രചന : സഫൂ വയനാട്✍️
ഓർമ്മകൾ വേദനകളാണെന്ന്
നീ പറഞ്ഞതിൽ പിന്നെയാണ്
ഞാൻ ഓർത്തെടുക്കാൻ ഒരോർമ്മ
പോലുല്ല്യാത്ത മനുഷ്യരെ പറ്റി ചിന്തിച്ചത്.
പ്രിയപ്പെട്ടോരേ പോലും ചേർത്ത്
വെക്കാൻ ആവാത്ത, താനാരെന്ന്
പോലും ഓർമ്മല്ല്യാത്ത ആൾക്കാരെ,
അന്നന്നു അപരിചിതത്വത്തിലേക്ക്
ഊളിയിടണോരേ,അവർക്ക് ചുറ്റൂള്ള
വേദനകളെ, പതറിയ നോട്ടങ്ങളെ,
പറിച്ചെറിഞ്ഞാൽ മാറാത്ത നിസ്സഹായതയെ,
അപ്പൊ നിക്ക് സ്‌നേഹിക്കുമ്പോ
ഓർത്തെടുക്കാൻ പാകത്തിന്
സ്നേഹിക്കണോന്ന് പറഞ്ഞു
പഠിപ്പിച്ച ഉപ്പാപയെ ഓർമ്മവരും
ഉമ്മൂമ്മയ്ക്ക് ഓർമ്മല്ല്യാതാവാൻ
തൊടങ്യെപിന്നെ
പതറിപ്പോയ ഉപ്പൂപ്പാനെ,
തിരിച്ചു പിടിച്ചതും
മറവിക്കുപോലും
വിട്ടുകൊടുക്കാത്തതും
ഉപ്പൂപ്പാനോടുള്ള ഉമ്മൂമേടേ
അടങ്ങാത്ത സ്നേഹാണ്ന്ന് ചിന്തിക്കും
ഓർമ്മപോയ ഉമ്മൂമ്മയ്ക്ക്
ചുറ്റുംമാത്രം കറങ്ങിക്കറങ്ങി
ഓർമക്കളായി മാറാനായിരുന്നു
അന്ന് തൊട്ട് ഉപ്പൂപ്പാന്റെ ശ്രമം
എന്നും വൈന്നേരം
ഉമ്മൂമേന്റെ കൈപിടിച്ചു
കവലയിലേക്ക് പോകും,
വഴികളിലെല്ലാം ഓരോ
കഥകൾ ഇറുത്തിടും,
പാട്ടുകൾ പാടും.പൊട്ടിച്ചിരിക്കും…
ആളുകൾ ഉപ്പൂപയ്ക്ക്
വട്ടെന്ന് വിധിയെഴുതിതുടങ്ങി.
വാർധക്ക്യ പ്രണയങ്ങളെ
ആരോചകമായ് കണ്ടവർക്കിടയിലൂടെ
ഉപ്പൂപ ഉമ്മൂമയെ കൂടുതൽ
ചേർത്ത് പിടിച്ചുനടക്കും,
ഉമ്മൂമ്മേൻറെ മരണ ശേഷവും
ആ ശൂന്യതയിലവരെ വരച്ചു ചേർക്കണത്
അതുഭുതത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്.
പോകുന്ന വഴിക്കൊക്കെ കൂടെയുള്ള പോൽ വർത്താനം പറയണത്
പൊട്ടി ചിരിക്ക്ണത്, പെരു മഴേത്ത്
കുടേടേ പാതി നീക്കി വെച്ച് നടക്കണത്
മരണ ശേഷവും ചേർത്ത്പിടിച്ചു
സ്നേഹിക്കണത്…
ചിലരതിനെ
ഭ്രാന്തെന്ന് വിളിച്ചേക്കാം,
അതേ ഭ്രാന്താണ്,
ഒരുതരം ലഹരിയുള്ള ഭ്രാന്ത്.
യഥാർത്ഥ പ്രണയം
അനുഭവിച്ചോർക്ക്
മാത്രം ണ്ടാവണ ഒരുതരം ഭ്രാന്ത്
അല്ലെങ്കിലും അറ്റമില്ലാതെ സ്നേഹിക്കണമെന്ന് സ്നേഹിക്കപ്പെടണമെന്ന്
ആഗ്രഹിക്കണത് അത്യാഗ്രഹോ
ആഡംബരമോ അല്ല,
അതൊരാളുടെ അവകാശമില്ലേ?
അത് നേടിയെടുത്ത മനുഷ്യരെ അടുത്തറിയുമ്പോ അഭിമാനമാണ്
സന്തോഷാണ്..
അതോണ്ട് തന്ന്യാ പ്രണയം
സുന്ദരമാണോന്ന് യ്യ് ഇടയ്ക്കിടെ
ചോദിക്കുമ്പോ ന്റെ ഉപ്പാപയോളം,ഉമ്മൂമ്മയോളം
മനോഹരാന്ന്
ഞാൻ വീമ്പുപറയണത്.❤️🫂