശം അറിയാതെ സഹായം സ്വീകരിച്ചു.. ആവശ്യം നിരാകരിച്ചാൽ
അവിടെ തുടങ്ങും സഹായമനസ്‌കൃതത്തിന്റെ
യഥാർത്ഥ സ്വഭാവം..

പിന്നെ തന്നതിന്റെയും വാങ്ങിച്ചതിന്റെയും ചതിച്ചതിന്റെയും കണക്കുകളുടെ പരമ്പര..!
അവളെ വിമർശിക്കുമ്പോൾ…
അപവാദപ്രചാരണത്തിനു ശ്രമിക്കുമ്പോൾ..
അവൾ ചെയ്യുന്ന ഓരോ കാര്യത്തിനും
വിരൽ ചൂണ്ടുമ്പോൾ..
ഒരിക്കെലെങ്കിലും അവളെയും
ആ കുടുംബത്തെയും അവളിൽ നിന്ന്കൊണ്ട് ഒന്ന് കണ്ടു നോക്കൂ..
അവിടെ നിങ്ങൾക്ക് അവളുടെ
ശരികളെയും നിങ്ങളുടെ തെറ്റുകളെയും തിരിച്ചറിയാൻ സാധിക്കും..!
അത് സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ
ഒരു യഥാർത്ഥ മനുഷ്യനല്ലാന്നു സ്വയം മനസ്സിലാക്കൂ..!!

സാധാരണയിൽ നിന്നും സാധാരണക്കാരിയായ മനസുമായി ജീവിക്കുന്ന ആ മനസിനേൽക്കുന്ന
ഓരോ മുറിവും ഉണങ്ങാതെ മരണം വരെ അവരെ പിന്തുടരും..
ആ വേദനയുടെ ആഴം അത് അനുഭവിച്ചവർക്കേ മനസ്സിലാകൂ..
ജോലി നഷ്ടപ്പെടുമ്പോഴും
ഇനി എന്ത് എന്ന ചിന്തയിൽ
തകരുന്നതും.. സ്വയം ഉരുകുന്നതും..
ആ വേദനയുടെ ആഴം ഏറെയാണ്..

വിധവകൾക്കും ജീവിക്കാൻ അവകാശമുണ്ട്..
ആ അവകാശം കുടുംബവും സമൂഹവും
അടച്ചിട്ട അതിർ വരമ്പുകൾ ആകരുത്..
അടച്ചതിക്ഷേപിക്കുയും ജീവിതത്തിന്റെ പടുകുഴിയിലേക്ക് പാപികളെ പോലെ എടുത്തിടുകയും ചെയ്യുന്ന ഒരു പറ്റം സ്ത്രീകൾക്ക് വേണ്ടി.. അവർ വിധവകളാവട്ടെ.. തുണയില്ലാതെ
ഒറ്റയ്ക്ക് ജീവിക്കുന്ന മറ്റു സ്ത്രീകളാവട്ടെ.. തുണയുണ്ടായിട്ടും ഒറ്റയ്ക്കായി പോവുന്നവരാവട്ടെ….
അവർക്ക് വേണ്ടി
ഈ എഴുത്തു സമർപ്പിക്കുന്നു..!
സ്വയം തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ്
നമ്മളെ കരുത്തരാക്കുന്നത്..!
ആ അനുഭവങ്ങളാണ് യഥാർത്ഥ ജീവിതം എന്താണെന്നു നമ്മളെ പഠിപ്പിക്കുന്നത്..!!
സ്നേഹപൂർവ്വം റിഷു❤..

റിഷു

By ivayana

Leave a Reply

Your email address will not be published. Required fields are marked *