1942 ജൂൺ പതിനാല് ഞായർ !
അന്ന് നിനക്ക് പിറന്നാളായിരുന്നു
ആൻ!
ഒരു ദീർഘദൂരത്തിലേക്ക് സ്വപ്നത്തിൽ നിന്ന് രണ്ട് തുമ്പികൾ
പറന്നു പോകുന്നത് നിങ്ങൾ
കണ്ടിരുന്നോ?
അവരെൻ്റെ പൂക്കളിലെ നനവ്
തൊടാതെയാണ് പോയതെന്ന്
ഞാൻ നിങ്ങളോട് പറഞ്ഞില്ലല്ലോ?
അഗ്നി വിതറിയ ആ കവിതയിൽ
നിന്ന് ഒരു ചൂടെടുത്ത് നീയെൻ്റെ
ചിന്തകളിൽ ഇടാത്തതെന്ത്?
ജീവിതത്തിലെ എൻ്റെ കാട്
പൂക്കാതിരിക്കില്ലെന്നും………
എൻ്റെ പുഴ ഒഴുകാതിരിക്കില്ലെന്നും
നീയെപ്പോഴാണറിയുക?
🌹
ആ തണുത്ത ഇരുട്ടത്ത് ഇരമ്പിയെ –
ത്തുന്ന പോർവിമാനങ്ങളുടെ തീയ്
നിൻ്റെ ചെടികളിലെ പൂക്കളെ
കരിച്ചു കളഞ്ഞില്ലേ ?
സങ്കടങ്ങളുടെ വലിയ കടലുകൾ
താണ്ടുമ്പോൾ നീയെഴുതാൻ
തുടങ്ങിയിരുന്നു !
ആൻഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ” !
നമുക്കിനി സ്വപ്നങ്ങളെ കുറിച്ച്
കവിത കുറിയ്ക്കാനാകില്ല!
നാസികളുടെ കഴുത്തറുത്ത ചോര-
വീഴ്ത്തി നമ്മുടെ ആകാശത്തെ
ചുവപ്പിക്കണം!
കവിതകൾ ചുവന്ന് തുടങ്ങട്ടെ…..!
🌹
ആ തണുത്ത ഇറയത്ത് ശിശിര-
ത്തിലെ ഇല കൊഴിഞ്ഞ മരങ്ങളിലേക്ക് നോക്കുമ്പോൾ
നമ്മൾ പർദ്ദയിട്ട ആകാശത്തെ
കണ്ടിരുന്നില്ല?
1944 ജനുവരി പന്ത്രണ്ട് ബുധൻ –
നിനക്കോർമ്മയുണ്ടായിരുന്നല്ലോ
ആൻ ?
നഷ്ടപ്പെട്ട കിളിയെ ഓർത്ത് നീ
വിഷമിക്കേണ്ടതില്ല!
പാതി വഴികളിൽ കളഞ്ഞിട്ടു പോയ
ആ പഴയ വായനകളെ ഓർത്തെ-
ടുക്കാൻ ഒരു യാത്രയിനിയില്ല?
ശൂന്യമായ എന്തോ ഒന്നിൽ നിന്ന്
ഏകാന്തതയിലേക്ക് പിറവിയെടു-
ത്ത വാക്കിനെ നീ കവിതയെന്നെ –
ഴുതി വയ്ക്കണം!
കരിഞ്ഞ മണമുള്ള വ്യഥകളുടെ മാത്രം!
🌹
പ്രിയ ആൻ…………
നീയിപ്പോഴും എനിക്കൊരു
പാതിരാപ്പറവ🦋
ഞാനിപ്പോഴും നിന്നെ ഓർക്കുന്നു.
ഒലിവിലകളിൽ നീ സ്പർശിച്ച
സമാധാനത്തിൻ്റെ ആ തണുവു –
ണ്ടല്ലോ?
അതാരും കാണാതെ നിലവിളിയ്-
ക്കുന്നുണ്ട്!
എങ്കിലും നീയെനിക്ക് ചൂടു വീണ്
തിളച്ച ഒരു കടൽത്തിര” !
മുറിവേറ്റ് വിതുമ്പി പോകുന്നുണ്ടല്ലോ?
ഹോളണ്ടിലെ ആ മഴക്കാടുകളിൽ
വസന്തത്തിന് പകരം തീ പാറുന്ന
യന്ത്രമുരൾച്ചകൾ………*
നമ്മളിനി ജീവിതത്തിലെ
അത്ഭുതങ്ങളെ കുറിച്ച് സംസാരിക്കില്ല ?
🌹
റെഡ് ബുള്ളറ്റുകളാണ് ജീവിതത്തി-
ൻ്റെ സമാധാനങ്ങളിലേക്ക്
വീണതെന്ന് നീ പറഞ്ഞിരുന്നു.
അപ്പോഴും ഞാൻ നീ തുന്നിയ
വർണ്ണക്കടലാസുകളിലായിരുന്നു….?
ഞാൻ നിനക്ക് വച്ചിരുന്ന മധുരപല –
ഹാരങ്ങളിൽ മഞ്ഞുകണങ്ങൾ
വീണ് നനഞ്ഞു പോയല്ലോ !!?
നാസികൾ – ഭീകരതയുടെ
അടിവേരുകൾ!
കോൺസട്രേഷൻ കേമ്പുകളിലെ
ഭയപ്പെടുത്തുന്ന വാക്കുകളുടെ
ഞരങ്ങലുകൾ…….
🌹
1942-ജൂൺ പതിനാല് – ഞായർ !
നിനക്കന്ന് പിറന്നാളായിരുന്നു
ആൻ……..
പട്ടം പോലെ തുന്നിയ രണ്ടു
മേഘങ്ങൾക്കിടയിൽ അനുഭവങ്ങ-
ളിൽ നിന്ന് മായാത്ത ഓർമ്മയുടെ
കറുത്ത അക്ഷരങ്ങൾകൊണ്ട്
ഞാൻ നിന്നെ മൂടിയിരുന്നു…..?????
🌹🌹🌹🌹🌹🌹
( ഈ കവിത ആൻ ഫ്രാങ്കിൻ്റെ ദി – സിക്രട്ട് അനക്സിന്
മുന്നിൽ സമർപ്പിക്കുന്നു)
♦️♦️♦️♦️♦️♦️

ബാബുരാജ് കടുങ്ങല്ലൂർ

By ivayana