രചന : ശാന്തി സുന്ദർ ✍
കുരുക്കാണ് കയറരുത്
ഞാനൊരു
ദൃശ്യകവിതയുടെ
വാതിൽ തുറന്നിടുന്നു…
കുരുക്കാണ് കയറരുത്.
പ്രിയരേ..
എന്റെ വീട്ടുമുറ്റത്തെ വടക്കേമൂലയിലെ ജാതിമരത്തിലേക്ക് നോക്കൂ …
തണുപ്പ് മൂടിയ ഇലകൾ സൂര്യനെന്ന മദ്യത്തെ
കുടിച്ചു വീർക്കുന്നത് കണ്ടോ..
ഒരു പ്രഭാതത്തിന്റെ ലഹരിയിലേക്കാണ്
അവർ ആഴ്ന്നിറങ്ങുന്നത്.
വലകൊണ്ടൊരു വസ്ത്രം
തുന്നിയെടുത്ത്
ഇരകളെ ഉടുപ്പിച്ച് ചേലെന്ന
അലങ്കാര പദങ്ങളിൽ
നിശബ്ദരായിരിക്കുന്ന ചിലന്തികൾ
എന്റെ വീടിനുള്ളിലെ
ഒരു മൂലയെ അവരുടെ സ്വന്തം
രാജ്യമെന്ന് വിളിക്കുന്നു.
എന്നെ അപരിചിതയെപോലെ
വീക്ഷിക്കുന്നു.
എന്റെ വീടിന്റെ മേൽകൂരയ്ക്ക്
മേലെ മാത്രം വട്ടം ചുറ്റിയ പറവകൾ എന്നോടിന്ന് മിണ്ടാറില്ല.
സ്വന്തം ചിറകിലേക്ക് ഒരാകാശത്തെ കോരിയെടുക്കാൻ ചുറ്റും നോട്ടമിട്ട്
എന്നിൽ നിന്നും അകലുവാൻ
സ്വാർത്ഥമായി പോരാടുന്നത് കണ്ടോ…
അവർ എന്നിൽ നിന്നുമിന്ന് ഏറെ അകലങ്ങളിലാണ്.
ഞാൻ ഒരു കാഴ്ച്ചക്കാരി മാത്രമായി.
ഇതെന്റെ പ്രഭാതത്തിലെ ദൃശ്യം.
ഇനി ഞാൻ നടന്നു കയറുന്നത്
എന്റെ നട്ടുച്ചയിലേക്കാണ്.
ഇവിടെ നിഴലുകളില്ല.
ഭ്രാന്തൻ ചിന്തകളുടെ
വരണ്ട വീട്ടുമുറ്റം കാണാം.
നാലു മൂലയിലെ നാലുമരങ്ങൾ
ഉണങ്ങിയ ചില്ലകൾ
കാറ്റിനോട് അലമുറയിട്ട് കരയുന്നത് കേൾക്കുന്നുണ്ടോ…
എന്നെ കുത്തി നോവിക്കുന്നുണ്ട്
അവർ തന്നെയാണ് എന്നെ
ഭ്രാന്തൻ ചിന്തകളുടെ
മായാലോകത്തേക്ക് കടത്തിവിടുന്നത്.
എന്നെയാരോ… മൂകതയുടെ വിലങ്ങണിയിക്കുന്നു.
എല്ലാം അരികിലെന്ന പോലെ
മിണ്ടുന്ന പാവകൾ!
ഓർമ്മകളിലേക്ക് ചലിക്കുന്ന
വാഹനങ്ങൾ!
ദൃശ്യനായ ദൈവത്തെ ആരോ തടവിലിട്ടിരിക്കുന്ന ഗുഹ!
നൂറ്റാണ്ടുകളുടെ കഥ പറയുന്ന
ഘടികാരം!
കരിങ്കല്ലുകളിൽ കൊത്തി വച്ചിരിക്കുന്ന
അനന്യ ഭാഷ.
എല്ലാം തൊട്ടാരികിൽ എന്നപോലെ
ഇവിടെയാണ് എന്റെയൊരു
ദിനം പതറുന്നത്.
ഇല്ല്യൂഷനുകളുടെ ഭിത്തിക്കുത്തിതുറന്ന്
ഞാൻ പുറത്തേക്ക് കടക്കുന്നത്.
ഇനി എന്നോടൊപ്പം നിങ്ങൾ
യാത്ര തുടരേണ്ടത് എന്റെ സായാഹ്നത്തിലേക്കാണ്.
അതൊരു ഉൾക്കടലാണ്.
ഞാനവിടെ അതിഥിയാണ്.
ജലമവിടെ ചലനമറ്റവളാകുന്നു.
എനിക്ക് ചുറ്റും
ഏകാന്തത നിറയ്ക്കുന്നു.
ഞാനാ…ഉൾക്കടലിൽ അല്പനേരം
ബുദ്ധനെ ധ്യാനിച്ചിരിക്കും.
ആ നേരം എന്നെ മൂടുന്ന
ഇരുട്ട് ഒരു കറുത്ത പക്ഷിയാവും.
ഒരു പുഴുവിനെ
കൊത്തിയെടുക്കുന്ന പോലെ രാത്രിയുടെ ഉടുപ്പിലേക്ക് ഒളിച്ചു കടത്തും.
ഇനി രാത്രിയുടെ സെമിത്തേരിയിലേക്കാണ്
എന്റെ യാത്ര
ദീർഘദൂര യാത്രയാണ്.
ഉറക്കം മരണത്തിന്റെ ആദ്യപാതയാണ്
ഇവിടെയാണ് ഉടലും
ആത്മാവും മുറിയുന്നത്.
നിറയെ പ്രേതവളവുകളുണ്ട്
ജനിക്കാതെ മരണപ്പെട്ട
കുഞ്ഞുങ്ങളുടെ
താഴ്വാരങ്ങളുണ്ട്.
ചാവു നദികളുണ്ട്.
മരണത്തിന്റെ ഒച്ചകളുണ്ട്.
ഉറക്കമെന്ന
മരണത്തിന്റെ ആദ്യപാത
കടന്നു കിട്ടിയാൽ ഞാനും നിങ്ങളും അതിശയത്തിന്റെ
നൂൽപ്പാലത്തിലൂടെ നടക്കും.
കവിതയുടെ തലക്കെട്ടിൽ
വിലക്കിയിട്ടും കയറികൂടിയ എന്റെ പ്രിയ വായനക്കാരെ, നിങ്ങളെ
ഞാനെന്റെ അക്ഷരങ്ങളുടെ നിഴലിലേക്ക്
ഒട്ടിച്ചു വയ്ക്കും.
ഭ്രമമരുത്.
ഉടലില്ലാത്ത ആഭരണമണിഞ്ഞ
ഒരു കറുത്ത രൂപം തിളക്കമുള്ള
ഒരു പച്ചക്കല്ല്
എന്റെ ആത്മാവിന്റെ
മുന്നിലേക്ക് നീട്ടും.
ആ തിളക്കമെന്നെ തൊടുമ്പോൾ
പൊടുന്നനെ ഒരു സ്വപ്ന നഗരം
കണ്ണിൽ തെളിയും.
ഇനിയെന്റെ യാത്ര
ആ നഗരത്തിലൂടെയാണ്…
എന്റെ അക്ഷരങ്ങൾക്ക്
ഇനിയും നിങ്ങളുടെ ഭാരം ചുമക്കാനാവില്ല.
നിങ്ങളെയിവിടെ സ്വതന്ത്രരാക്കുന്നു.
നിറയെ അത്ഭുതങ്ങൾ ഉറങ്ങുന്ന നഗരമാണിത്..
നിറങ്ങൾ കൊള്ളക്കാരാണ്
നിങ്ങളെയവർ അതിശയപ്പിച്ച് വലയിലാക്കാം.
ചിരിക്കുന്ന മാലാഖമാരുണ്ട്
ഒലിവ് പഴങ്ങൾ നൽകി മയക്കി കിടത്തിയേക്കാം.
മിഴികളെ മയക്കുന്ന ആഭരണങ്ങളുണ്ട്
അണിയരുത്. വിലങ്ങുകളാണ്.
നിറയെ വീടുകളുണ്ട് കയറരുത്.
ദൈവമെന്ന് ആഘോഷിച്ചുകൊണ്ട്
കുടിയിരുത്തുന്ന നിഴലുകളുണ്ട്.
എന്നാലും നിങ്ങളിവിടെ സ്വതന്ത്രരാണ്.
നൃത്തം ചെയ്യാം
പാട്ട് പാടാം.
ദേ.. നോക്കൂ..
കവിതയുടെ ഭൂപടം കാണുന്നുണ്ടോ..
എഴുത്തു മുറികളും പുസ്തകപുരകളുമുണ്ട്.
മഹാകവികളൊക്കെ ചർച്ചകളിലാണ്
സംവാദങ്ങളിലാണ്.
തലക്കെട്ടിൽ ഞാൻ വിലക്കിയതല്ലേ…
കുരുക്കാണ് കയറരുതെന്ന്
ഞാനിവിടെ അടിമയാണ്
ഒരേ സമയം വേട്ടക്കാരിയും
ഉടലില്ലാത്ത കറുത്ത രൂപത്തിന്റെ
സ്വപ്ന നഗരത്തിലാണ് നിങ്ങൾ.
പ്രിയരേ നിങ്ങൾ ബന്ധനത്തിലും അക്ഷരപ്പൂട്ടിനാൽ ബന്ധിക്കുന്നു.
പുറത്ത് ഇറങ്ങണമെങ്കിൽ
പുസ്തകമുറിയിലെ
പബ്ലോ നെരൂദയുടെയോ..
രവീന്ദ്രനാഥ ടാഗോറിന്റെയോ…
പുസ്തകത്തിലെ വരികളിൽ
എവിടെയോ ഒളിഞ്ഞിരുപ്പുണ്ട്
അക്ഷരപ്പൂട്ടിന്റെ രഹസ്യതാക്കോൽ
തിരഞ്ഞു കണ്ടെത്തിയാൽ
വാതിൽ തുറന്നു
നിങ്ങൾക്ക് പുറത്തേക്ക്
കടക്കാനാവും.
പ്രിയരേ…പുറത്തേക്ക് കടക്കുക
നിങ്ങളുടെ ആവശ്യമാണ്.
ഞാൻ എന്റെ യാത്രതുടരുകയാണ്.
പുതിയൊരു പ്രഭാതത്തിലേക്ക്..
വിലക്കിയിട്ടും
കവിതയിലേക്ക് ആരെങ്കിലും കയറി വരാൻ
കാത്തു നിൽക്കുന്നുണ്ടെങ്കിലോ?
നബി.. കവിതയിൽ നിന്നും ഇറങ്ങി വരാൻ ഒരു option കൂടെ തരാം 🤗
ചോദ്യം ഒന്ന്.. നഗരം എന്ന വാക്ക് ഈ കവിത യിൽ
എത്ര തവണ
ആവർത്തിക്കപ്പെടുന്നു.?😁
ചോദ്യം രണ്ട്.. എഴുത്താൾ കയറരുതെന്ന് വിലക്കിയിട്ടും
നിങ്ങൾ കയറിയതെന്തിന്?🙄
ചോദ്യം മൂന്ന്.. സ്വപ്നം എന്ന വിഷയത്തിൽ ഒരു വരി കവിത കുറിക്കുക. (സിൽമാ പ്പാട്ട് എടുക്കുന്നതല്ല 😜)
ഉത്തരം പറയണമെന്ന്
നിർബന്ധം ഒന്നും ഇല്ല.
