രചന : തോമസ് കാവാലം.✍
(ഭാരതാംബയ്ക്കു വേണ്ടി മരിച്ച എല്ലാ ധീര യോദ്ധാക്കൾക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഈ എളിയവരികൾ സമർപ്പിക്കുന്നു.)
ഭ്രാതാക്കളെ!യുവാക്കളേ!!
ഭാരതാംബതൻ മക്കളേ!
സഹിച്ചു നിങ്ങൾ പോരിതിൽ
സഹർഷമോടെ,നാടിന്നായ്!
സഹനമാണു ജീവിതം
സമർപ്പണമോ സ്നേഹമായ്
ജനിച്ച മണ്ണിനായി നീ
മരിച്ചതാം മഹത്വവും.
സഹിച്ചുപോന്ന വേദന
വഹിച്ചു നീ സുധീരമായ്
പറഞ്ഞ വാക്കുപോലെ നീ
അറിഞ്ഞുനൽകി ജീവനും.
അമ്മതന്ന ചോരയാണു
ജന്മദേശഭക്തിയാലെ
പടർന്നുനിൻ സിരകളിൽ
പടയണിക്കു ഹേതുവായ്.
ധീരരായി ധരണിയിൽ
ഭീരുവിന്റെ മാറുകീറി
നിറയൊഴിച്ചു സാഹസം
ഉറച്ച ദേശഭക്തിയാൽ.
ചങ്കുമക്കൾ കുടുംബവും
ചങ്കുസുഹൃത് വലയവും
സങ്കടങ്ങൾ സഹസ്രവും
ചങ്കുനൽകി, മറന്നു നീ.
തലയുയർത്തി നിന്നു നീ
തകർന്നിടാതെ താരമായ്
ഉലകുകണ്ട ധീരരിൽ
ഉയർന്ന ജന്മമാണു നീ.
പഹൽഗാമിൽ,കണ്ടുഞങ്ങൾ
പഹയർതൻ പരാക്രമം
ഇഹത്തിലിങ്ങനെത്രയോ
ഇരകളായ്,പ്രചണ്ഡമായ്.
മർത്യരക്തമാണു ഭൂവിൽ
നിത്യമിറ്റു, മനീഷി നീ!
ധീരനായി വീരനായി
ധരണിയിൽ വിശുദ്ധനായ്.!
നീ ചൊരിഞ്ഞ രക്തമിന്നു
നിലവിളിച്ചു കേൾക്കവേ
നീതിയുള്ള ധീമതികൾ
നമിച്ചു ഹാരമേകിടും.
വന്യചിന്ത വിതച്ചവർ
ജന്മഭൂമി കൊതിച്ചവർ
വളർന്നിഹം കവർന്നിടെ
തളർന്നിടാതെ തുരത്തുക.
ചോരവീഴ്ത്തിയവനിയിൽ
ചുവന്ന മാല്യമായ നീ
സ്ഥിരപ്രതിഷ്ഠ നേടിടും
ചിരം ജനസ്‌മൃതികളിൽ.
