ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന
NH 66 ആറു വരിപ്പാതയിൽ നിന്ന് ഇരുചക്ര, മുച്ചക്ര, വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഉള്ള പ്രവേശന വിലക്ക് ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണല്ലോ.
എന്തു കൊണ്ട് പ്രവേശന നിരോധനം ആവശ്യമാണ് എന്നതിന്റെ സാങ്കേതിക കാര്യങ്ങളാണ് വിശദീകരിക്കുന്നത്..
സാങ്കേതികമായും സാമൂഹികമായും നിരവധി നന്മകൾ വാഗ്ദാനം ചെയ്യുന്ന ദേശീയപാതയുടെ വികസനങ്ങൾ, ഇന്ന് ഇന്ത്യയുടെ ആധുനികതയുടെ മുഖമായി മാറിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ്,
6 ലെയിൻ നിലവാരത്തിലുള്ള പാതകളിൽ നിന്ന് ബൈക്കുകളും ഓട്ടോ റിക്ഷകളും പോലുള്ള ചെറു വാഹനങ്ങൾ ഒഴിവാക്കുന്നത് ഒരു വിവാദ വിഷയമായത്. എന്നാൽ ഈ നടപടി സുരക്ഷയുടെ കാഴ്ചപ്പാടിൽ നിർണ്ണായകമാണ്.
സുരക്ഷിതയാത്രയ്ക്ക് മുൻതൂക്കം
6 ലെയിൻ പാതകൾ ഉയർന്ന വേഗതയിലുള്ള കാറുകൾക്കും ലോറികൾക്കും മറ്റു വലിയ വാഹനങ്ങൾക്കുമായി നിർമിച്ചിരിക്കുന്നു. ഇവിടെ വാഹനങ്ങൾ സാധാരണയായി 100 കിലോമീറ്റർ (kmph) വേഗതയിൽ സഞ്ചരിക്കുന്നു. ഇതുപോലുള്ള പാതയിൽ 40-60 kmph വേഗതയിൽ സഞ്ചരിക്കുന്ന ബൈക്കുകൾക്കും ഓട്ടോകൾക്കും അപകടം പറ്റുവാൻ സാധ്യത ഏറെയാണ്.ചെറിയ തെറ്റുകൾ പോലും ജീവഹാനിയിലേക്ക് നയിക്കാവുന്ന സാഹചര്യമാണിത്.

ആക്‌സസ് കണ്ട്രോൾ (Access Controlled Highways)
പുതിയ തലമുറ ദേശീയപാതകൾക്ക് ആക്‌സസ് കണ്ട്രോൾ സവിശേഷതയുണ്ട്. അതായത്, ഓരോ ഗതാഗതാവശ്യം നിറവേറ്റാനും, അപകട സാധ്യത കുറയ്ക്കാനും ഇതിന് പ്രത്യേക ഇന്റർ ചേഞ്ചുകളും സർവീസ് റോഡുകളും ആണ് ഉപയോഗിക്കുന്നത്. അതായത് ഒരു ഇട റോഡു പോലും നേരിട്ട് 6 ലേൻ ഹൈവെയിൽ പ്രവേശിക്കുന്നില്ല.
അങ്ങനെയുള്ള എല്ലാ റോഡുകളും സർവ്വീസ് റോഡുകൾ വഴിയാണ് ഹൈവെയിൽ എത്തിച്ചേരുന്നത്.

അതു കൊണ്ട് തന്നെയാണ് ഈ ഹൈവെയിൽ ട്രാഫിക് ലൈറ്റുകൾ ഇല്ലാത്തത്.ഇങ്ങനെ കണ്ട്രോൾ ചെയ്ത പാതയിൽ നിന്ന് ചെറിയ വാഹനങ്ങൾ ഒഴിവാക്കുന്നതിലൂടെ വലിയ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയുന്നു.
വേഗ വ്യത്യാസം കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ
പാതയിലൂടെ സഞ്ചരിക്കുന്ന വലിയ വാഹനങ്ങൾക്കും ബൈക്കുകൾക്കും ഉള്ള വേഗ വ്യത്യാസം വളരെയധികം വലുതാണ് . ഒരു ലോറി 100 kmph വേഗതയിൽ പോകുമ്പോൾ 40 kmph വേഗതയിൽ പോകുന്ന ബൈക്ക് അതിന്റെ മുൻവശത്തായി എത്തുന്ന സാഹചര്യം അപകടത്തിന് വഴിയൊരുക്കും. ഇത്തരത്തിലുള്ള വേഗ വ്യത്യാസം കൂടുമ്പോൾ ഡ്രൈവർമാർക്ക് കൺഫ്യൂഷൻ ഉണ്ടാകുകയും തൽഫലമായി തെറ്റായ തീരുമാനങ്ങളെടുക്കേണ്ടി വരുകയും ചെയ്യുന്നു , അതുവഴി അപകട സാധ്യത വർദ്ധിക്കുന്നു.

സർക്കാർ മാർഗനിർദേശങ്ങൾ
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) 2016-ൽ പുറത്തിറക്കിയ സർക്കുലറിലാണ് രണ്ട് ചക്രവാഹനങ്ങൾ, മൂന്നു ചക്രവാഹനങ്ങൾ, കാൽനട യാത്രികർ, കാള വണ്ടികൾ, സൈക്കിൾ റിക്ഷകൾ,
എന്നിവയ്ക്ക് 6 ലെയിൻ ആക്‌സസ് കണ്ട്രോൾ ഹൈവേയിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത്. ഇത് ദേശീയതലത്തിൽ നടപ്പിലാക്കാൻ നിർദ്ദേശിച്ചിരിക്കുന്നതാണ്.

ഈ വിലക്കിന് പകരമായി,
പാതയുടെ ഇരുവശവും ഉള്ള സർവീസ് റോഡുകൾ വഴി ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്നതാണ്.
ഈ നിയന്ത്രണങ്ങൾ സുരക്ഷിതമായ വഴിയാത്രയ്ക്കും സമയ ലാഭത്തിനും ഇന്ധന ക്ഷമതയ്ക്കും വേണ്ടിയുള്ളതാണ്.
പുതിയ തലമുറ പാതകൾ നമ്മുടെ രാജ്യത്തെ ഗതാഗതത്തിൽ വലിയ പുരോഗതിക്ക് വഴിയൊരുക്കുന്നു. എന്നാല്‍ അതിന്‍റെ മുഴുവൻ ഗുണഫലവും ലഭിക്കുവാൻ സുരക്ഷയും നിയന്ത്രണവും അത്യാവശ്യമാണ് .അതുകൊണ്ടാണ്
6 ലെയിൻ ആക്‌സസ് കണ്ട്രോൾ ഹൈവേകളിൽ നിന്ന് ചെറിയ വാഹനങ്ങളെ ഒഴിവാക്കുന്നത്.

എല്ലായ്പ്പോഴും ഒരു മാർഗം സുരക്ഷിതമാകണമെങ്കിൽ,
ചില നിയന്ത്രണങ്ങൾ വേണ്ടിവരും –
അത് ഓരോ യാത്രക്കാരുടെയും ജീവരക്ഷയ്‌ക്കുതകുന്നതായിരിക്കും.
സംശയമില്ല..

പി. സുനിൽ കുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *