രചന : അഡ്വ: അനൂപ് കുറ്റൂർ✍
കലിയോടുദിച്ചോരു ജ്വാലകൾ
കത്തിപ്പടരുന്നുണ്ടതിവേഗത്തിൽ
കഴമ്പില്ലാതെത്തുന്നോരടരുകൾ
കെട്ടതാണെന്നറിയാതാരാധകർ.
കാലത്തെന്നുമുണരുംകിളികൾ
കലപിലച്ചിലച്ചാലതു രസമാണ്
കാട്ടുപ്പൂഞ്ചോലക്കുമൊരേസ്ഥായി
കാതിന്നിംമ്പമായോരനുരാഗങ്ങൾ.
കാടനും വേടനും ഊരാളികൾക്കും
കാനനസ്സരസ്സിലേ തരംഗമാർന്ന്
കേട്ടുപ്പഠിച്ചാലപിച്ചോരീണങ്ങൾ
കർണ്ണത്തിനരോചകമല്ലൊരിക്കലും.
കാട്ടുക്കുതിരകളോടും കുളമ്പടികൾ
കാറ്റുമൂളുന്ന സീൽക്കാരത്തിലലിയും
കുറുനിരകളിളകും കടലലകൾക്ക്
കർണ്ണാവേശമാകുംകന്ധരമുണ്ട്.
കാലമുദിച്ചോരാദ്യകാലം തൊട്ടേ
കോലങ്ങൾക്കുണ്ടൊരാദിതാളം
കളകളമൊഴുകുമരുവി തന്നീണം
കളരവമൊഴുകുമാ മുരളിയിലും.
കൊടുമുടിയോളം പ്രതിധ്വനിയ്ക്കും
കൊമ്പിലേക്കുയിലോളം മധുരമായി
കീലോലമൊഴുകുമസ്തമിക്കാതെ
കാതിലലയടിച്ചനശ്വരമായൊഴുകും.
കാട്ടിലെ കൂട്ടങ്ങളെത്ര കലിച്ചാലും
കലിതുള്ളിയാടുന്നതിലൊഴുക്കുണ്ട്
കരളുരുകുമൊരാകർഷണത്താലെ
കരിമ്പാകുമതു ; കരിഞ്ചണ്ടിയാകില്ല.
കുരുനരിയോലിയിട്ടാലുമിമ്പമായി
കൂട്ടങ്ങളൊന്നിച്ചാലുമുള്ളോരീണം
കൊക്കുകളുച്ചരിച്ചാലുമലിവായി
കേൾക്കാനുത്തമമീദ്ധോരണികൾ.
കേട്ടുകേട്ടിരുന്നോരാഹ്ലാദത്താൽ
കോട്ടമില്ലാതെടുത്തതേപ്പടിയങ്ങു
കൈമണിശീലുകളായിയൊഴുക്കി
കേകയാടും തളിരായാരാമത്തിൽ.
കാലത്തിലെന്നുമലിയുമാദ്രമായി
കൂടികൂടിവരുന്നോരധിക മർമ്മരം
കീർത്തിയേറിയ ഗാനശാഖിയാൽ
കർണ്ണത്തിനാനന്ദാനുഭൂതിയായി.
കൂട്ടങ്ങൾക്കതു ജീവാതുവായി
കേളികൊട്ടും പുതുമഴയിലായി
കുളിച്ചൊരുങ്ങും പുലർമങ്കകൾ
കാന്തശക്തിയായീ പ്രകൃതിയിൽ.
കലയ്ക്കെന്നുമോരേ കേളീഗൃഹം
കല്പാന്തവാഹിനിയായൊഴുകുന്നു
കളഭാഷിണിയായിയേറെ പ്രിയങ്കരി
കേൾവിക്കിമ്പമാം കുളിർമതിയായി.
കാതരകളാകെപ്പൂശുംതൈലത്താൽ
കലയുടെപ്പരിമളമെങ്ങുംപ്പരക്കും
കാണികളതിലലിഞ്ഞാസ്വദിക്കാൻ
കൈയടിക്കാനുറച്ചുത്സാഹികളും.
കുത്തകപ്പാടമല്ലൊരുവിധകലയും
കുത്തിയനെല്ലു വിതച്ചുകൊയ്യാൻ
കളയല്ലയിതിൽ പതിരു മാത്രമേ
കോട്ടമില്ലാതണിയായിയെന്നും .
കലാവേദിയാണെന്നുമീ പ്രപഞ്ചം
കോലങ്ങളെല്ലാം കലാരൂപങ്ങൾ
കലാധരനേകിയ വരങ്ങളാലെ
കർമ്മത്താലുണ്ടാക്കിയയേകനീഢം.
കേട്ടോരും കണ്ടോരുമാമായയാൽ
കേട്ടുമലിഞ്ഞുമുറങ്ങിയുണർന്നും
കൊട്ടും കടുംത്തുടിയിലാലോലമായി
കുണ്ഠിതമില്ലാതെയന്ത്യമലിയുന്നു.
കൂടെകൂടെയാവർത്തിച്ചാവർത്തിച്ച്
കേട്ടു പാഠമായോരാ നിർവൃതികൾ
കണ്ണിനാലൊപ്പിയെടുത്തോരെല്ലാം
കൃത്യതയോടറിയുംകലാനിധികൾ.
കലിയാവേശത്താലൊരുപ്പോക്കായി
കലാംശമില്ലാത്ത കലാകാരന്മാർ
കലിവേഗമോടുള്ളാരാരവത്താലിന്ന്
കരിന്തിരിയാകുന്നു വേദിയിലാകെ .
