രചന : രാജു വിജയൻ ✍️
എന്തിനു വെറുതെ നീയെൻ സന്ധ്യയിൽ
പൗർണ്ണമി പോൽ വന്നു…
എന്തിനു നീറും കരൾകൂട്ടിലൊരു
കാറ്റലയായ് തീർന്നു…
എന്തിനു പുലരി ചെന്താമര പോൽ
കണ്ണിനു നിറമാർന്നു…
എന്തിനു പുഴതൻ കൊച്ചോളങ്ങൾ
എന്നിൽ കുടഞ്ഞിട്ടു…
ഞാൻ കിടന്ന പെരുവഴികളിൽ നീ
എന്തിനു കണ്ണായി..
ഞാൻ നടന്ന കനൽ വഴികളിൽ നീ
എന്തിനു കുളിരായി..
ഞാനിരുന്ന കരിവെയിൽ തൊടിയിൽ
എന്തിനു നിഴലായി…
ഞാൻ പറഞ്ഞ പടുവാക്കുകളിൽ
എന്തിനു നിറവായി.. നീ
എന്തിനു നിറവായി…
ഇരുൾ മറഞ്ഞൊരു തണലോരങ്ങൾ
തേടി നടക്കുമ്പോൾ
വിരൽ കുടയാതത്യുഷ്ണത്തിൽ നീ
എന്തിനു കുടയായി…
കനവുകൾ കൊയ്യും പാട വരമ്പിൽ
കൊറ്റി കണക്കേ ഞാൻ
നില കൊള്ളുമ്പോൾ ഇരുണ്ട വാനം
എന്നിലുണരുന്നു..
ചുടു നിണമൊഴുകും ഹൃദയത്തിൽ നീ
പൂക്കൾ ചൊരിയുമ്പോൾ,
കരിഞ്ഞുണങ്ങിയ സ്നേഹപ്പുഴയിൽ
ഞാനെങ്ങിനെ പെയ്തീടും…!
ഞാനെങ്ങിനെ പെയ്തീടും….!!
