രചന : കമാൽ കണ്ണിമറ്റം✍
തുറിച്ചുന്തിയ കണ്ണുകളയച്ച്
ഭയപ്പെടുത്തുന്നവർ ചുറ്റും !
മനസ്സും ശരീരവും പകച്ച്
വിറച്ചു പോകുന്ന നോട്ടം!
കണ്ണയച്ച്
നോട്ട ശരമയക്കുന്നു ….,
വിരൽ ചൂണ്ടി,
നിസ്സഹായത്തുടിപ്പിൽ
കുത്തുന്നു…,
പൊടിക്കുന്നു
ഹൃദ് രക്തത്തുള്ളികൾ!
ഒരു വിരൽ ചൂണ്ടുന്നു,
മറ്റ് മൂന്നെണ്ണ
മവർക്ക് നേരെ !
അവരുടെ ഹൃദയം തുരന്ന് അവ,
അവരുടെ തന്നെ വേദനച്ചോര പൊടിക്കുന്നു!
ആവേദനക്കിടയിലുമവർ,
അപരൻ്റെ വേദനപ്പുളച്ചിലിൽ
പുളകപ്പെടുന്നു.
അവരുടെ കണ്ണൂനീർ,
ആനന്ദാശ്രുക്കളുടെ പരാവർത്തനത്തുള്ളി
കളാക്കിയൊഴുക്കി വിടുന്നു…
അവരുടെ തുറിച്ച് നോട്ടം
ഒരു നാട്യമാണ്!
തങ്ങളുടെ പൂണ്യാളത്തുടിപ്പിൻ്റെ
അഹംഭാവം നിറയുന്ന നോട്ടം!
“ഞങ്ങൾ എല്ലാം തികഞ്ഞവർ…. നീ……!”
എന്ന ഭാവം!
കിടപ്പറത്തലയിണയിൽ
തിരുകിയ കഞ്ചാവടിച്ച്,
സദാചാരബോധ
മുണർത്തിയവൻ,
ചായക്കടയിലേക്ക്
പോകുന്നവനെ,
തുറിച്ച് നോക്കാൻ
കലുങ്ക് തിണ്ണയിൽ
കുത്തിയിരിക്കുന്നു ….!
തലേദിവസം,
അശ്ലീലതയുടെ
അവിഹിത വേഴ്ചാദൃശ്യങ്ങൾ
മൊബൈലിൽ കണ്ടവനും
അടുത്തിരിപ്പുണ്ട്!
സൈനിക സംഭരണശാലയിൽ
നിന്നും കിട്ടിയ കുപ്പി പൊട്ടിച്ച്
കുടിക്കുന്നവനും,
പങ്കുകാരൻ്റെ വ്യാപാരപ്പണം
കള്ളക്കണക്കിൽ തട്ടിച്ചവനും,
അയൽക്കാരെയും
നാടിനേയും
ഒറ്റിയവനും,
ഉടപ്പിറപ്പിൻ്റെ അവകാശമുതൽ
പറ്റിച്ച് ഒടുക്കിയവനും …..
ഒക്കെയുണ്ടവിടെ!
നാട്ടിലെ
യുവാക്കളെ നയിക്കുവാൻ
പരുത്തി വെള്ള വസ്ത്രം
പശ മുക്കിത്തേച്ച്
അണിഞ്ഞൊരുങ്ങിയ കൂട്ടരും!
തുറിച്ച് നോട്ടപ്പെട്ടവൻ,
ഈ കുത്സിത നിരീക്ഷണങ്ങൾക്ക്
വിധേയരാകേണ്ടത്ര കുറ്റമുള്ളവരും,
ഒറ്റപ്പെടുത്തപ്പെടേണ്ട
വരുമല്ലെന്ന ബോധ്യം
ഇവർക്കൊക്കെ
എന്നു വരുമോ ആവോ!
തുറിച്ച് നോക്കുന്നവർ
ഓർക്കുന്നില്ല…..,
തുറിച്ച് നോക്കപ്പെടുന്നവർക്ക്,
തിരിച്ചും തുറിച്ച് നോക്കുന്നതിനുള്ള
അർഹത അവർക്കെതിരിൽ
തൻ മിഴികളിൽ നിറഞ്ഞിരിപ്പുണ്ടെന്ന്!
തുറിച്ച് നോട്ടക്കാർ
മുമ്പ് തുറിച്ച് നോക്കപ്പെട്ടവരാണെന്നും,
അല്ലെങ്കിൽ, നാളെ
തുറിച്ച് നോക്കപ്പെടുന്നവരാ
കുമെന്നും,
ചിലപ്പോഴവർ
മറ്റുള്ളവരാൽ
തുറിച്ചുനോക്കപ്പട്ടു
കൊണ്ടിരിക്കുന്നു
വെന്നുമുള്ള പരമസത്യം
ഓർക്കാത്ത പാവങ്ങൾ!
കുനിഞ്ഞൊരു കല്ലെടുത്ത്
പാപികളായവരെയെറിയാൻ
ഒരു ത്രാണിയുമില്ലാതെ
കൈവിറയ്ക്കുന്നവർ!
തുറിച്ചുന്തിയ കണ്ണുകളയച്ച്
ഭയപ്പെടുത്തുന്നവർ ചുറ്റും !
മനസ്സും ശരീരവും പകച്ച്
വിറച്ച് പോകുന്ന നോട്ടം!
✍️കാക
🌟🌟🟪