പ്രിയമുള്ള വാക്കിനാൽ കോർത്തു ഞാനാദ്യമായ്
മുല്ലപ്പൂമണമുള്ള കാവ്യമാല!
മാരിവില്ലഴകാർന്ന ചിത്രങ്ങളൊക്കയും
ചിറകുവിരിച്ചു പറന്നു മെല്ലെ.

ആരോരുമറിയാതെ മാനസച്ചെപ്പിലായ്
താഴിട്ടു പൂട്ടിയടച്ചതല്ലേ!
ആത്മാവിനുള്ളിലെ മധുരാനുഭൂതിയായ്
പൂത്തുവിടർന്നു ലസിച്ചതല്ലേ!

താമരപ്പൊയ്കയിൽ നീരാടി നീയെന്നും
പിരിയാത്ത നിഴലായെന്നരികിലെത്തി
ആലിപ്പഴമ്പോലെ പെയ്തൊരാമഴയിലായ്
ഞാനറിയാതെ നനഞ്ഞു പോയി.

തൂലികത്തുമ്പിലെ വിസ്മയത്തുള്ളിയായ്
അക്ഷരക്കൂട്ടം തുടിച്ചുണർന്നു.
കരളിലായ് കോർത്തുവലിച്ചൊരാ നോവുകൾ
കാച്ചിക്കുറിക്കിക്കുറിച്ചുവെച്ചു.

മോഹവും പ്രണയവും വിരഹങ്ങളൊക്കയും
നീഹാരമുത്തിൽ പൊതിഞ്ഞെടുത്തു.
ഹൃദയമാമാകാശവീഥിയിൽ മധുരമായ്
പൊൻചിലമ്പോടവൾ നൃത്തമാടി.

കളകളം പാടുമരുവിപോലവിരത-
മുള്ളം കവർന്നവൾ നിൽപ്പതുണ്ട്.
മധുവൂറുമോർമ്മകളകതാരിൽ നിറയവേ
മധുരിതം ജീവിതമെന്നു ചൊല്ലാം.

ഏകാന്തതയിലെ മൗനതാളങ്ങളായ്
ആടിത്തിമിർത്തവൾ നിന്നിടുമ്പോൾ
എന്നിലെ നീയായും നിന്നിലെ ഞാനായു-
മെല്ലാം മറന്നു ലയിച്ചിരിപ്പൂ.
✍️

By ivayana